ശ്രീകാര്യം(തിരുവനന്തപുരം): വ്യാജ നമ്പറില്‍ ഓടിയിരുന്ന ടോറസ് ലോറി തുമ്പ പോലീസിന്റെ വാഹന പരിശോധനയില്‍ കുടുങ്ങി. പാസില്ലാതെ എം-സാന്റ് കയറ്റിയതിനാണ് ലോറി പിടികൂടിയതെങ്കിലും കൂടുതല്‍ പരിശോധനയില്‍ വാഹനത്തിന്റെ നമ്പറും വ്യാജമാണെന്ന് തിരിച്ചറിയുകയായിരുന്നു. 

എം-സാന്റ് കയറ്റിയതിന് പിടികൂടിയ ലോറി സ്റ്റേഷനില്‍ എത്തിച്ച് രേഖകള്‍ പരിശോധിച്ചപ്പോഴാണ് നമ്പര്‍ വ്യാജമാണെന്നും ലോറി ഓടിയിരുന്നത് ഉള്ളൂര്‍ സ്വദേശിയായ യുവാവിന്റെ ബൈക്കിന്റെ നമ്പറിലാണെന്നും മനസിലാകുന്നത്. ജനുവരി 21-ന് സ്റ്റേഷന്‍ കടവില്‍ വെച്ചാണ് എം-സാന്റ് കൊണ്ട് വന്ന ലോറി പോലീസ് പിടികൂടുന്നത്. പ്രാഥമിക പരിശോധനയില്‍ പാസില്ലാത്തതിനാല്‍ ലോറി പോലീസ് കസ്റ്റഡിയില്‍ എടുക്കുകയും ഡ്രൈവറെ വിട്ടയക്കുകയും ചെയ്തിരുന്നു.

ലോറിയുടെ രേഖകളില്‍ സംശയം തോന്നിയ പോലീസ് ഉദ്യോഗസ്ഥര്‍ മോട്ടോര്‍ വെഹിക്കിള്‍ വിഭാഗവുമായി ബന്ധപ്പെട്ടപ്പോഴാണ് ഇത് ലോറിയുടെ നമ്പറല്ല എന്നറിയുന്നത്. തുടര്‍ന്ന് പോലീസ് കേസെടുത്തു.

മോട്ടോര്‍ വെഹിക്കിള്‍ ഉദ്യോഗസ്ഥര്‍ വാഹനത്തിന്റെ എഞ്ചിന്‍ നമ്പര്‍ ഉള്‍പ്പെടെയുള്ളവ പരിശോധിക്കുമെന്ന് തുമ്പ പോലീസ് പറഞ്ഞു. വ്യാജ നമ്പറില്‍ ഓടിയ ലോറി കുളത്തൂര്‍ സ്വദേശിയായ സി.പി.എം നേതാവിന്റേതാണെന്നാണ് സൂചന. 

Content Highlights: torus lorry and bullet bike have same number plate; police confirmed torus lorry used fake number