ചെങ്ങാലൂർ(തൃശ്ശൂർ): അച്ഛനെ കൊന്ന കേസിൽ കോടതി വെറുതെവിട്ട പ്രതിയെ 25 വർഷത്തിനുശേഷം മകൻ ഷാപ്പിൽനിന്ന് വിളിച്ചിറക്കി കുത്തിക്കൊന്നു. പുളിഞ്ചോട് മഞ്ചേരി വീട്ടിൽ സുധനാണ് (54) മരിച്ചത്. സംഭവത്തിൽ വരന്തരപ്പിള്ളി കീടായി രതീഷി(36)നെ പോലീസ് പിടികൂടി.
ചെങ്ങാലൂരിൽ ചൊവ്വാഴ്ച സന്ധ്യയ്ക്ക് 6.30-നായിരുന്നു സംഭവം. കള്ളുവാങ്ങാൻ നിന്ന സുധനെ രതീഷ് പിറകിൽനിന്ന് വിളിച്ചിറക്കിയ ശേഷം കത്തികൊണ്ട് തുരുതുരെ കുത്തുകയായിരുന്നുവെന്ന് പുതുക്കാട് പോലീസ് പറഞ്ഞു.
മൂന്നുപേരോടൊപ്പം ഓട്ടോറിക്ഷയിലെത്തിയ രതീഷ് ഒറ്റയ്ക്കാണ് കൃത്യം നടത്തിയത്. മൂന്നുപേർ ഓട്ടോയിൽ ഇരുന്നിരുന്നതായി നാട്ടുകാർ പറയുന്നു. കുത്തിയശേഷം സുധനെ തള്ളി ഷാപ്പിനുള്ളിലേക്കിട്ട രതീഷ് ഓട്ടോറിക്ഷയിൽക്കയറി രക്ഷപ്പെട്ടു.
തുടർന്ന് വരന്തരപ്പിള്ളിയിലെത്തിയ പ്രതികൾ ഒരു കടയിൽ ഇരുന്നു. വിവരമറിഞ്ഞെത്തിയ വരന്തരപ്പിള്ളി പോലീസ് ഇവരെ ഓടിച്ച് പിടിക്കുകയായിരുന്നു. നിരവധി കേസുകളിൽ പ്രതിയായ രതീഷ് വരന്തരപ്പിള്ളി സ്റ്റേഷനിലെ റൗഡിപ്പട്ടികയിൽ ഉൾപ്പെട്ടയാളാണ്.
ചാലക്കുടി ഡി.വൈ.എസ്.പി. സി.ആർ. സന്തോഷ്, പുതുക്കാട് എസ്.എച്ച്.ഒ. ഉണ്ണികൃഷ്ണൻ എന്നിവരുടെ നേതൃത്വത്തിൽ പോലീസ് സ്ഥലത്തെത്തി. 25 വർഷം മുമ്പ് രതീഷിന്റെ അച്ഛൻ രവിയെ കല്ലെറിഞ്ഞുകൊന്ന കേസിൽ സുധൻ പ്രതിയായിരുന്നു. ഈ കേസിൽ സുധനെ വെറുതെ വിട്ടിരുന്നു. ഇതിലെ വൈരാഗ്യമാണ് കൊലപാതകത്തിന് കാരണമെന്ന് പോലീസ് പറഞ്ഞു.
Content Highlights:thrissur youth killed an accused who murdered his father 25 years ago