തൃശ്ശൂർ: കുട്ടനെല്ലൂരിൽ വനിതാ ഡോക്ടറെ കുത്തിക്കൊന്ന കേസിലെ പ്രതി ഒളിവിൽ കഴിഞ്ഞത് തൃശ്ശൂരിലെ വിവിധ കേന്ദ്രങ്ങളിൽ. കഴിഞ്ഞയാഴ്ചയാണ് ഡോ. സോനയെ കുത്തിപരിക്കേൽപ്പിച്ചതിന് പിന്നാലെ പാവറട്ടി സ്വദേശിയായ മഹേഷ് ഒളിവിൽപോയത്. കഴിഞ്ഞ ദിവസം വരെ പോലീസിന് മഹേഷിനെ പിടികൂടാൻ കഴിഞ്ഞിരുന്നില്ല. ചികിത്സയിലിരിക്കെ ഡോ. സോന ഞായറാഴ്ച രാവിലെ മരിച്ചിരുന്നു. ഇതോടെയാണ് മഹേഷിനെ പിടികൂടാനുള്ള ശ്രമങ്ങൾ പോലീസ് ഊർജ്ജിതമാക്കിയത്.

ചൊവ്വാഴ്ച രാവിലെ തൃശ്ശൂർ പൂങ്കുന്നത്ത് നിന്നാണ് മഹേഷിനെ പോലീസ് കസ്റ്റഡിയിലെടുത്തത്. അതേസമയം, പോലീസ് പിടിയിലാകുമെന്ന് ഉറപ്പായതിനാൽ അഭിഭാഷകനൊപ്പം കീഴടങ്ങാൻ പോകുന്നതിനിടെയാണ് മഹേഷിനെ പിടികൂടിയതെന്നും വിവരമുണ്ട്. സെപ്റ്റംബർ 29-ന് സോനയെ കുത്തി പരിക്കേൽപ്പിച്ച ശേഷം തൃശ്ശൂർ ജില്ലയിലെ കുന്നംകുളം, കൊടുങ്ങല്ലൂർ തുടങ്ങിയ മേഖലകളിലായിരുന്നു ഇയാൾ ഒളിവിൽ കഴിഞ്ഞിരുന്നത്.

കൊല്ലപ്പെട്ട സോനയ്ക്കൊപ്പം തനിക്കും ക്ലിനിക്കിൽ പങ്കാളിത്തമുണ്ടെന്നാണ് മഹേഷ് പോലീസിന് നൽകിയ മൊഴി. തൃശ്ശൂരിൽ ബി.ഡി.എസ്. പഠനത്തിന് വന്നപ്പോഴാണ് സോനയെ പരിചയപ്പെട്ടത്. പിന്നീട് സോന വിവാഹമോചനം നേടി തൃശ്ശൂരിലേക്കെത്തി. ഇരുവരും കുരിയാച്ചിറയിലെ ഫ്ളാറ്റിൽ ഒരുമിച്ച് താമസം ആരംഭിച്ചു. രണ്ട് വർഷം മുമ്പാണ് കുട്ടനെല്ലൂരിലെ ക്ലിനിക്ക് ആരംഭിക്കുന്നത്. ഇതിൽ താനും പണം മുടക്കിയിട്ടുണ്ടെന്നാണ് മഹേഷ് പോലീസിനോട് പറഞ്ഞിട്ടുള്ളത്. ക്ലിനിക്ക് ആരംഭിക്കാനും തുടർന്നുള്ള പ്രവർത്തനങ്ങൾക്കും താനും പണം മുടക്കിയിരുന്നു. എന്നാൽ മാസങ്ങൾ പിന്നിട്ടിട്ടും സോന വരുമാനത്തിലെ പങ്കോ മുടക്കിയ പണമോ തിരിച്ചുനൽകിയില്ല. ഇതോടെയാണ് ക്ലിനിക്കിലെ വരുമാനം മുഴുവൻ താനെടുക്കാൻ തുടങ്ങിയതെന്നും ഇയാൾ പോലീസിനോട് പറഞ്ഞു.

സോനയും മഹേഷും തമ്മിലുള്ള ഈ സാമ്പത്തിക തർക്കങ്ങളാണ് കൊലപാതകത്തിൽ കലാശിച്ചത്. മഹേഷിനെതിരേ സോന നേരത്തെ പോലീസിലും പരാതി നൽകിയിരുന്നു. ഇതിനു പിന്നാലെയാണ് ക്ലിനിക്കിലെത്തിയ മഹേഷ് സോനയെ കുത്തിപരിക്കേൽപ്പിച്ച് കടന്നുകളഞ്ഞത്. ചൊവ്വാഴ്ച അറസ്റ്റ് ചെയ്ത മഹേഷിനെതിരേ കൊലപാതകക്കുറ്റമടക്കം ചുമത്തിയിട്ടുണ്ട്. പ്രതിയെ വൈകിട്ടോടെ കോടതിയിൽ ഹാജരാക്കും.

Content Highlights:thrissur doctor sona murder case accused mahesh arrested by police