തൃശ്ശൂർ: പുതുക്കാട്ടെ സ്വകാര്യ ധനകാര്യസ്ഥാപനത്തിൽനിന്ന് 44 ലക്ഷം രൂപ ഓൺലൈനായി തട്ടിയ സംഘം ആദ്യം അയച്ച ഇ-മെയിൽ മഹാരാഷ്ട്രയിലെ ഒരു കമ്പനിയുടേത് എന്ന പേരിൽ. ആളുകളെ ആകർഷിക്കാൻ ഇത്തരം മെയിലുകളോ സന്ദേശങ്ങളോ അയയ്ക്കുന്ന രീതിയായ സൈബർ ഫിഷിങ്ങിന്റെ ചുവടുപിടിച്ച് നടന്ന അന്വേഷണത്തിലാണ് സൈബർ പോലീസിന് ഈ വിവരം കിട്ടിയത്.

12 ലക്ഷം രൂപ നിങ്ങളുടെ അക്കൗണ്ടിലേക്ക് ക്രെഡിറ്റ് ചെയ്തിരിക്കുന്നു എന്നായിരുന്നു ഇ-മെയിലിലെ ഉള്ളടക്കം. ഇതിനോട് പ്രതികരിച്ചതോടെയാണ് അക്കൗണ്ട് വിവരങ്ങൾ മുഴുവൻ ചോർത്തിയെടുത്തത്. തുടർന്ന് അക്കൗണ്ടുമായി ലിങ്ക് ചെയ്തിരുന്ന മൊബൈൽ നമ്പർ കണ്ടെത്തി അതിന്റെ ഡ്യൂപ്ലിക്കേറ്റ് ഉണ്ടാക്കുകയായിരുന്നു.

സ്ഥാപനത്തിലെ മാനേജരുടെ നമ്പറായിരുന്നു ഇത്. സിം കാർഡ് ബ്ലോക്കാക്കി തട്ടിപ്പുകാർ ജാർഖണ്ഡിലിരുന്ന് ഡ്യൂപ്ലിക്കേറ്റ് സിം ഉണ്ടാക്കുകയാണ് ചെയ്തത്.

രണ്ടുതവണയാണ് ഡ്യൂപ്ലിക്കേറ്റ് സിം കാർഡ് ഉണ്ടാക്കിയത്. ഈ പ്രവർത്തനം നടന്നത് ജാർഖണ്ഡിലായിരുന്നെങ്കിലും തട്ടിയ പണം കൈകാര്യം നടത്തിയത് ന്യൂഡൽഹി കേന്ദ്രമായ സംഘമാണെന്നാണ് സൂചന.

ഒരു പുതുതലമുറ ബാങ്കിന്റെ അക്കൗണ്ടുകളിലേക്കാണ് പണം മാറ്റിയിരിക്കുന്നത്.

ന്യൂഡൽഹിയിലും കൊൽക്കത്തയിലുമായി നാല് അക്കൗണ്ടുകളാണിത്.

ഈ അക്കൗണ്ടുകളുടെ വിവരങ്ങൾക്കായി സൈബർ പോലീസ് ബാങ്കിനെ സമീപിച്ചിട്ടുണ്ട്. അന്വേഷണം കാര്യക്ഷമമായി നടക്കുന്നുണ്ടെന്ന് റൂറൽ ജില്ലാ പോലീസ് മേധാവി ആർ. വിശ്വനാഥ് പറഞ്ഞു.

Content Highlights:thrissur cyber online fraud case