ചേര്‍പ്പ്(തൃശൂര്‍): ചെറുവത്തേരിയില്‍ ഒന്നര വയസ്സുകാരിയെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ചെറുവത്തേരി താഴത്തുവളപ്പില്‍ ബിനീഷ് കുമാറിന്റെയും രമ്യയുടെയും മകള്‍ ദക്ഷയാണ് മരിച്ചത്. ഞായറാഴ്ച രാത്രി 11 മണിയോടെ കിണറിന് സമീപം നില്‍ക്കേ തന്നെ ആരോ പുറകില്‍നിന്ന് തള്ളിയിട്ടുവെന്നാണ് കുട്ടിയുടെ അമ്മ രമ്യ നാട്ടുകാരോട് പറഞ്ഞത്. കൂടെ കുഞ്ഞ് വീണത് അറിഞ്ഞില്ലെന്നും പറയുന്നു. സംഭവത്തിലെ ദുരൂഹത തുടരുകയാണ്. 

രാത്രി രമ്യ തന്നെയാണ് അപകടവിവരം അയല്‍ക്കാരെ അറിയിച്ചത്. താന്‍ സ്വയം കിണറ്റില്‍നിന്ന് കയറിയെന്നും മകളെ കാണാനില്ലെന്നും രമ്യ പറഞ്ഞതിനെ തുടര്‍ന്ന് നാട്ടുകാര്‍ കുഞ്ഞിനുവേണ്ടി തിരച്ചില്‍ നടത്തി. പ്രദേശവാസികൂടിയായ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സി.കെ. നന്ദകുമാര്‍ അഗ്‌നിരക്ഷാേസനയെ വിവരമറിയിച്ചു. തിങ്കളാഴ്ച പുലര്‍ച്ചെ ഒന്നേമുക്കാലോടെ ദക്ഷയുടെ മൃതദേഹം അവര്‍ പുറത്തെടുത്തു. 

രമ്യയുടെ ഭര്‍ത്താവ് ബിനീഷ്‌കുമാര്‍ ട്രസ് പണിക്കാരനാണ്. ജോലി കഴിഞ്ഞ് ഒരു മണിയോടെ തിരിച്ച് വീട്ടില്‍ എത്തിയപ്പോഴാണ് സംഭവം അറിയുന്നതെന്ന് ബിനീഷ് പറഞ്ഞു. രാത്രി വീടിന്റെ പിന്‍ഭാഗത്ത് വാതിലില്‍ മുട്ടിയതു കേട്ട് ബിനീഷാണെന്നു കരുതിയാണ് പുറത്ത് കിണറിനു സമീപം എത്തിയതെന്ന് രമ്യ പറഞ്ഞു.

മൂത്തമകന്‍ ദേവ്കൃഷ്ണ രമ്യയുടെ പാലയ്ക്കലിലുള്ള വീട്ടിലായിരുന്നു. ഓണത്തിന് വീട്ടില്‍ പോയ രമ്യയും മകളും രണ്ടുദിവസം മുമ്പാണ് മടങ്ങിയെത്തിയത്. ഒല്ലൂരിലെ വാട്ടര്‍ അതോറിറ്റി ഓഫീസില്‍ ജീവനക്കാരിയാണ് രമ്യ. കൂടുതല്‍ അന്വേഷണത്തിനുശേഷമേ വിവരങ്ങള്‍ അറിയാനാകൂവെന്ന് പോലീസ് പറഞ്ഞു. ദക്ഷയുടെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനുശേഷം വടൂക്കര ശ്മശാനത്തില്‍ സംസ്‌കരിച്ചു.

30 അടിയോളം ആഴമുള്ള കിണര്‍ പൂര്‍ണമായും കോണ്‍ക്രീറ്റ് റിങ്ങില്‍ ആണ് നിര്‍മിച്ചിട്ടുള്ളത്. നാലടിയോളം ഉയരത്തില്‍ കോണ്‍ക്രീറ്റില്‍ കൈവരിയും ഉണ്ട്. അസ്വാഭാവിക മരണത്തിന് ചേര്‍പ്പ് പോലീസ് കേസെടുത്തു.