കാട്ടൂര്‍: കാട്ടൂര്‍കടവില്‍ വീട്ടമ്മ വെട്ടേറ്റുമരിച്ച സംഭവത്തില്‍ മുഖ്യപ്രതിയടക്കം മൂന്നുപേരെ പോലീസ് അറസ്റ്റ് ചെയ്തു. കാട്ടൂര്‍ കരാഞ്ചിറ സ്വദേശി നന്തിലത്തുപറമ്പില്‍ ദര്‍ശന്‍കുമാര്‍ (35), ചേര്‍പ്പ് കള്ളിയത്ത് വീട്ടില്‍ രാഗേഷ് (32), ഇവര്‍ക്ക് ഒളിസങ്കേതം ഒരുക്കിയ വടക്കുഞ്ചേരി ആയിക്കാട് ആലിങ്കല്‍ ഗിരീഷ് (36) എന്നിവരെയാണ് റൂറല്‍ എസ്.പി. പൂങ്കുഴലി, ഇരിങ്ങാലക്കുട ഡിവൈ.എസ്.പി. പി.ആര്‍. രാജേഷ് എന്നിവരുടെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്.

കൊലപാതകം, കവര്‍ച്ച, അടിപിടി അടക്കം നിരവധി കേസുകളില്‍ പ്രതികളാണ് ദര്‍ശനും രാഗേഷുമെന്ന് പോലീസ് പറഞ്ഞു. രാഗേഷ് ചേര്‍പ്പില്‍ കഴിഞ്ഞവര്‍ഷം ഉണ്ടായ കൊലപാതകക്കേസിലെ പ്രതിയാണ്. ദര്‍ശനും അഞ്ചു വര്‍ഷത്തോളം ജയില്‍ ശിക്ഷ അനുഭവിച്ചിട്ടുണ്ട്. ഒരാഴ്ചയായി ഒളിവില്‍ കഴിഞ്ഞിരുന്ന ഇവരെ കോയമ്പത്തൂര്‍ റെയില്‍വേ സ്റ്റേഷന്‍ പരിസരത്തുനിന്നാണ് പോലീസ് പിടികൂടിയത്.

കാട്ടൂര്‍ പോലീസ് സ്റ്റേഷനില്‍ ഗുണ്ടാലിസ്റ്റിലുള്ള കാട്ടൂര്‍കടവ് നന്താനത്തുപറമ്പില്‍ ഹരീഷിന്റെ ഭാര്യ ലക്ഷ്മി (43) യാണ് 14-ന് രാത്രി പത്തരയോടെ വീടിന് മുന്നില്‍ ഗുണ്ടാസംഘത്തിന്റെ വെട്ടേറ്റുമരിച്ചത്. ഞായറാഴ്ച രാത്രി പത്തരയോടെ ഹരീഷിനെ തേടിയെത്തിയ സംഘം പന്നിപ്പടക്കം എറിഞ്ഞശേഷം ഭയന്നോടിയ ലക്ഷ്മിയെ വെട്ടിവീഴ്ത്തുകയായിരുന്നു. സംഭവത്തില്‍ കാട്ടൂര്‍ കരാഞ്ചിറ സ്വദേശി ചെമ്പാപ്പുള്ളി വീട്ടില്‍ നിഖില്‍ (35), ഒളരി പുല്ലഴി സ്വദേശി ഞങ്ങേലിന്‍ വീട്ടില്‍ ശരത്ത് (36) എന്നിവരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.

ഇന്‍സ്പെക്ടര്‍മാരായ വി.വി. അനില്‍കുമാര്‍, അനീഷ് കരീം, ടി.വി. ഷിബു, സി.ബി. അരുണ്‍, പി. ജ്യോതീന്ദ്രകുമാര്‍, എസ്.ഐ.മാരായ ആര്‍. രാജേഷ്, കെ.സുഹൈല്‍, ജസ്റ്റിന്‍, രഞ്ജിത്ത്, ജിനുമോന്‍ തച്ചേത്ത്, എ.എസ്.ഐ. പി. ജയകൃഷ്ണന്‍, സീനിയര്‍ സി.പി.ഒ.മാരായ പ്രസാദ്, ഷഫീര്‍ ബാബു, ഇ.എസ്. ജീവന്‍, കെ.എസ്. ഉമേഷ്, അനൂപ് ലാലന്‍, വൈശാഖ് മംഗലന്‍, സ്‌പെഷ്യല്‍ ബ്രാഞ്ച് ഓഫീസര്‍ കെ.വി. ഫെബിന്‍ എന്നിവരാണ് പോലീസ് സംഘത്തില്‍ ഉണ്ടായിരുന്നത്.