തൃശ്ശൂർ: ഒരു ദേശീയപാർട്ടിക്ക് തിരഞ്ഞെടുപ്പിന് വിനിയോഗിക്കാൻ കൊച്ചിയിലേക്ക് അയച്ച പണം തട്ടിയെടുത്ത കേസിൽ ഒമ്പത് പേർ കസ്റ്റഡിയിൽ. കുഴൽപ്പണം തട്ടുന്ന സംഘത്തിലുള്ളവരെയാണ് തിങ്കളാഴ്ച പുലർച്ചെ എറണാകുളത്തുനിന്ന് പോലീസ് പിടികൂടിയത്. പിടിയിലായവരിൽ ഏഴ് പേർ കൃത്യത്തിൽ നേരിട്ട് പങ്കെടുത്തവരും രണ്ടുപേർ ഇവരെ സഹായിച്ചവരുമാണ്. കേസിൽ രാഷ്ട്രീയബന്ധം അന്വേഷിക്കുമെന്ന് തൃശ്ശൂർ എസ്.പി. ജി.പൂങ്കുഴലി പറഞ്ഞു.

കൊടകരയിൽവെച്ച് വ്യാജ വാഹനാപകടമുണ്ടാക്കി കാറും കാറിലുണ്ടായിരുന്ന 25 ലക്ഷം രൂപയും തട്ടിയെന്നാണ് കോഴിക്കോട് സ്വദേശിയുടെ പരാതി. അതേസമയം, കാറിൽ മൂന്നരക്കോടി രൂപയുണ്ടായിരുന്നതായും ദേശീയപാർട്ടിയുടെ ജില്ലാനേതാക്കൾ തന്നെയാണ് അപകടമുണ്ടാക്കി പണം തട്ടിയെടുക്കാൻ ആസൂത്രണം ചെയ്തതെന്നുമാണ് പുറത്തുവരുന്നവിവരം. പക്ഷേ, രാഷ്ട്രീയപാർട്ടി ഏതാണെന്ന് പോലീസിന്റെ പ്രഥമവിവര റിപ്പോർട്ടിൽ വ്യക്തമാക്കിയിട്ടില്ല. മാത്രമല്ല, കാറിൽ മൂന്നരക്കോടിയല്ല, 25 ലക്ഷം മാത്രമേ ഉണ്ടായിരുന്നുള്ളൂ എന്നതാണ് പരാതിക്കാരുടെയും നിലപാട്.

ഏപ്രിൽ മൂന്നിനായിരുന്നു കേസിനാസ്പദമായ സംഭവം. പണവുമായി വന്ന വാഹനത്തെ പിന്തുടർന്നെത്തിയ മൂന്ന് കാറുകൾ കൊടകരയിൽവെച്ച് വ്യാജ അപകടമുണ്ടാക്കുകയായിരുന്നു. ഇതിനുശേഷം വാഹനം തട്ടിയെടുത്ത പ്രതികൾ പിന്നീട് പണം കൈക്കലാക്കിയ ശേഷം വാഹനം മറ്റൊരിടത്ത് ഉപേക്ഷിച്ചു. റിയൽഎസ്റ്റേറ്റ് ഇടപാടിനായി കൊണ്ടുവന്ന 25 ലക്ഷമാണ് സംഘം തട്ടിയെടുത്തതെന്നായിരുന്നു വാഹനത്തിലുണ്ടായിരുന്നവരുടെ പരാതി. എന്നാൽ പോലീസ് നടത്തിയ വിശദമായ അന്വേഷണത്തിലാണ് ദേശീയപാർട്ടി തിരഞ്ഞെടുപ്പിന് വിനിയോഗിക്കാനായി എത്തിച്ച കണക്കിൽപ്പെടാത്ത പണമാണിതെന്നും മൂന്നരക്കോടി ഉണ്ടായിരുന്നതായും കണ്ടെത്തിയത്. പക്ഷേ, ഇക്കാര്യങ്ങളൊന്നും പോലീസ് ഔദ്യോഗികമായി വെളിപ്പെടുത്തിയിട്ടില്ല.

തൃശ്ശൂരിലേതിന് സമാനമായി പാലക്കാടും ദേശീയപാർട്ടിയുടെ കണക്കിൽപ്പെടാത്ത പണം തട്ടിയെടുക്കാൻ ആസൂത്രണം നടന്നിരുന്നു. പാലക്കാട്ടെ ജില്ലാനേതാക്കളായിരുന്നു ഇതിനുപിന്നിൽ. കാർ അപകടത്തിൽപ്പെടുത്തി പണം തട്ടിയെടുക്കാനായിരുന്നു പദ്ധതി. എന്നാൽ കാർ ഡ്രൈവർ അപകടമുണ്ടാക്കേണ്ട സ്ഥലം ഏതാണെന്ന് ചോദിച്ച് അയച്ച മൊബൈൽ സന്ദേശം മറ്റൊരാൾക്ക് ലഭിച്ചതോടെ പദ്ധതി പൊളിയുകയായിരുന്നു.

Content Highlights:thrissur kodakara fake accident and robbery case nine in police custody