കൊല്‍ക്കത്ത: ഡേറ്റിങ് ആപ്പിന്റെ പരസ്യത്തില്‍ തൃണമൂല്‍ കോണ്‍ഗ്രസ് എം.പി.യായ നുസ്രത്ത് ജഹാന്റെ ചിത്രം ഉപയോഗിച്ചതില്‍ കൊല്‍ക്കത്ത പോലീസ് അന്വേഷണം തുടങ്ങി. നുസ്രത്ത് ജഹാന്‍ സൈബര്‍ സെല്ലിന് നല്‍കിയ പരാതിയെ തുടര്‍ന്നാണ് പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചത്.

കഴിഞ്ഞദിവസമാണ് വീഡിയോ ഡേറ്റിങ് ആപ്പായ ഫാന്‍സിയുവിനെതിരേ നടിയും എം.പി.യുമായ നുസ്രത്ത് ജഹാന്‍ പരാതി നല്‍കിയത്. ഡേറ്റിങ് ആപ്പ് ഫെയ്‌സ്ബുക്കില്‍ നല്‍കിയ പരസ്യത്തില്‍ അനുമതി കൂടാതെ തന്റെ ചിത്രം ഉപയോഗിച്ചെന്നായിരുന്നു പരാതി. പരസ്യത്തില്‍ തന്റെ ചിത്രം ഉപയോഗിച്ചത് ഒരിക്കലും അംഗീകരിക്കാനാകില്ലെന്നും പരാതിയില്‍ പറഞ്ഞിരുന്നു. പരസ്യത്തിന്റെ സ്‌ക്രീന്‍ഷോട്ടുകളും സമര്‍പ്പിച്ചിരുന്നു. 

സാമൂഹികമാധ്യമങ്ങളിലൂടെ മറ്റൊരാള്‍ അറിയിച്ചപ്പോഴാണ് നുസ്രത്ത് ജഹാനും ഫാന്‍സിയുവിന്റെ പരസ്യം ശ്രദ്ധിച്ചത്. ലോക്ക്ഡൗണ്‍ കാലത്ത് വീട്ടിലിരിക്കൂ പുതിയ സുഹൃത്തുക്കളെ ഉണ്ടാക്കൂ എന്നായിരുന്നു നുസ്രത്ത് ജഹാന്റെ ചിത്രത്തിനൊപ്പമുണ്ടായിരുന്ന പരസ്യവാചകം. ഇതോടൊപ്പം ഈ വ്യക്തിയെക്കുറിച്ച് കൂടുതല്‍ കണ്ടെത്തൂ എന്നും ചിത്രത്തിനൊപ്പം നല്‍കിയിരുന്നു. നുസ്രത്ത് ജഹാന്റെ പേരോ മറ്റുവിവരങ്ങളോ പരസ്യത്തില്‍ ഉപയോഗിച്ചിരുന്നില്ല. 

നിമിഷങ്ങള്‍ക്കുള്ളില്‍ സുഹൃത്തുക്കളെ കണ്ടെത്താന്‍ സഹായിക്കുന്ന ആപ്ലിക്കേഷനാണ് തങ്ങളുടേതെന്നാണ് ഫാന്‍സിയുവിന്റെ അവകാശവാദം. ഇതിന്റെ ഹിന്ദി പതിപ്പും ലഭ്യമാണ്. 

Content Highlights: trinamool mp nusrat jahans photo used in video dating app fancyu advertisement