തൃപ്രയാര്‍: മകനെ ആരോ ആ വീട്ടില്‍ എത്തിച്ചതാണെന്ന് തളിക്കുളത്തെ ആളൊഴിഞ്ഞ വീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തിയ അമല്‍കൃഷ്ണയുടെ അമ്മ ശില്പ. തളിക്കുളത്തേക്ക് അവന് പോകേണ്ട കാര്യമില്ല. അടഞ്ഞുകിടന്നിരുന്ന വീട്ടിലേക്ക് മകന്‍ തനിയെ പോകില്ല. വീടിന്റെ മുന്നില്‍ കരഞ്ഞ് അവശയായി ഇരിക്കുമ്പോഴും മകന്‍ ആത്മഹത്യ ചെയ്യില്ലെന്ന് ഈ അമ്മ വിശ്വസിക്കുന്നു.

'അവന്‍ അങ്ങനെ ചെയ്യുമെന്ന് എനിക്ക് വിശ്വസിക്കാനാവില്ല. ആരോ അവനെ അവിടെ കൊണ്ടിട്ടതാണ്. മരിച്ച സ്ഥലത്ത് ബ്ലൂടൂത്ത് ഹെഡ്‌സെറ്റ് കണ്ടിരുന്നു. മകന്റെ കൈയില്‍ അതുണ്ടായിരുന്നില്ല.'- ശില്പ പറഞ്ഞു.

ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും ആശ്വാസവാക്കുകള്‍ ശില്പയ്ക്ക് സമാധാനം നല്‍കുന്നില്ല. മകനെ ഓര്‍ത്ത് പൊട്ടിക്കരഞ്ഞും വിതുമ്പിയും കഴിയുകയാണ് അമലിന്റെ അമ്മ. മകന് സംഭവിച്ചതെന്തെന്ന് അറിയണം. അതിന് ഏതറ്റം വരെ പോകാനും തയ്യാറാണെന്ന് വിതുമ്പലോടെ ശില്പ പറഞ്ഞു. ശില്പയുടെ പരാതിയില്‍ അമല്‍കൃഷ്ണയുടെ ദുരൂഹമരണം സംബന്ധിച്ച് സമഗ്രമായ അന്വേഷണം നടത്തണമെന്ന് ഡി.സി.സി. അംഗം ഇര്‍ഷാദ് കെ. ചേറ്റുവ ആവശ്യപ്പെട്ടു.

ഉള്ളുലഞ്ഞ് അച്ഛന്‍ വരും, പൊന്നുമോനെ യാത്രയാക്കാന്‍...

ഏങ്ങണ്ടിയൂര്‍: അമല്‍കൃഷ്ണയുടെ അന്ത്യയാത്രയ്ക്ക് അച്ഛന്‍ സനോജ് മസ്‌കറ്റില്‍നിന്ന് വ്യാഴാഴ്ചയോ വെള്ളിയാഴ്ചയോ നാട്ടിലെത്തും. മകന്റെ ദുരന്തവിവരം അറിയിച്ച പൊതുപ്രവര്‍ത്തകന്‍ ഇര്‍ഷാദ് കെ. ചേറ്റുവയോടാണ് തനിക്ക് മകനെ അവസാനമായി കാണണമെന്ന് സനോജ് പറഞ്ഞത്.

Read Also: ആറ് മാസം മുമ്പ് കാണാതായ വിദ്യാര്‍ഥിയുടെ മൃതദേഹം ആള്‍ത്താമസമില്ലാത്ത വീട്ടില്‍ അഴുകിയ നിലയില്‍...

അമല്‍കൃഷ്ണയുടെ അമ്മ ശില്പയും അച്ഛന്‍ വന്നിട്ട് മതി മകന്റെ സംസ്‌കാരമെന്ന് പറഞ്ഞു. മകനെ കാണാതായത് മുതല്‍ നാട്ടിലുണ്ടായിരുന്ന സനോജ് അടുത്തിടെയാണ് തിരിച്ചുപോയത്.

എന്നും മകനെക്കുറിച്ചുള്ള അന്വേഷണത്തിലായിരുന്നു സനോജ്. കാണാന്‍ പറ്റുന്ന സ്ഥിതിയിലല്ല മകന്റെ മൃതദേഹമെന്ന് പറഞ്ഞെങ്കിലും താന്‍ എത്തിയശേഷം സംസ്‌കാരം നടത്തിയാല്‍ മതിയെന്ന് സനോജ് തറപ്പിച്ച് പറഞ്ഞു. ഇതേത്തുടര്‍ന്ന് തൃശ്ശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പോസ്റ്റ്മോര്‍ട്ടം നടത്തിയ ശേഷം മൃതദേഹം കുന്നംകുളം റോയല്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.

content highlights: thrissur thalikkulam amal krishna death