തൃശ്ശൂര്‍: തീവണ്ടിക്കോച്ചിന്റെ സ്ഥാനംചോദിച്ച രോഗിയായ യുവാവിനെ മര്‍ദിച്ച സംഭവത്തില്‍ റെയില്‍വേ ജീവനക്കാരനെ അറസ്റ്റുചെയ്തു. റെയില്‍വേ ഈ ജീവനക്കാരനെ സസ്പെന്‍ഡ് ചെയ്തു. തൃശ്ശൂര്‍ റെയില്‍വേസ്റ്റേഷനിലെ പോയിന്റ്മാന്‍ ആയ പാലക്കാട് പരുത്തിപ്ര കുറയത്ത് വീട്ടില്‍ കെ.എം. കൃഷ്ണകുമാര്‍(54) ആണ് അറസ്റ്റിലായത്. ഉടന്‍ ജാമ്യം അനുവദിക്കുകയും ചെയ്തു.

ഗുരുതരമല്ലാത്ത വകുപ്പുമാത്രമേ ചുമത്തിയിട്ടുള്ളൂവെന്നതിനാലാണ് പെട്ടെന്നുതന്നെ ജാമ്യം ലഭിച്ചത്.

മര്‍ദിച്ചതിനുള്ള 324-ാം വകുപ്പും തടസ്സപ്പെടുത്തിയതിനുള്ള 341-ാം വകുപ്പുമാണ് ഇയാളുടെ മേല്‍ ചുമത്തിയത്. ഇതോടെ സ്റ്റേഷന്‍ ജാമ്യത്തില്‍ ഇയാളെ വിടുകയുംചെയ്തു. ബുധനാഴ്ചയായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. വടക്കാഞ്ചേരി കുറാഞ്ചേരി കിഴക്കേചരുവില്‍ മൂസയുടെ മകന്‍ ഷമീറിനാണ് ടോര്‍ച്ചുകൊണ്ട് മര്‍ദനമേറ്റത്. മര്‍ദനത്തില്‍ നെറ്റിയില്‍ മുറിവുണ്ടായി. മൂന്നു സ്റ്റിച്ച് ഇടേണ്ടിവന്നു.

ചോരവാര്‍ന്നുകിടന്ന ഷമീറിനെ റെയില്‍വേ പോലീസാണ് ജനറല്‍ ആശുപത്രിയില്‍ എത്തിച്ചത്. തിരുവനന്തപുരത്തേക്ക് ചികിത്സക്കായി പോകുന്നതിനിടെയായിരുന്നു മര്‍ദനം.

ഞരമ്പുകള്‍ ദുര്‍ബലമാകുന്ന അസുഖത്തിന്റെ ചികിത്സയ്ക്കായിരുന്നു ഇത്. മര്‍ദനത്തെത്തുടര്‍ന്ന് യാത്രമുടങ്ങുകയുംചെയ്തു. ആദ്യം ജനറല്‍ ആശുപത്രിയില്‍ ചികിത്സതേടിയ ഷമീറിന് പിന്നീട് രണ്ടുതവണ സ്വകാര്യ ആശുപത്രിയിലും ചികിത്സ തേടേണ്ടിവന്നു.