ന്യൂഡല്‍ഹി: സാമൂഹിക മാധ്യമങ്ങളില്‍ പ്രതിഷേധം തുടരുന്നതിനിടെ ആസിഡ് ആക്രമണത്തെ പ്രോത്സാഹിപ്പിക്കുന്നരീതിയിലുള്ള വീഡിയോ ടിക്ക് ടോക്ക് നീക്കംചെയ്തു. ദേശീയ വനിതാ കമ്മീഷനടക്കം സംഭവത്തില്‍ ഇടപെട്ടതോടെയാണ് ഫൈസല്‍ സിദ്ദീഖി എന്ന ടിക് ടോക്ക് താരം പോസ്റ്റ് ചെയ്ത വീഡിയോ കമ്പനി പ്ലാറ്റ്‌ഫോമില്‍നിന്ന് നീക്കംചെയ്തത്. 

പ്രസ്തുത വീഡിയോ നീക്കം ചെയ്യണമെന്നും ഫൈസല്‍ സിദ്ദീഖിക്കെതിരേ നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് ദേശീയ വനിതാ കമ്മീഷന്‍ കഴിഞ്ഞദിവസം മഹാരാഷ്ട്ര ഡിജിപിക്ക് കത്തയച്ചിരുന്നു. ഇതിനുപിന്നാലെയാണ് വിവാദ വീഡിയോ ടിക് ടോക്ക് നീക്കംചെയ്തത്. അതേസമയം, വീഡിയോ പോസ്റ്റ് ചെയ്തതില്‍ ടിക് ടോക്ക് താരം ഫൈസല്‍ സിദ്ദീഖി ഇന്‍സ്റ്റഗ്രാം കുറിപ്പിലൂടെ മാപ്പ് പറഞ്ഞു. 

ടിക് ടോക്കില്‍ 13 മില്യണിലേറെ ഫോളോവേഴ്‌സുള്ള ഫൈസല്‍ സിദ്ദീഖി ഏതാനും ദിവസങ്ങള്‍ക്ക് മുമ്പാണ് വിവാദ വീഡിയോ പോസ്റ്റ് ചെയ്തത്. ഒരു പെണ്‍കുട്ടി തന്നെ ഉപേക്ഷിച്ച് മറ്റൊരു കാമുകനൊപ്പം പോകുമ്പോള്‍ പെണ്‍കുട്ടിയുടെ മുഖത്തേക്ക് ആസിഡ് ഒഴിക്കുന്നത് പോലെ വെള്ളം ഒഴിക്കുന്നതായിരുന്നു വീഡിയോ. ഇതിനുശേഷം ആസിഡ് ആക്രമണത്തിന് ഇരയായ പോലെ പെണ്‍കുട്ടിയുടെ മുഖം വികൃതമാക്കിയുള്ള ദൃശ്യങ്ങളും വീഡിയോയിലുണ്ടായിരുന്നു. എന്നാല്‍ ഇതിനെതിരേ സാമൂഹിക മാധ്യമങ്ങളില്‍ വന്‍ പ്രതിഷേധമാണുയര്‍ന്നത്. 

വീഡിയോ നീക്കം ചെയ്‌തെങ്കിലും ട്വിറ്റര്‍ അടക്കമുള്ള സാമൂഹികമാധ്യമങ്ങളില്‍ പ്രതിഷേധം തുടരുകയാണ്. #BanTikTok എന്ന ഹാഷ്ടാഗ് ഇതിനോടകം ട്വിറ്റര്‍ ട്രെന്‍ഡിങ് ലിസ്റ്റില്‍ ഒന്നാമതെത്തി. നിരവധി പേരാണ് ടിക് ടോക്ക് നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് ട്വീറ്റ് ചെയ്തിരിക്കുന്നത്. 

Content Highlights: tiktok taken down faizal siddiqui tiktok video, ban tiktok trending in twitter