പുതുക്കാട്: കുറുമാലിയില്‍ ദേശീയപാതയ്ക്ക് സമീപത്തെ ഹോട്ടല്‍ കുത്തിത്തുറന്ന് കവര്‍ച്ചനടത്തിയ കേസിലെ പ്രതികളെ ചാലക്കുടി ഡിവൈ.എസ്.പി. സി.ആര്‍. സന്തോഷും സംഘവും പിടികൂടി. രണ്ട് ലക്ഷത്തിലേറെ രൂപയും സ്‌കൂട്ടറും മൊബൈല്‍ ഫോണുകളുമാണ് മോഷ്ടിച്ചത്.

മലപ്പുറം താനൂര്‍ തോണിപ്പറമ്പില്‍ വീട്ടില്‍ റഫീഖ് (ഷിഹാബ്-31), കോഴിക്കോട് കല്ലായി പന്നിയങ്കര എന്‍വി വീട്ടില്‍ അജ്മല്‍ (21), കോഴിക്കോട് പാറച്ചിലില്‍ അജിത് (20), കോഴിക്കോട് മുതുവല്ലൂര്‍ പാറക്കുളങ്ങര വീട്ടില്‍ ജില്‍ഷാദ് (28) എന്നിവരാണ് പിടിയിലായത്. കേസുമായി ബന്ധപ്പെട്ട് മലപ്പുറം പുളിക്കല്‍ കിഴക്കയില്‍ വീട്ടില്‍ അജിത്തി (20)നെ നേരത്തെ പിടികൂടിയിരുന്നു.

കോഴിക്കോട് ടൗണ്‍ കേന്ദ്രീകരിച്ച് ലഹരിവസ്തുക്കളുടെ ഉപയോഗത്തിനും വില്‍പ്പനയ്ക്കുമായി സംഘടിച്ചാണ് ഇവര്‍ പരിചയത്തിലായതെന്ന് പോലീസ് പറഞ്ഞു. ഒക്ടോബര്‍ 23-നായിരുന്നു കേസിനാസ്പദമായ സംഭവം. ഹോട്ടലിന്റെ മുന്‍വാതില്‍ തകര്‍ത്ത് അകത്തുകയറിയ മോഷ്ടാക്കള്‍ മേശയില്‍ സൂക്ഷിച്ചിരുന്ന പണവും മൊബൈല്‍ ഫോണുകളും ഹോട്ടലിന് പുറത്ത് നിര്‍ത്തിയിട്ടിരുന്ന ആക്ടിവ സ്‌കൂട്ടറും മോഷ്ടിച്ച് കടക്കുകയായിരുന്നു.

ശക്തമായ മഴമൂലം കറന്റ് പോയതിനാല്‍ സി.സി.ടി.വി. ദൃശ്യങ്ങള്‍ ലഭ്യമായിരുന്നില്ല. പിന്നീട് പ്രദേശത്തെ സി.സി.ടി.വി. ദൃശ്യങ്ങള്‍ പരിശോധിച്ച പോലീസ് സംശയാസ്പദമായി കണ്ട ഇരുചക്രവാഹനയാത്രികരെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണമാണ് പ്രതികളെ കുടുക്കിയത്. പുതുക്കാട് പോലീസ് സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ ടി.എന്‍. ഉണ്ണികൃഷ്ണന്‍, എസ്.ഐ. സിദ്ദിഖ് അബ്ദുള്‍ ഖാദര്‍, ക്രൈം സ്‌ക്വാഡ് അംഗങ്ങളായ ജിനുമോന്‍ തച്ചേത്ത്, സി.എ. ജോബ്, സതീശന്‍ മടപ്പാട്ടില്‍, റോയ് പൗലോസ്, പി.എം. മൂസ, വി.യു. സില്‍ജോ, എ.യു. റെജി, ബിനു എം.ജെ, ഷിജോ തോമസ്, പുതുക്കാട് എ.എസ്.ഐ. കെ.എസ്. സുമേഷ് എന്നിവരടങ്ങിയ സംഘമാണ് കേസന്വേഷിച്ചത്. മൊബൈല്‍ ഫോണും സ്‌കൂട്ടറും പോലീസ് കണ്ടെടുത്തിട്ടുണ്ട്.

പ്രതികള്‍ നായ്ക്കളുടെ കാവലില്‍; പോലീസ് വേഷംമാറിയെത്തി

ഹോട്ടല്‍ കുത്തിത്തുറന്ന് ലക്ഷങ്ങള്‍ മോഷ്ടിച്ച പ്രതികള്‍ ഒളിവില്‍ കഴിഞ്ഞത് മുന്തിയ ഇനം നായ്ക്കളുടെ കാവലില്‍. തോട്ടം തൊഴിലാളികളെ പോലെ വേഷംമാറിയെത്തിയാണ് പോലീസ് പ്രതികളെ കസ്റ്റഡിയിലെടുത്തത്. കോഴിക്കോട് - വയനാട് റൂട്ടില്‍ കരടിപ്പാറയിലെ മലമുകളിലാണ് പ്രതികള്‍ ഒളിവില്‍ കഴിഞ്ഞത്. മലമുകളില്‍ താത്കാലിക ഷെഡ് കെട്ടിയായിരുന്നു ഇവര്‍ ഒളിവില്‍ കഴിഞ്ഞിരുന്നത്.

പിടിയിലാകുമ്പോള്‍ അജ്മല്‍ സഞ്ചരിച്ചിരുന്ന ഇരുചക്രവാഹനം മോഷ്ടിച്ചതാണെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്ന് പന്നിയങ്കര പോലീസിന് കൈമാറി.