ചെന്നൈ: തമിഴ്‌നാട് ദിണ്ഡിവനത്തിനടുത്ത് സെഞ്ചിയില്‍ രണ്ടരവയസ്സുകാരന് അമ്മയുടെ ക്രൂരമര്‍ദനം. സെഞ്ചി സ്വദേശിയായ തുളസിയാണ് കുഞ്ഞിനെ അതിക്രൂരമായി മര്‍ദിച്ചത്. ഇതിന്റെ ദൃശ്യങ്ങള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തുകയും സാമൂഹിക മാധ്യമങ്ങളിലൂടെ ലൈവായി പുറത്തുവിടുകയും ചെയ്തു. സംഭവത്തില്‍ യുവതിയെ അറസ്റ്റ് ചെയ്തതായി പോലീസ് അറിയിച്ചു.

കുഞ്ഞിനെ കട്ടിലില്‍ കിടത്തി മുഖത്ത് നിരന്തരം ഇടിക്കുന്നതാണ് പുറത്തുവന്ന ദൃശ്യങ്ങളിലുള്ളത്. ഇതേത്തുടര്‍ന്ന് കുഞ്ഞിന്റെ വായില്‍നിന്ന് രക്തമൊഴുകുന്നതും ദൃശ്യങ്ങളില്‍ കാണാം. മറ്റൊരു ദൃശ്യത്തില്‍ കുഞ്ഞിന്റെ കാലില്‍ അടിക്കുന്ന രംഗങ്ങളാണുള്ളത്. 

കുഞ്ഞിനെ മര്‍ദിക്കുന്ന ദൃശ്യങ്ങള്‍ ശ്രദ്ധയില്‍പ്പെട്ട യുവതിയുടെ ഭര്‍ത്താവാണ് പോലീസില്‍ പരാതി നല്‍കിയത്. തുടര്‍ന്ന് പോലീസ് യുവതിയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഭര്‍ത്താവുമായി വഴക്കിട്ടതിനെ തുടര്‍ന്നാണ് കുഞ്ഞിനെ മര്‍ദിച്ചതെന്നാണ് യുവതി പോലീസിന് നല്‍കിയ മൊഴി. ഭര്‍ത്താവിനോടുള്ള ദേഷ്യം തീര്‍ക്കാനായിരുന്നു മര്‍ദനമെന്നും യുവതി പോലീസിനോട് പറഞ്ഞിട്ടുണ്ട്. 

Content Highlights: toddler brutally attacked by mother in senji tamilnadu video goes viral