കയ്പമംഗലം: മതിലകത്ത് വൃദ്ധ ദമ്പതിമാരെ ആക്രമിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവത്തില്‍ രണ്ട് യുവാക്കളെ പോലീസ് അറസ്റ്റ് ചെയ്തു. പരിസരത്തുള്ള പുന്നച്ചാലില്‍ ജിഷ്ണു (21), ഇയാളുടെ സുഹൃത്ത് എസ്.എന്‍.പുരം പൊരിബസാര്‍ സ്വദേശി തൈക്കൂട്ടത്തില്‍ വിഷ്ണു (20) എന്നിവരെയാണ് റൂറല്‍ പോലീസ് മേധാവി ജി.പൂങ്കുഴലിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം പിടികൂടിയത്.

ആക്രമണം നടന്ന് അല്‍പ്പസമയത്തിനകം തന്നെ പരിസരത്തുനിന്ന് ഇവരെ കസ്റ്റഡിയിലെടുത്തിരുന്നു. വിശദമായി ചോദ്യം ചെയ്തപ്പോഴാണ് കൃത്യമായി ആസൂത്രണം ചെയ്ത് നടപ്പാക്കിയ സംഭവങ്ങളുടെ ചുരുളഴിഞ്ഞത്. ആക്രമിച്ച് മോഷണം നടത്തുകയായിരുന്നു പ്രതികളുടെ ലക്ഷ്യമെന്ന് പോലീസ് പറഞ്ഞു.ഞായറാഴ്ച പുലര്‍ച്ചെ രണ്ട് മണിയോടെയാണ് മതിലകം മതില്‍മൂലയില്‍ തനിച്ച് താമസിച്ചിരുന്ന സ്രാമ്പിക്കല്‍ ഹമീദ്-സുബൈദ ദമ്പതിമാര്‍ക്ക് നേരെ ആക്രമണമുണ്ടായത്. സുബൈദയുടെ ഉച്ചത്തിലുള്ള അലര്‍ച്ച മൂലം മോഷണശ്രമമുപേക്ഷിച്ച് സംഘം കടന്നുകളയുകയാണുണ്ടായതെന്നും അന്വേഷണ സംഘം പറഞ്ഞു.

പോലീസ് പറയുന്നത് ഇങ്ങനെ- കഞ്ചാവിനും മദ്യത്തിനും അടിമകളാണ് പിടിയിലായവര്‍. ഇരുവരും ചേര്‍ന്ന് ദിവസങ്ങള്‍ക്ക് മുമ്പാണ് ആക്രമണവും മോഷണവും പ്ലാന്‍ ചെയ്തത്. ഒരാഴ്ചമുമ്പ് ദമ്പതിമാരുടെ വീട്ടില്‍ അറബാന വാടകയ്ക്ക് ചോദിച്ചെത്തി വീടും പരിസരവും വാതിലുകളുടെ ഉറപ്പും മനസ്സിലാക്കി. സംഭവദിവസം ചെന്ത്രാപ്പിന്നിയിലുള്ള സുഹൃത്തിന്റെ വര്‍ക്ക് ഷോപ്പില്‍ അര്‍ധരാത്രി വരെ ഇരുന്ന് തയ്യാറെടുപ്പ് നടത്തി. കറുത്ത മുണ്ട് കീറി കൈയില്‍ ഗ്ലൗസ് പോലെ ചുറ്റിക്കെട്ടിയ ശേഷം ജിഷ്ണുവിന്റെ വീട്ടില്‍ നിന്നും കത്തിയും ഇലക്ട്രിക് വയറും എടുത്ത് ദമ്പതികളുടെ വീടിന്റെ മതില്‍ ചാടിക്കടന്നെത്തി. പിന്‍വാതില്‍ കുത്തിത്തുറക്കാന്‍ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു.

തുടര്‍ന്ന് മുന്‍ഭാഗത്തെ ഗ്രില്ലിന്റെ മുകളിലുള്ള വിടവിലൂടെ സിറ്റൗട്ടിലെത്തി കോളിങ് ബെല്ലിടിച്ച് ദമ്പതിമാരെ ഉണര്‍ത്തുകയായിരുന്നു. വാതിലിന്റെ ഇരുവശത്തും പതുങ്ങിനിന്ന ഇരുവരും വാതില്‍ തുറന്നയുടന്‍ ആക്രമിക്കുകയായിരുന്നു. എന്നാല്‍, ആക്രമിക്കാനുപയോഗിച്ച കത്തിയില്‍ കയറിപ്പിടിച്ച് സൈനബ ശക്തമായി എതിര്‍ക്കുകയും ഉച്ചത്തില്‍ അലറുകയും ചെയ്തതോടെ പകച്ചുപോയ ഇവര്‍ പിന്‍വാതില്‍ വഴി രക്ഷപ്പെടുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.

കൃത്യം നടത്തി മണിക്കൂറുകള്‍ക്കകം തന്നെ പ്രതികളെ പിടികൂടാനായത് പോലീസിന് നേട്ടമായി.

Content Highlights: thrissur mathilakam robbery attempt and attack