കണ്ണൂര്‍: ഒന്നര വയസ്സുകാരനായ സ്വന്തം കുഞ്ഞിനെ അമ്മ കടല്‍ഭിത്തിയില്‍ എറിഞ്ഞ് കൊലപ്പെടുത്തിയ കേസില്‍ പോലീസ് ഇന്ന് കുറ്റപത്രം സമര്‍പ്പിക്കും. കുഞ്ഞിന്റെ അമ്മ ശരണ്യ, കാമുകന്‍ നിധിന്‍ എന്നിവര്‍ക്കെതിരെയാണ് അന്വേഷണ സംഘം കണ്ണൂര്‍ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിക്കുക. രണ്ട് തവണ കടല്‍ഭിത്തിയിലെറിഞ്ഞ് ശരണ്യ കുഞ്ഞിന്റെ മരണം ഉറപ്പാക്കിയെന്നാണ് പോലീസിന്റെ കണ്ടെത്തല്‍. 

ഫെബ്രുവരി 16-നാണ് ശരണ്യ-പ്രണവ് ദമ്പതിമാരുടെ മകന്‍ വിയാന്റെ മൃതദേഹം തയ്യില്‍ കടപ്പുറത്ത് നിന്ന് കണ്ടെത്തിയത്. ഉറക്കികിടത്തിയിരുന്ന മകനെ കാണാതായെന്നായിരുന്നു ദമ്പതിമാരുടെ മൊഴി. എന്നാല്‍ പോലീസ് സംഘത്തിന്റെ 24 മണിക്കൂറിലേറെ നീണ്ട ചോദ്യംചെയ്യലിനൊടുവില്‍ ശരണ്യ കുറ്റം സമ്മതിക്കുകയായിരുന്നു. കാമുകനോടൊപ്പം ജീവിക്കാനായി കുഞ്ഞിനെ കൊലപ്പെടുത്തിയെന്നായിരുന്നു ശരണ്യയുടെ മൊഴി. 

പ്രണവിനൊപ്പം ഉറങ്ങി കിടക്കുകയായിരുന്ന കുഞ്ഞിനെ ശരണ്യ എടുത്തുകൊണ്ട് പോവുകയും കടപ്പുറത്തെ കടല്‍ഭിത്തിയിലേക്കെറിഞ്ഞ് കൊലപ്പെടുത്തുകയുമായിരുന്നു. കൊലപാതകം ഭര്‍ത്താവായ പ്രണവിന്റെ തലയില്‍ കെട്ടിവെയ്ക്കാനായിരുന്നു ശരണ്യ ആദ്യം ശ്രമിച്ചത്. ഒടുവില്‍ ശാസ്ത്രീയ തെളിവുകളടക്കം എതിരായതോടെ അവര്‍ പോലീസിനോട് എല്ലാം തുറന്നുപറയുകയായിരുന്നു. 

പോലീസ് കസ്റ്റഡിയിലായിരിക്കെ നിധിന്റെ നിരവധി കോളുകളാണ് ശരണ്യയുടെ മൊബൈലില്‍ വന്നിരുന്നത്. അന്വേഷണത്തില്‍ ഈ ഫോണ്‍കോളുകളും ഇരുവരുടെയും വാട്സാപ്പ് സന്ദേശങ്ങളും നിര്‍ണായകമായിരുന്നു. 

Content Highlights: saranya kannur, toddler murder in kannur; police will submit charge sheet against mother saranya and her lover