തൃശ്ശൂര്‍: തേക്കിന്‍കാട് മൈതാനത്തുവെച്ച് അരലക്ഷം രൂപയടങ്ങിയ ബാഗ് തട്ടിയെടുത്ത മോഷ്ടാവിനെ ട്രാഫിക് പോലീസ് പിറകെയോടി പിടികൂടി. പട്ടാളം റോഡില്‍ പുറമ്പോക്കില്‍ താമസിക്കുന്ന ബാബു (21) വാണ് പോലീസ് പിടിയിലായത്.

മുക്കം സ്വദേശി റിട്ട. അധ്യാപകന്‍ കേശവന്‍ നമ്പൂതിരിയുടെ ബാഗാണ് മോഷ്ടാവ് കവര്‍ന്നത്. തേക്കിന്‍കാട് മൈതാനത്ത് ആല്‍ത്തറയിലിരുന്ന് മൊബൈല്‍ ഫോണില്‍ സംസാരിക്കുമ്പോളാണ് ബാഗ് തട്ടിയെടുത്തത്.

ഉടന്‍തന്നെ കോര്‍പ്പറേഷന്‍ ഓഫീസ് പരിസരത്തുണ്ടായിരുന്ന പോലീസുകാരനോട് വിവരം പറഞ്ഞു.

മോഷ്ടാവ് ധരിച്ചിരുന്ന വസ്ത്രത്തിന്റെ നിറവും മറ്റു പ്രത്യേകതകളും അദ്ദേഹം പോലീസിന് പറഞ്ഞുകൊടുത്തു. ട്രാഫിക് എസ്.ഐ. ബിനന്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന എല്ലാവര്‍ക്കും ഇതുസംബന്ധിച്ച അറിയിപ്പുനല്‍കി. ഹൈറോഡ് ജങ്ഷനില്‍ ഡ്യൂട്ടിക്കുണ്ടായിരുന്ന പോലീസ് ഉദ്യോഗസ്ഥന്‍ ജോഷി അതുവഴി വന്ന മോഷ്ടാവിനെ സംശയംതോന്നി തടയാന്‍ ശ്രമിച്ചു. ഇതോടെ ഇയാള്‍ ഓടി. ജോഷിയും ഹോംഗാര്‍ഡ് പ്രകാശനും പിറകെ ഓടി ഇയാളെ പിടികൂടി. അരയില്‍ ഒളിപ്പിച്ച ബാഗ് കണ്ടെടുക്കുകയും ചെയ്തു.

പോലീസുദ്യോഗസ്ഥരുടെ ജാഗ്രതകൊണ്ടുമാത്രമാണ് നഷ്ടപ്പെട്ട ബാഗ് തിരികെ ലഭിച്ചതെന്ന് കേശവന്‍ നമ്പൂതിരി പറഞ്ഞു.