തൃപ്പൂണിത്തുറ: വീട്ടിൽ ഒറ്റയ്ക്കായിരുന്ന വയോധികയെ പട്ടാപ്പകൽ തലയ്ക്കടിച്ച് വീഴ്ത്തി ആറര പവൻ ആഭരണങ്ങൾ കവർന്നു. തൃപ്പൂണിത്തുറ എരൂരിലാണ് നാടിനെ ഞെട്ടിച്ച ഈ സംഭവം. എരൂർ ലേബർ കോർണറിനു കിഴക്ക് വൈമീതി റോഡ് ഭാഗത്ത് കൊച്ചുപുരയ്ക്കൽ പരേതനായ രാമന്റെ ഭാര്യ റിട്ട. അധ്യാപിക രഘുപതി (78) യെയാണ് വീട്ടിൽ കേബിൾ നന്നാക്കാനെന്ന വ്യാജേന എത്തിയയാൾ ആക്രമിച്ച് ആഭരണങ്ങൾ ബലമായി ഊരിയെടുത്തത്.

വെള്ളിയാഴ്ച പകൽ 12.30-നാണ് സംഭവം. അക്രമിയുടെ കൂടെ ഒരു യുവതിയും ഉണ്ടായിരുന്നു. ഇവർ വീടിനു പുറത്ത് നിൽക്കുകയായിരുന്നു. കൃത്യം നടത്തിയശേഷം കവർച്ച നടത്തിയയാളും യുവതിയും കൂടി സ്കൂട്ടറിൽ രക്ഷപ്പെട്ടു. ഇവരുടെ ദൃശ്യങ്ങൾ സമീപത്തെ സഹകരണ സംഘത്തിലെ സി.സി.ടി.വി. ക്യാമറയിൽ പതിഞ്ഞിട്ടുണ്ട്. പ്രതികൾക്കായി പോലീസ് അന്വേഷണം ഊർജിതമാക്കി.

തലയ്ക്ക് സാരമായി പരിക്കേറ്റ രഘുപതിയെ എറണാകുളം മെഡിക്കൽ ട്രസ്റ്റ്‌ ആശുപത്രിയിൽ അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിച്ചു. ഇവരുടെ തലയ്ക്ക് മൂന്ന് മുറിവുണ്ട്. ഒരു മുറിവ് ആഴത്തിലുള്ളതാണ്. ഇടതു കൈയുടെ തള്ളവിരലിലും നഖം ഉൾപ്പെടെയുള്ള ഭാഗത്തും വലിയ മുറിവുണ്ട്. അക്രമി കടിച്ചതാണെന്ന് പറയുന്നു.

മിണ്ടിയാൽ കൊന്നുകളയുമെന്ന് പറഞ്ഞ് അക്രമി, രഘുപതിയുടെ നാലര പവൻ മാലയും ഒരു പവൻ വീതമുള്ള രണ്ടു വളകളും ബലമായി ഊരിയെടുക്കുകയായിരുന്നു. വീടിനകത്ത് ചോരപ്പാടുകൾ ഉണ്ട്. തലയ്ക്കടിയേറ്റ് നിലത്ത് വീണുപോയ രഘുപതി, മൊബൈൽഫോണിൽ നിന്ന്‌ സമീപത്ത് വർക്ക്ഷോപ്പ് നടത്തുന്ന ഷിനുവിനെ വിളിച്ച് വിവരം പറയുകയായിരുന്നു. ഷിനു ഉടൻ ഓടിയെത്തിയാണ് രഘുപതിയെ ആശുപത്രിയിൽ എത്തിച്ചത്.

തൃപ്പൂണിത്തുറയിലെ സ്വകാര്യ ആശുപത്രിയിൽ ആദ്യം കൊണ്ടുചെന്നെങ്കിലും അവിടെ എടുത്തില്ല. തുടർന്ന് മെഡിക്കൽ ട്രസ്റ്റിൽ എത്തിക്കുകയായിരുന്നു. അക്രമി അടിച്ചത് എന്ത് ആയുധം കൊണ്ടാണെന്ന് അറിയില്ല. വീടിനകത്ത് തിരച്ചിൽ നടത്തിയെങ്കിലും ആയുധങ്ങൾ കണ്ടെത്താനായില്ല.

തൃപ്പൂണിത്തുറ സി.ഐ. ഉത്തംദാസ്, എസ്.ഐ. കെ.ആർ. ബിജു എന്നിവരുടെ നേതൃത്വത്തിൽ പോലീസ് സ്ഥലത്തെത്തി അന്വേഷണം നടത്തി. വിരലടയാള വിദഗ്ദ്ധരും തൃക്കാക്കര അസി. കമ്മിഷണർ പ്രഫുല്ലചന്ദ്രനും അന്വേഷണത്തിനെത്തിയിരുന്നു. വിവരമറിഞ്ഞ് ഒട്ടേറെ നാട്ടുകാരും സ്ഥലത്ത് തടിച്ചു കൂടി.

Content Highlights: Thruppoonithura retired teacher attacked by thieves, gold theft, head injured