തൃശ്ശൂർ: കൊരട്ടിയിൽ പിടിയിലായ പെൺവാണിഭ സംഘം ഇടപാടുകാരെ കണ്ടെത്തിയിരുന്നത് വാട്സാപ്പ് അടക്കമുള്ള സാമൂഹികമാധ്യമങ്ങളിലൂടെയെന്ന് പോലീസ്. യുവതികളുടെ ചിത്രങ്ങൾ ആദ്യം വാട്സാപ്പിലൂടെ അയച്ചുനൽകിയ ശേഷമായിരുന്നു ഇടപാട് ഉറപ്പിച്ചിരുന്നത്. പിന്നീട് മുരിങ്ങൂരിലെ വാടകവീട്ടിലേക്ക് വരേണ്ട സമയവും അറിയിക്കും. കഴിഞ്ഞ ഒരുമാസമായി മുരിങ്ങൂരിലെ വാടക വീട് കേന്ദ്രീകരിച്ച് നടന്നിരുന്നത് വമ്പൻ ഇടപാടുകളാണെന്നാണ് പോലീസ് പറയുന്നത്.
വെറ്റിലപ്പാറ സ്വദേശിനി സിന്ധുവിന്റെ നേതൃത്വത്തിലാണ് സംഘം പ്രവർത്തിച്ചിരുന്നത്. വിവിധയിടങ്ങളിൽനിന്ന് യുവതികളെ എത്തിച്ചായിരുന്നു പെൺവാണിഭം. അതിരപ്പിള്ളി, തൃശ്ശൂർ, മാള, സ്റ്റേഷനുകളിൽ സിന്ധുവിനെതിരേ നേരത്തെയും സമാന കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. അടിപിടിക്കേസുകളിലും ഇവർ പ്രതിയാണ്.
കഴിഞ്ഞദിവസം രാത്രി പോലീസ് നടത്തിയ റെയ്‌ഡിൽ സിന്ധുവും കൂട്ടാളിയായ സുധീഷും പാലക്കാട് സ്വദേശിയായ മറ്റൊരു സ്ത്രീയും ഇടപാടുകാരായ ഏഴ് പേരും പിടിയിലായിരുന്നു. സുധീഷ് എന്നയാൾ കഴിഞ്ഞ നാല് വർഷമായി സിന്ധുവിനൊപ്പം താമസിക്കുന്നുണ്ടെന്നാണ് പോലീസ് നൽകുന്നവിവരം.
ഒരുമാസം മുമ്പാണ് ഇരുവരും ചേർന്ന് മുരിങ്ങൂരിൽ വാടകയ്ക്ക് വീട് എടുത്തത്. തുടർന്ന് ഇടപാടുകാരെ ഇവിടേക്ക് വിളിച്ചുവരുത്തി പെൺവാണിഭം നടത്തുകയായിരുന്നു. വാട്സാപ്പിലൂടെയാണ് യുവതികളുടെ ചിത്രങ്ങൾ അയച്ചുനൽകിയിരുന്നത്. ഇടപാടുകാരിൽനിന്ന് പണം സ്വീകരിക്കാൻ ഗൂഗിൾ പേ അടക്കമുള്ള ഓൺലൈൻ സംവിധാനങ്ങളും ഉപയോഗിച്ചു.
രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ ഏതാനും ദിവസങ്ങളായി സിന്ധുവിന്റെ വാടകവീട് പോലീസിന്റെ നിരീക്ഷണത്തിലായിരുന്നു. തുടർന്ന് കഴിഞ്ഞദിവസം രാത്രി 11-മണിയോടെ സി.ഐ. ബി.കെ. അരുൺ, എസ്.ഐ. സി.കെ. സുരേഷ്, എ.എസ്.ഐ. എം.എസ്. പ്രദീപ് എന്നിവരുടെ നേതൃത്വത്തിൽ പോലീസ് സംഘം റെയ്‌ഡ് നടത്തുകയായിരുന്നു.
19,000 രൂപയും മദ്യവും ഗർഭനിരോധന ഉറകളും മൊബൈൽ ഫോണുകളും ഇവിടെനിന്ന് പിടിച്ചെടുത്തതായി പോലീസ് പറഞ്ഞു. സിന്ധുവിന്റെ മൊബൈൽ ഫോണിൽ നിരവധി പെൺകുട്ടികളുടെ ചിത്രങ്ങളും കണ്ടെടുത്തു. ആള് റെഡിയാണ്, പെൺകുട്ടി റെഡിയാണ്, പുതിയ ആളുണ്ട് തുടങ്ങിയ സന്ദേശങ്ങളാണ് പെൺകുട്ടികളുടെ ചിത്രങ്ങൾക്കൊപ്പം അയച്ചിരുന്നത്. ഇടപാടുകാർ എത്തിയ നാല് ബൈക്കുകളും ഒരു കാറും പോലീസ് പിടിച്ചെടുത്തിട്ടുണ്ട്.
Content Highlights:thrissur koratty online sex racket