തിരുവനന്തപുരം: കൊഞ്ചിറവിള സ്വദേശി അനന്തുവിനെ മൃഗീയമായി കൊലപ്പെടുത്തിയ കേസില്‍ രണ്ടുപേരെക്കൂടി പോലീസ് പിടികൂടി. കൊലപാതകത്തില്‍ പങ്കെടുത്തുവെന്ന് സംശയിക്കുന്ന മേനിലം സ്വദേശി ശരത്, അരശുംമൂട് സ്വദേശി വിപിന്‍ എന്നിവരെയാണ് പിടികൂടിയത്. ഇതോടെ ഈ കേസില്‍ പിടിയിലായവരുടെ എണ്ണം 12 ആയി.

ചെന്നൈയില്‍ ആയുര്‍വേദ തെറാപ്പിസ്റ്റായി ജോലിചെയ്യുന്ന ശരത്തിനെ അവിടെനിന്നാണ് അറസ്റ്റ് ചെയ്തത്. സംഭവശേഷം ശരത്തിനെ ചൈന്നെയിലേക്കുപോകാന്‍ തമ്പാനൂര്‍ റെയില്‍വേ സ്റ്റേഷനിലെത്തിച്ചത് കേസില്‍ പോലീസ് നേരത്തേ അറസ്റ്റിലായ റോഷനാണ്. വിപിനെ പോലീസ് വിളിച്ചു വരുത്തി അറസ്റ്റു ചെയ്യുകയായിരുന്നു.

കൊലപാതകത്തിനുമുന്‍പ് അനീഷ് സംഘടിപ്പിച്ച പിറന്നാളാഘോഷത്തിലും കൊലപാതകത്തിലും ശരത് പങ്കാളിയായിരുന്നു. അക്രമിസംഘത്തിലുണ്ടായിരുന്ന സുമേഷിനെ മാത്രമാണ് ഇനി പിടികൂടാനുള്ളത്.

പൂജപ്പുര, കേശവന്‍നായര്‍ റോഡ് പ്രഭാതത്തില്‍ വാടകയ്ക്കുതാമസിക്കുന്ന നേമം പാപ്പനംകോട് സ്വദേശി കിരണ്‍കൃഷ്ണന്‍(ബാലു-23), പൂജപ്പുര ചിത്രാനഗര്‍ ഗ്രേയ്സ് കോട്ടേജില്‍ വാടകയ്ക്കുതാമസിക്കുന്ന കണ്ണൂര്‍ ചിറയ്ക്കല്‍, പുതിയതെരുവ് ഡി.കെ.ഹൗസില്‍ മുഹമ്മദ് റോഷന്‍(23), കരമന തളിയല്‍ അരശുംമൂട് ശങ്കരവിലാസത്തില്‍ അരുണ്‍ബാബു(22), കരമന അരശുംമൂട്, തമ്പുരാന്‍ ക്ഷേത്രത്തിനുസമീപം കുന്നില്‍മേല്‍ വീട്ടില്‍ അഭിലാഷ്(29), കരമന തളിയല്‍ അരശുംമൂട് ചിത്രാനഗര്‍ അശ്വതി ഭവനില്‍ റാം കാര്‍ത്തിക്(21) എന്നിവരെ ആദ്യം പിടികൂടിയിരുന്നു.

ഇതിനുപിന്നാലെ കൈമനം പുത്തന്‍തോപ്പ് ലക്ഷംവീട്ടില്‍ സഹോദരങ്ങളായ വിഷ്ണുരാജ്(23), വിനീഷ് രാജ്(20), കുഞ്ഞുവാവ എന്ന വിജയരാജ്(20) തിരുവല്ലം സുരഭവനില്‍ ഹരിലാല്‍ നന്ദു(23), കരുമം കിടങ്ങില്‍ വീട്ടില്‍ അനീഷ്(24), കൈമനം സ്വദേശി അഖില്‍ അപ്പു(21) എന്നിവരുടെ അറസ്റ്റ് വെള്ളിയാഴ്ച പോലീസ് രേഖപ്പെടുത്തി.

കുഞ്ഞുവാവയുമായി അനന്തുവിനുണ്ടായിരുന്ന വൈരാഗ്യമാണ് കൊലയില്‍ കലാശിച്ചത്. കൊഞ്ചിറവിള ക്ഷേത്ര ഉത്സവവുമായി ബന്ധപ്പെട്ടു നടന്ന അടിപിടിയാണ് കൊലപാതകത്തില്‍ കലാശിച്ചത്.

കൊലയ്ക്കുശേഷം അക്രമികള്‍ സ്ഥലത്തെത്തിയതായി സൂചന

ചൊവ്വാഴ്ച വൈകീട്ട് നാലരയോടെ തളിയല്‍ അരശുംമൂട്ടില്‍നിന്നു തട്ടിക്കൊണ്ടുവന്ന അനന്തുവിനെ ഏഴുമണിവരെ എട്ടംഗസംഘം മര്‍ദിച്ചു. ഇതിനുശേഷം മടങ്ങിയ ഒരു പ്രതി അനന്തുവിനെ മര്‍ദിച്ച കാര്യം വീട്ടില്‍ പറഞ്ഞു. അനന്തു മരിച്ചതായി സംശയം പ്രകടിപ്പിക്കുകയും ചെയ്തു. തുടര്‍ന്ന് ഈ പ്രതിയും ഇയാളുടെ അച്ഛനും സഹോദരനുംകൂടി സ്ഥലം സന്ദര്‍ശിച്ചതായി സൂചനയുണ്ട്. ഇവര്‍ മരണം ഉറപ്പാക്കിയശേഷം തെളിവുനശിപ്പിക്കാന്‍ ശ്രമം നടത്തിയതായി പോലീസിന് സംശയമുണ്ട്. അനന്തു ധരിച്ചിരുന്ന ഷര്‍ട്ട് കത്തിച്ചനിലയിലാണ് പോലീസിന് ലഭിച്ചത്. മൃതദേഹം പോലീസ് കാണുമ്പോള്‍ ബര്‍മുഡ മാത്രമാണ് അനന്തു ധരിച്ചിരുന്നത്.

പ്രതികള്‍ 14 പേര്‍

കൊഞ്ചിറവിള സ്വദേശി അനന്തു കൊല്ലപ്പെട്ട കേസില്‍ 14 പ്രതികളാണുള്ളത്. ഇതില്‍ 13 പേരുടെ അറസ്റ്റ് പോലീസ് രേഖപ്പെടുത്തി. ഇതില്‍ ഒരാളെ മാത്രമാണ് പോലീസ് പിന്തുടര്‍ന്ന് പിടികൂടിയത്. ചെന്നൈയില്‍ ഒളിവില്‍ക്കഴിഞ്ഞിരുന്ന ശരത്തിനെ മാത്രമാണ് പോലീസ് പിന്തുടര്‍ന്ന് പിടികൂടിയത്. മൂന്നുപേരെ കേസിന്റെ വിശദാംശങ്ങള്‍ ചോദിച്ചറിയാനെന്നുപറഞ്ഞ് വിളിച്ചുവരുത്തി അറസ്റ്റ് ചെയ്യുകയായിരുന്നു. കൊലപാതകത്തില്‍ നേരിട്ട് പങ്കാളികളായവരില്‍ ശരത് ഒഴിച്ചുള്ളവര്‍ പോലീസിന് മുന്നില്‍ കീഴടങ്ങി.

രാഷ്ട്രീയ ഇടപെടലുകളുടെ ഭാഗമായി പോലീസിനു മുന്നില്‍ ഇവരെ ഹാജരാക്കുകയായിരുന്നുവെന്നാണ് ആരോപണം. ചെണ്ടമേളക്കാരനും കേസിലെ പ്രതിയുമായ അരുണ്‍ ബാബുവിനൊപ്പം ചെണ്ട കൊട്ടാന്‍ പോയ മൂന്നുപേരെയും പോലീസ് കേസില്‍ പ്രതിയാക്കിയിട്ടുണ്ട്. അനന്തുവിനെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ച കാര്യം അരുണ്‍ബാബു പോലീസിനോട് വെളിപ്പെടുത്തിയെങ്കിലും തട്ടിക്കൊണ്ടുപോകലിന് പോലീസ് കേസെടുക്കാത്തതില്‍ ദുരൂഹതയുണ്ടെന്നും ആരോപണമുണ്ട്.

Content Highlight: Tow more arrest in Ananthu murder case