മംഗളൂരു: തൃശ്ശൂർ സ്വദേശി മംഗളൂരുവിലെ വീട്ടിൽ കൊല്ലപ്പെട്ടതിനു പിന്നിൽ കവർച്ചക്കാരാണെന്ന് സൂചന. മംഗളൂരു കാവൂർ ഗാന്ധിനഗറിലെ മല്ലി ലേ ഔട്ടിൽ താമസിക്കുന്ന ഗുരുവായൂർ കണ്ടാണശ്ശേരി മൈത്രി ജങ്ഷനിൽ ചുള്ളിപ്പറമ്പിൽ സുരേന്ദ്രൻ (63) ആണ് ചൊവ്വാഴ്ച പട്ടാപ്പകൽ കൊല്ലപ്പെട്ടത്.

വീട്ടിൽനിന്ന് സ്വർണവും പണവും മൊബൈൽ ഫോണുകളും നഷ്ടപ്പെട്ടതായി പോലീസ് കണ്ടെത്തിയിട്ടുണ്ട്. ഇതാണ് മോഷ്ടാക്കളാണ് കൊലപാതകം നടത്തിയത് എന്ന സൂചന നൽകുന്നത്. മംഗലാപുരത്ത് 22 വർഷമായി ജ്യോതി ലബോറട്ടറീസിന്റെ ഏജൻസി നടത്തിവരുകയായിരുന്ന സുരേന്ദ്രന് മംഗളൂരുവിൽ സ്വന്തമായി സോഫ്റ്റ്വേർ സ്ഥാപനവുമുണ്ട്. സുരേന്ദ്രനെക്കുറിച്ച് നന്നായി അറിയുന്നവരാണ് കൊലപാതകത്തിനു പിന്നിൽ എന്ന നിഗമനത്തിലാണ് പോലീസ്. അടുത്തടുത്തായി വീടുകളുള്ള മല്ലി ലേ ഔട്ടിൽ അപരിചിതർക്ക് പകൽനേരത്ത് എത്തി കൊലപാതകം നടത്തലും കൊള്ളയടിക്കലും എളുപ്പമല്ല. സുരേന്ദ്രൻ ഉച്ചയ്ക്ക് ഊണുകഴിക്കാനായി വീട്ടിലെത്താറുണ്ടായിരുന്നു. ചൊവ്വാഴ്ച ഉച്ചയ്ക്ക് വീട്ടിലെത്തിയപ്പോഴാണ് കൊലപാതകം നടന്നതെന്നാണ് കരുതുന്നത്.

23 വർഷമായി മംഗളൂരുവിലാണ് ഭാര്യ ശ്രീദേവിയോടൊപ്പം സുരേന്ദ്രൻ താമസം. ചൊവ്വാഴ്ച ഉച്ചയ്ക്ക് ഊണുകഴിക്കാൻ വീട്ടിലെത്തിയപ്പോഴാണ് കൊല്ലപ്പെട്ടത്. ഈ സമയം ഭാര്യ സ്ഥാപനത്തിലേക്ക് പോയിരുന്നു. മാസവാടക വാങ്ങാനെത്തിയ പ്രാദേശിക കേബിൾ ടി.വി. ജീവനക്കാരനാണ് വീടിന്റെ ഹാളിൽ കുത്തേറ്റുമരിച്ചനിലയിൽ സുരേന്ദ്രനെ കാണുന്നത്. ഇയാൾ അയൽക്കാരെ അറിയിച്ചു. ഇവരാണ് പോലീസിൽ അറിയിച്ചത്. കാവൂർ പോലീസ് കേസെടുത്ത് അന്വേഷണം ഊർജിതമാക്കി. പരിശോധനയ്ക്കുശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു.

ഗുരുവായൂർ കോട്ടപ്പടി കപ്പിയൂർ ചുള്ളിപ്പറമ്പിൽ മാക്കയുടെയും കല്യാണിയുടെയും മകനാണ് സുരേന്ദ്രൻ. ആറുമാസം മുമ്പ് നാട്ടിലെത്തിയിരുന്നു. പിന്നീട് കോവിഡ് കാരണം വരാൻ കഴിഞ്ഞില്ല. മക്കൾ: നീതു (ഐ.ടി. ഉദ്യോഗസ്ഥ, സാൻഫ്രാൻസിസ്കോ), നിധീഷ് (ബഹ്റൈൻ). മരുമക്കൾ: രോഹിത് (സാൻഫ്രാൻസിസ്കോ), അഞ്ജലി (ബഹ്റൈൻ). മൃതദേഹം വ്യാഴാഴ്ച കണ്ടാണശ്ശേരിയിലെ വീട്ടിൽ കൊണ്ടുവന്ന് സംസ്കരിക്കും.

Content Highlights:thrissur native killed in mangaluru