തോപ്പുംപടി: കൈക്കൂലി വാങ്ങുന്നതിനിടെ ട്രാഫിക് പോലീസ് അസി. സബ് ഇന്‍സ്‌പെക്ടറെ വിജിലന്‍സ് കൈയോടെ പിടികൂടി. പള്ളുരുത്തി ട്രാഫിക് സ്റ്റേഷനിലെ എ.എസ്.ഐ. സി.സി. അജിത്കുമാറാ (46) ണ് പിടിയിലായത്. മുളവുകാട് സ്വദേശിയാണ്. എരുമേലി സ്വദേശിയായ വിജയകുമാറിന്റെ പരാതിയിലായിരുന്നു നടപടി. ആലുവഫോര്‍ട്ടുകൊച്ചി റൂട്ടില്‍ സര്‍വീസ് നടത്തുന്ന സ്വകാര്യ ബസില്‍ കണ്ടക്ടറായിരുന്ന വിജയകുമാര്‍ ജോലിക്കിടയില്‍ കാല്‍തെറ്റി ബസില്‍ വീണ് കൈയൊടിഞ്ഞിരുന്നു. കഴിഞ്ഞ ഏപ്രിലിലായിരുന്നു ഈ സംഭവം. 

Bribery
പ്രതീകാത്മക ചിത്രം

ഇതുസംബന്ധിച്ച് ട്രാഫിക് പോലീസ് കേസെടുത്തിരുന്നില്ല. ഇതിനെതിരെ വിജയകുമാര്‍ കോടതിയെ സമീപിച്ചു. സംഭവത്തില്‍ കേസെടുക്കണമെന്ന് കോടതി നിര്‍ദേശിച്ചു. കേസെടുക്കുന്നതിനെക്കുറിച്ച് സംസാരിക്കുന്നതിനായി വിജയകുമാര്‍ ട്രാഫിക് സ്റ്റേഷനിലെത്തി എ.എസ്.ഐയെ കണ്ടു. എന്നാല്‍ പല തവണ കയറിയിറങ്ങിയിട്ടും കാര്യം നടന്നില്ല. കേസ് സംബന്ധിച്ച പേപ്പറുകള്‍ തയ്യാറാക്കുന്നതിന് എ.എസ്.ഐ. പണം ആവശ്യപ്പെട്ടു. ഇക്കാര്യം ചൂണ്ടിക്കാട്ടി പരാതിയുമായി വിജയകുമാര്‍ വിജിലന്‍സിനെ സമീപിച്ചു. 

വിജിലന്‍സ് ഉദ്യോഗസ്ഥര്‍ നല്‍കിയ നോട്ടുകള്‍ ചൊവ്വാഴ്ച വിജയകുമാര്‍ സ്റ്റേഷനിലെത്തി എ.എസ്.ഐക്ക് നല്‍കുകയായിരുന്നു. സമീപത്തുണ്ടായിരുന്ന വിജിലന്‍സ് ഉദ്യോഗസ്ഥര്‍ കൈയോടെ ഇയാളെ പിടികൂടുകയും ചെയ്തു. 

വിജിലന്‍സ് ഡിവൈ.എസ്.പി. എം.എന്‍. രമേശ്, സി.ഐ. കെ.വി. ബെന്നി, എസ്.ഐമാരായ സത്യപ്പന്‍, മനോജ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് എ.എസ്.ഐയെ അറസ്റ്റ് ചെയ്തത്.