ചെന്നൈ: ഭാര്യയോടുള്ള ദേഷ്യത്തിന് മദ്യലഹരിയിൽ ഒന്നരവയസ്സുള്ള മകനെ തീകൊളുത്തിക്കൊന്ന പിതാവിനെ പോലീസ് അറസ്റ്റ് ചെയ്തു. രാമനാഥപുരം ജില്ലയിലെ മണ്ഡപത്തിനടുത്ത് വേദാലൈ സ്വദേശിയായ മുനിയസ്വാമി(27)യാണ് പിടിയിലായത്. ഇയാളുടെ ഭാര്യ പാമ്പൻ അക്കാൽമഠം സ്വദേശി മരിയ പരാതി നൽകിയതിനെത്തുടർന്നാണ് വിവരം പോലീസ് അറിഞ്ഞത്.

മൂന്നുവർഷം മുമ്പായിരുന്നു ദമ്പതിമാരുടെ വിവാഹം. വേദാലയിലെ വീട്ടിലായിരുന്നു കുടുംബം താമസിച്ചുവന്നിരുന്നത്. കഴിഞ്ഞദിവസം മരിയയുടെ സഹോദരിയുടെ വിവാഹത്തിൽ പങ്കെടുക്കുന്നതിനായി മൂവരും അക്കാൽമഠത്തിലേക്ക് പോയിരുന്നു. എന്നാൽ, അവിടെവെച്ച് ദമ്പതിമാർക്കിടയിൽ വഴക്കുണ്ടായി. തുടർന്ന് മുനിയസ്വാമി കുട്ടിയെ തനിക്കു തരണമെന്ന് ഭാര്യയോട് ആവശ്യപ്പെട്ടു. മുനിയസ്വാമി മദ്യലഹരിയിലായിരുന്നതിനാൽ കുഞ്ഞിനെ നൽകാൻ മരിയ തയ്യാറായില്ല. അതോടെ ഭാര്യയെ മർദിച്ചശേഷം ഇയാൾ കുഞ്ഞിനെ കൈക്കലാക്കി. തുടർന്ന് ഓട്ടോറിക്ഷയിൽ അവിടെനിന്നുപോയി. പാതിവഴിയിൽ കുഞ്ഞുമായി ഇറങ്ങി ഓട്ടോ തിരിച്ചയച്ചു.

വേദാലൈയിൽ റെയിൽപ്പാളത്തിനടുത്ത ആളൊഴിഞ്ഞ സ്ഥലത്തെത്തിയ മുനിയസ്വാമി അവിടെവെച്ച് ഭാര്യയോടുള്ള ദേഷ്യത്തിന് കുഞ്ഞിനെ തീകൊളുത്തി കൊല്ലുകയായിരുന്നു. പെട്രോളൊഴിച്ചാണ് തീകൊളുത്തിയതെന്ന് പോലീസ് പറഞ്ഞു. കൊലയ്ക്കുശേഷം രാത്രി മുനിയസ്വാമി വീട്ടിലെത്തിയപ്പോൾ കുഞ്ഞിനെ കാണാതിരുന്ന ഭാര്യ മരിയ കുഞ്ഞിനെ അന്വേഷിച്ചു. കൃത്യമായ മറുപടി ലഭിക്കാതിരുന്നതോടെ സംശയം തോന്നിയ മരിയ മണ്ഡപം പോലീസ് സ്റ്റേഷനിൽ പരാതി നൽകി. തുടർന്ന് മുനിയസ്വാമിയെ പോലീസ് ചോദ്യംചെയ്തപ്പോഴാണ് കുഞ്ഞിനെ കൊലപ്പെടുത്തിയ വിവരം പുറത്തായത്.

പ്രതിയുടെ മൊഴിപ്രകാരം പോലീസ് സംഭവസ്ഥലത്തെത്തി മൃതദേഹാവശിഷ്ടങ്ങൾ കണ്ടെടുത്ത് പോസ്റ്റുമോർട്ടത്തിനായി രാമനാഥപുരം സർക്കാർ ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിൽ അന്വേഷണം തുടരുകയാണെന്ന് പോലീസ് അറിയിച്ചു.

Content Highlights:toddler killed by father in tamilnadu