ബിജ്‌നോര്‍: നാടിനെ വിറപ്പിച്ച മൂന്നു കൊലപാതകങ്ങളിലെ പ്രതിയായ 'ടിക്‌ടോക് വില്ലന്‍' പോലീസ് പിടിയിലാകുന്നതിന്റെ തൊട്ടുമുമ്പ് സ്വയം വെടിവച്ച് ജീവനൊടുക്കി. ഉത്തര്‍പ്രദേശിലെ ബിജ്‌നോറിലാണ് സംഭവം. ബിജ്‌നോറിലെ നാഗിന സ്വദേശി ജോണി ദാദ എന്നറിയപ്പെടുന്ന, വില്ലന്‍ വേഷത്തില്‍ വീഡിയോകള്‍ പോസ്റ്റുചെയ്ത് ടിക്ക് ടോക്ക് അടക്കമുള്ളവയില്‍ താരമായ അശ്വിനി കുമാറാണ് യഥാര്‍ഥ ജീവിതത്തിലും വില്ലനായി വേഷമിട്ടതായി പോലീസ് കണ്ടെത്തിയത്.

ഒരാഴ്ചക്കുള്ളില്‍ ബിജ്‌നോറില്‍ നടന്ന മൂന്ന് കൊലപാതകങ്ങളിലെ പ്രധാന പ്രതിയാണ് അശ്വിനി. അന്വേഷണത്തിന്റെ ഭാഗമായി പ്രതിയെ കണ്ടെത്തുന്നവര്‍ക്ക് ബിജ്‌നോര്‍ പോലീസ് ഒരു ലക്ഷം രൂപ വാദ്ഗാനവും നല്‍കിയിരുന്നു. കഴിഞ്ഞ ഒരാഴ്ചയായി അശ്വിനിക്കായുള്ള തിരച്ചില്‍ പോലീസ് ഊര്‍ജിതമാക്കിയിരുന്നു. തുടര്‍ന്ന് അന്വേഷണത്തിന്റെ ഭാഗമായി പോലീസ് നടത്തിയ വാഹനപരിശോധനയ്ക്കിടെയാണ് അശ്വിനി കുടുങ്ങിയത്.

ശനിയാഴ്ച പുലര്‍ച്ച 1.15ന് ബിജോനോര്‍ നാഗിനയില്‍ നിന്ന് ഡല്‍ഹിയിലേക്ക് പോകുന്ന ബസ് പരിശോധനയ്ക്കായി തടഞ്ഞു നിര്‍ത്തി. ബസില്‍ യാത്രക്കാര്‍ക്കിടയില്‍ മുഖം മറച്ച് സംശയാസ്പദമായ രീതിയില്‍ ഇരിക്കുന്ന യുവാവിനെ കണ്ട് പോലീസുകാര്‍ സമീപിച്ചപ്പോഴാണ് യുവാവ് കൈയിലുണ്ടായിരുന്ന തോക്ക് എടുത്ത് സ്വയം വെടിയുതിര്‍ത്തത്.

വെടിയേറ്റ ഉടന്‍ തന്നെ മരിച്ച യുവാവിന്റെ ബാഗ് പരിശോധിച്ചതിലൂടെയാണ് മരിച്ചത് അശ്വിനിയാണെന്ന് പോലീസ് കണ്ടെത്തിയത്. ഇയാളുടെ ബാഗില്‍ നിന്ന് കൊലപാതകത്തിന്റെ പങ്ക് വ്യക്തമാക്കുന്ന 14 പേജ് നോട്ട് ബുക്കും രണ്ട് മാസികകളും പോലീസ് കണ്ടെടുത്തു.

ഒരാഴ്ചക്കുള്ളില്‍ മൂന്നു കൊലപാതകങ്ങാണ് അശ്വിനി നടത്തിയതെന്നാണ് പോലീസ് പറയുന്നത്. സെപ്റ്റംബര്‍ 27ന് ബിജ്‌നോറിലെ ബിജെപി നേതാവ് ഭീം സിങ്ങിന്റെ മകന്‍ രാഹുല്‍ കുമാറിനെയും ബന്ധു കൃഷ്ണയെമാണ് ആദ്യമായി കൊലപ്പെടുത്തിയത്. മദ്യപിക്കുന്നതിനിടെയുണ്ടായ തര്‍ക്കത്തെ തുടര്‍ന്നാണ് ഇവരെ കൊലപ്പെടുത്തിയത്. തുടര്‍ന്ന് സെപ്റ്റംബര്‍ 30ന് ദുബൈ ഹോട്ടലിലെ ജീവനക്കാരിയായ നികിതയെ വീട്ടില്‍ അതിക്രമിച്ച് കയറി കൊലപ്പെടുത്തി. വിവാഹത്തിനായി നാട്ടിലെത്തിയപ്പോഴാണ് നികിത കൊല്ലപ്പെട്ടത്.

ന്യൂഡല്‍ഹിയിലെ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരയിരുന്ന അശ്വിനി ലഹരിക്കടിമയായിരുന്നതായി ബന്ധുക്കള്‍ പോലീസിനോട് പറഞ്ഞു.

(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. Toll free helpline number: 1056)
 
Content Highlights: tik tok vilian of three murders in Bijnore commit suicide after cornered by police