പയ്യന്നൂര്‍: സ്‌നേഹസമ്മാനമായി മോഷണമുതലുകളുമായി ജയിലിലേക്കെത്തിയ 'തുരപ്പന്‍' ഒടുവില്‍ പോലീസിന്റെ വലയിലായി. വിവിധ ജില്ലകളിലായി നിരവധി മോഷണക്കേസുകളില്‍ പ്രതിയായ കുപ്രസിദ്ധ മോഷ്ടാവ് തുരപ്പന്‍ സന്തോഷാണ് (36) പോലീസിന്റെ പിടിയിലായത്.

നടുവില്‍ പുലിക്കുരുമ്പ സ്വദേശിയായ ഇയാളെ മട്ടന്നൂര്‍ ചാലോട്ടില്‍നിന്നാണ് പയ്യന്നൂര്‍ പോലീസ് പിടികൂടിയത്. പയ്യന്നൂര്‍ ഡിവൈ.എസ്.പി. എം.സുനില്‍കുമാറിന്റെ പ്രത്യേക അന്വേഷണസംഘമാണ് ഇയാളെ അറസ്റ്റ് ചെയ്തത്.

കണ്ണൂര്‍, കാസര്‍കോട്, കോഴിക്കോട് ജില്ലകളിലെ വിവിധ സ്ഥലങ്ങളിലായി നൂറോളം കവര്‍ച്ചക്കേസുകളില്‍ പ്രതിയാണിയാളെന്ന് പോലീസ് പറഞ്ഞു.

തളിപ്പറമ്പിലെ അഭിഭാഷകന്റെ വീട്ടിലും സൂപ്പര്‍ മാര്‍ക്കറ്റിലും നടത്തിയ കവര്‍ച്ചകളിലും മട്ടന്നൂര്‍, ഇരിട്ടി, കാസര്‍കോട്, മേല്‍പ്പറമ്പ്, ബേക്കല്‍, വെള്ളരിക്കുണ്ട്, ചന്തേര, നീലേശ്വരം എന്നിവിടങ്ങളില്‍ നടന്ന നിരവധി കവര്‍ച്ചക്കേസുകളിലും പ്രതിയാണ്.

പെരിങ്ങോത്തെ മലഞ്ചരക്ക് സ്ഥാപനത്തില്‍നിന്ന് കുരുമുളക് മോഷ്ടിച്ച സംഭവത്തിലും മാത്തില്‍ വൈപ്പിരിയത്തെ ആഗ്ര ടൈല്‍സില്‍നിന്ന് നിരീക്ഷണ ക്യാമറകള്‍ കേടുവരുത്തി ഒരുലക്ഷത്തോളം രൂപ അപഹരിച്ചതുമുള്‍പ്പെടെയുള്ള കേസുകളും ഇയാള്‍ക്കെതിരേയുണ്ട്.

അറസ്റ്റ് സിഗരറ്റ് മോഷണക്കേസില്‍

പയ്യന്നൂര്‍ പെരുമ്പയിലെ ഫൈസല്‍ ട്രേഡിങ് കമ്പനിയുടെ ചുമര്‍ തുരന്ന് മുക്കാല്‍ലക്ഷത്തോളം രൂപയുടെ സിഗരറ്റ് മോഷ്ടിച്ച സംഭവത്തിലാണ് പയ്യന്നൂര്‍ പോലീസ് ഇയാളെ അറസ്റ്റ് ചെയ്തത്. ഈ കവര്‍ച്ചയില്‍ ഇയാളുടെ കൂട്ടാളികളായിരുന്ന മട്ടന്നൂര്‍ മണ്ണൂരിലെ നഞ്ചടത്ത് ഹൗസില്‍ കെ.വിജേഷ്, പാലാവയലിലെ വാഴപ്പള്ളി ഹൗസില്‍ ജസ്റ്റിന്‍ എന്നിവരെ ജനുവരി 30-ന് പിടികൂടിയിരുന്നു.

ഇവരെ ചോദ്യംചെയ്തപ്പോഴാണ് തുരപ്പന്‍ സന്തോഷുള്‍പ്പെട്ട കവര്‍ച്ചകളുടെ കൂടുതല്‍ വിവരങ്ങള്‍ പോലീസിന് ലഭിച്ചത്.

ജനുവരിയിലാണ് മോഷ്ടിച്ച പൂച്ചെടികളുമായി ഇയാള്‍ കണ്ണൂര്‍ സ്‌പെഷ്യല്‍ സബ് ജയിലിലെത്തിയത്. മോഷണമുതലുകളുമായാണ് എത്തിയതെന്ന സംശയത്തെത്തുടര്‍ന്ന് ഇയാളെ പിന്തുടര്‍ന്നെങ്കിലും രക്ഷപ്പെടുകയായിരുന്നു. തുരപ്പന്‍ സന്തോഷ് കൊണ്ടുപോയ പൂച്ചെടികള്‍ വൈപ്പിരിയത്തെ നഴ്സറിയില്‍നിന്ന് മോഷ്ടിക്കാന്‍ ഒപ്പമുണ്ടായിരുന്നതും വിജേഷ്, ജസ്റ്റിന്‍ എന്നിവരായിരുന്നു.

പിടിയിലായത് കവര്‍ച്ചയ്ക്കുള്ള ആസൂത്രണത്തിനിടെ

വലിയ കവര്‍ച്ചയ്ക്കുള്ള ആസൂത്രണത്തിനിടയിലാണ് തുരപ്പന്‍ സന്തോഷ് പിടിയിലായതെന്ന് പോലീസ് പറഞ്ഞു. പല മോഷണക്കേസിന്റെയും അന്വേഷണം ഇയാളിലേക്ക് എത്തിയപ്പോള്‍ പിടികൊടുക്കാതെ തന്ത്രപൂര്‍വം രക്ഷപ്പെട്ട് ബെംഗളൂരുവിലും തമിഴ്നാടിന്റെ പല ഭാഗങ്ങളിലും ഒളിവില്‍ കഴിയുകയായിരുന്നു.

കഴിഞ്ഞദിവസം കണ്ണൂര്‍ ജില്ലയില്‍ എത്തിയിട്ടുണ്ടെന്ന രഹസ്യവിവരത്തെ തുടര്‍ന്ന് റൂറല്‍ ജില്ലാ പോലീസ് മേധാവിയുടെ നിര്‍ദേശപ്രകാരമാണ് പോലീസ് ഇയാളെ പിടികൂടാനുള്ള തന്ത്രങ്ങള്‍ മെനഞ്ഞത്.

ബുധനാഴ്ച രാത്രി പോലീസിന്റെ പിടിയില്‍നിന്ന് വഴുതിപ്പോയ ഇയാളെ വ്യാഴാഴ്ച പയ്യന്നൂര്‍ സി.ഐ. എം.സി.പ്രമോദ്, എസ്.ഐ. കെ.ടി.ബിജിത്ത്, അഡീഷണല്‍ എസ്.ഐ. മനോഹരന്‍, എ.എസ്.ഐ. എ.ജി.അബ്ദുള്‍ റൗഫ് എന്നിവരടങ്ങിയ സംഘമാണ് പിടികൂടിയത്. ശനിയാഴ്ച കോടതിയില്‍ ഹാജരാക്കും.