തൃശ്ശൂർ: കയ്പമംഗലം മൂന്നൂപീടിക സെന്ററിലെ ജൂവലറി കവർച്ചയിൽ അന്വേഷണം പുതിയ ഘട്ടത്തിൽ. ജൂവലറിയിൽ ഒരുതരി സ്വർണം പോലും ഇല്ലായിരുന്നതായി സ്ഥിരീകരിച്ചതോടെയാണ് ജൂവലറിയുടെ ഭിത്തി തുരന്നതാരെന്ന് കണ്ടെത്താൻ അന്വേഷണം തുടരുന്നത്. സ്വർണം മോഷണം പോയെന്ന പരാതി തെറ്റാണെന്ന് ജൂവലറി ഉടമ സമ്മതിച്ചെങ്കിലും ഭിത്തി തുരന്ന് ആരോ അകത്തുകയറിയെന്ന വാദത്തിൽ ഇയാൾ ഉറച്ചുനിൽക്കുകയാണ്.

വെള്ളിയാഴ്ചയാണ് മൂന്നുപീടിക സെന്ററിലെ ഗോൾഡ് ഹാർട്ട് ജൂവലറിയിൽ മോഷണം നടന്നുവെന്ന വാർത്ത പുറത്തുവരുന്നത്. ജൂവലറിയുടെ ഭിത്തി തുരന്ന് മൂന്നേകാൽ കിലോ സ്വർണം മോഷ്ടിച്ചെന്നായിരുന്നു ഉടമയുടെ പരാതി. തെളിവ് നശിപ്പിക്കാൻ ജൂവലറിയ്ക്കുള്ളിൽ മുളകുപൊടിയും വിതറിയിരുന്നു.

ഭൂമിക്കടിയിലെ രഹസ്യഅറ തുറന്ന് സ്വർണം മോഷ്ടിച്ചെന്നായിരുന്നു ജൂവലറി ഉടമയുടെ വാദം. എന്നാൽ പോലീസ് സംഘം നടത്തിയ വിശദമായ പരിശോധനയിൽ ഇത് വ്യാജമാണെന്ന് കണ്ടെത്തി. മാത്രമല്ല, ജൂവലറിക്ക് അകത്ത് മുളകുപൊടി വിതറിയ രീതിയും സംശയത്തിനിടയാക്കി. തുടർന്ന് ഉടമയെയും ജീവനക്കാരെയും വിശദമായി ചോദ്യംചെയ്തതോടെയാണ് സ്വർണം മോഷണം പോയെന്ന പരാതി വ്യാജമാണെന്ന് തെളിഞ്ഞത്.

ആറ് മാസമായി കച്ചവടമില്ലാതിരുന്ന ജൂവലറിയിൽനിന്ന് ഇത്രയധികം സ്വർണം നഷ്ടപ്പെട്ടെന്ന പരാതി തുടക്കംമുതലേ സംശയത്തിനിടയാക്കിയിരുന്നു. ജൂവലറിയിലെ മേശപ്പുറത്തുണ്ടായിരുന്ന ആഭരണങ്ങൾ സ്വർണമായിരുന്നില്ല എന്നതും നിർണായക കണ്ടെത്തലായി.

അതിനിടെ, ജൂവലറി ഉടമയുടെ മറ്റുചില ഇടപാടുകളെക്കുറിച്ചും സംശയങ്ങൾ ഉയർന്നിട്ടുണ്ട്. നിരവധിയാളുകളിൽനിന്നും പണം നിക്ഷേപമായി സ്വീകരിച്ച് കെട്ടിടനിർമാണം അടക്കമുള്ള ബിസിനസുകൾ ഇയാൾ നടത്തിയിരുന്നു. എന്നാൽ എല്ലാ ബിസിനസുകളും പൊളിഞ്ഞതോടെ കനത്ത സാമ്പത്തിക നഷ്ടമുണ്ടായി. ഇതിനിടെ, ജൂവലറിയിൽ ആറ് കിലോ സ്വർണം സ്റ്റോക്കുണ്ടെന്ന് കാണിച്ച് ഉടമ ബാങ്കിൽനിന്ന് വൻതുക വായ്പയും എടുത്തിട്ടുണ്ട്. ഈ വായ്പയ്ക്ക് ഇൻഷുറൻസ് പരിരക്ഷയുള്ളതിനാൽ ഉടമ തന്നെ ആസൂത്രണം ചെയ്ത മോഷണക്കഥയാണെന്നാണ് പോലീസ് ഇപ്പോഴും വിശ്വസിക്കുന്നത്. എന്നാൽ ഭിത്തി തുരന്ന സംഭവത്തിൽ പരാതിക്കാരൻ ഉറച്ചുനിൽക്കുന്നതിനാൽ ഇക്കാര്യം തെളിയിക്കാൻ വിശദമായ അന്വേഷണം വേണമെന്നാണ് പോലീസ് നൽകുന്ന സൂചന.

വ്യാജ പരാതി നൽകിയതിന് ഉടമയ്ക്കെതിരേ പോലീസ് ഇതുവരെ കേസെടുത്തിട്ടില്ല. ഇതിന് കോടതിയുടെ അനുമതി വേണമെന്നതാണ് കേസെടുക്കുന്നത് വൈകാൻ കാരണം. എന്തായാലും ഭിത്തി തുരന്നതാരെന്ന് കണ്ടെത്തിയാൽ വ്യാജ മോഷണക്കഥയ്ക്ക് പരിസമാപ്തിയാകുമെന്നാണ് പോലീസിന്റെ പ്രതീക്ഷ.

Content Highlights:thrissur kaipamangalam moonupeedika jewellery theft case