ചെന്നൈ: തമിഴ്‌നാട്ടില്‍ കൊലപാതകം അടക്കമുള്ള അക്രമസംഭവങ്ങള്‍ വര്‍ധിക്കുമ്പോള്‍ പ്രതിസ്ഥാനത്താകുന്നത് അരിവാള്‍ഗ്രാമം. വിരുദുനഗര്‍ ജില്ലയിലെ തിരുപ്പാച്ചി എന്നറിയപ്പെടുന്ന തിരുപ്പാച്ചേത്തി ഗ്രാമം അരിവാള്‍ നിര്‍മാണത്തിന് പേരുകേട്ട സ്ഥലമാണ്. ധാരാളം കൊല്ലപ്പണിശാലകളുള്ള ഇവിടെ ഇപ്പോള്‍ അരിവാള്‍ വില്‍പ്പനയ്ക്ക് പോലീസ് പ്രത്യേക വ്യവസ്ഥകള്‍ മുന്നോട്ടുവച്ചിരിക്കുകയാണ്. ഇവിടെ നിന്നുള്ള ആയുധങ്ങള്‍ ഗുണ്ടാസംഘങ്ങള്‍ വ്യാപകമായി ഉപയോഗിക്കുന്നുവെന്ന് കണ്ടെത്തിയതാണ് കാരണം.

വിജയ് നായകനായ 'തിരുപ്പാച്ചി' എന്ന സിനിമയിലൂടെ തിരുപ്പാച്ചേത്തി പ്രശസ്തമായിരുന്നു. തിരുപ്പാച്ചേത്തിയില്‍ നിന്നുള്ള കൊല്ലപ്പണിക്കാരനായിട്ടായിരുന്നു വിജയ് ഇതില്‍ അഭിനയിച്ചത്. കാര്‍ഷിക ആവശ്യത്തിനും ക്ഷേത്രങ്ങളിലും മറ്റും നടത്തുന്ന ചടങ്ങുകള്‍ക്കുമുള്ള അരിവാളുകളാണ് തിരുപ്പാച്ചേത്തിയില്‍ പ്രധാനമായും നിര്‍മിക്കുന്നത്.

കാര്‍ഷിക ആവശ്യത്തിനുള്ളവതന്നെ പലതരത്തിലുണ്ട്. തേങ്ങ വെട്ടുന്നത്, വാഴത്തോട്ടത്തില്‍ ഉപയോഗിക്കുന്നത് എന്നിങ്ങനെ പല ഉപയോഗത്തിന് യോജിച്ചവിധമാണ് അരിവാളുകളുടെ നിര്‍മാണം. വാഴക്കുലവെട്ടുന്നതിനും മറ്റും ഉപയോഗിക്കുന്ന നീളമുള്ള അരിവാളുകള്‍ ഗുണ്ടാസംഘങ്ങള്‍ കൈക്കലാക്കി അക്രമത്തിന് ഉപയോഗിക്കുന്നതാണ് പോലീസിന് തലവേദനയായത്.

അരിവാള്‍ വാങ്ങുന്നവരുടെ വിവരങ്ങള്‍ രേഖപ്പെടുത്തി സൂക്ഷിക്കാന്‍ എല്ലാ കൊല്ലപ്പണിക്കാരോടും നിര്‍ദേശിച്ചിരിക്കുകയാണ് പോലീസ്. ആധാര്‍ കാര്‍ഡ് വിവരങ്ങള്‍ അടക്കം നല്‍കാത്തവര്‍ക്ക് അരിവാള്‍ നല്‍കാന്‍ പാടില്ല. അരിവാള്‍ വാങ്ങുന്നവരുടെ ഫോണ്‍ നമ്പര്‍ സൂക്ഷിക്കണം എന്നൊക്കെയാണ് നിര്‍ദേശങ്ങള്‍. പരിചയമുള്ള കര്‍ഷകരില്‍നിന്നുവരെ ആധാര്‍ ചോദിക്കേണ്ടിവരുന്നത് കച്ചവടത്തെ ബാധിക്കുന്നുണ്ടെന്നാണ് വില്‍പ്പനക്കാര്‍ പറയുന്നത്.

കൊല്ലപ്പണിശാലകളില്‍ സി.സി.ടി.വി. ക്യാമറ സ്ഥാപിക്കണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്. എന്നാല്‍ ക്യാമറ സ്ഥാപിക്കുന്നതിനുള്ള വരുമാനമൊന്നും ലഭിക്കുന്നില്ലെന്നാണ് കൊല്ലന്മാര്‍ പറയുന്നത്. തിരുനെല്‍വേലി അടക്കമുള്ള ജില്ലകളില്‍ നടന്ന കൊലപാതകങ്ങളുമായി ബന്ധപ്പെട്ട് പോലീസ് 150-ല്‍ ഏറെ പേരെ പിടികൂടിയിരുന്നു. ഇവരില്‍നിന്ന് 200-ഓളം മാരകായുധങ്ങളും പിടിച്ചെടുത്തു. തിരുപ്പാച്ചേത്തിയിലെ കൊല്ലപ്പണിശാലകളില്‍ നിര്‍മിച്ചവയാണ് ആയുധങ്ങളില്‍ പലതുമെന്നാണ് പോലീസ് നിഗമനം.