മംഗളൂരു: മംഗളൂരുവിൽ തൃശ്ശൂർ സ്വദേശിയായ ബിസിനസുകാരനെ പട്ടാപ്പകൽ വീട്ടിലെത്തി കൊലപ്പെടുത്തിയ കേസിൽ രണ്ടുപേരെ പോലീസ് അറസ്റ്റുചെയ്തു. കോടിക്കൽ രാമനിലയത്തിൽ സന്തോഷ് (43), ഹാവേരി ബൈക്കംപാടി അംഗാരഗുണ്ടിയിൽ സിദ്ധ എന്ന സിദ്ധപ്പ(36) എന്നിവരെയാണ് പ്രത്യേക അന്വേഷണസംഘം അറസ്റ്റുചെയ്തത്.

സന്തോഷിനെ കഴിഞ്ഞദിവസവും സിദ്ധുവിനെ തിങ്കളാഴ്ച മംഗളൂരുവിൽ വെച്ചും പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. മംഗളൂരു കാവൂർമല്ലി ലേ ഔട്ടിലെ താമസക്കാരനും ഗുരുവായൂർ കോട്ടപ്പടി കപ്പിയൂർ ചുള്ളിപ്പറമ്പിൽ സ്വദേശിയുമായ സുരേന്ദ്ര(63)നെയാണ് കഴിഞ്ഞ ചൊവ്വാഴ്ച ഉച്ചയോടെ വീടിനുള്ളിൽ കുത്തേറ്റ് മരിച്ചനിലയിൽ കണ്ടെത്തിയത്. സന്തോഷും സിദ്ധപ്പയും ചേർന്നാണ് കൊലനടത്തിയത്. കവർച്ചയ്ക്കായി എത്തിയ ഇരുവരും സുരേന്ദ്രനെ മാരകായുധങ്ങളുമായി ആക്രമിച്ചു. എതിർക്കാൻ ശ്രമിക്കുന്നതിനിടെ സുരേന്ദ്രന് കഴുത്തിലും വയറ്റിലും കുത്തേറ്റു. അവശനായ സുരേന്ദ്രന്റെ പഴ്സും ഫോണും കവർന്ന് പ്രതികൾ രക്ഷപ്പെടുകയായിരുന്നു. കുദ്രോളിയിൽ ഉപേക്ഷിച്ച നിലയിൽ കണ്ട മൊബൈൽ ഫോൺ പ്രദേശവാസി പോലീസിൽ ഏൽപ്പിച്ചതോടെയാണ് കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്.

സുരേന്ദ്രനെ ആക്രമിക്കുന്നതിനിടെ പരിക്കേറ്റ സിദ്ധപ്പ റോഡപകടത്തിൽ പരിക്കേറ്റെന്ന വ്യാജേന വെൻലോക് ആശുപത്രിയിലെത്തി ചികിത്സ തേടിയതും പിടിവള്ളിയായി.

അറസ്റ്റിലായ സന്തോഷും സിദ്ധപ്പയും നേരത്തേ സുരേന്ദ്രന്റെ വീട്ടിൽ ജോലിക്ക് വന്നിരുന്നു. ജോലിക്കിടെ സുരേന്ദ്രൻ ഫോണിൽ പണത്തെ കുറിച്ച് സംസാരിക്കുന്നത് കേട്ട സന്തോഷ് വീട്ടിൽ കുറേ പണമുണ്ടാകുമെന്ന് കരുതി കവർച്ചയ്ക്കായി പദ്ധതിയിടുകയായിരുന്നു.

Content Highlights:thrissur native killed in mangaluru two accused arrested