തൃശ്ശൂര്‍: ചേറ്റുവയില്‍നിന്ന് പിടിച്ചെടുത്ത 30 കോടി രൂപ വിലമതിക്കുന്ന തിമിംഗില വിസര്‍ജ്യം (ആംബര്‍ഗ്രിസ്) പ്രതികള്‍ക്ക് മീന്‍പിടിത്തക്കാരില്‍നിന്ന് കിട്ടിയതെന്ന് സൂചന. മലപ്പുറം ജില്ലയിലെ മീന്‍പിടിത്തക്കാരില്‍നിന്നാണെന്നാണ് വിവരം. പ്രതികള്‍ വനംവകുപ്പിന് ഇത് സംബന്ധിച്ച് മൊഴി നല്‍കിയെന്നാണ് സൂചന. എന്നാല്‍, ഇത് സ്ഥിരീകരിക്കാന്‍ പ്രതികളുമായി മലപ്പുറത്ത് എത്തി തെളിവെടുത്താല്‍ മാത്രമേ കഴിയൂ.

മൂല്യം മനസ്സിലാക്കാതെ മീന്‍പിടിത്തക്കാരില്‍ ഒരാള്‍ പ്രതികളിലൊരാളായ ഹംസയ്ക്ക് കൈമാറുകയായിരുന്നെന്നാണ് സൂചന. പ്രതികളെ ബുധനാഴ്ച കസ്റ്റഡിയില്‍ വാങ്ങും. തുടര്‍ന്ന് കൂടുതല്‍ ചോദ്യംചെയ്ത ശേഷം മലപ്പുറത്തെത്തി തെളിവെടുക്കാനാണ് ശ്രമം.

ഇടപാടിനു പിന്നില്‍ വലിയൊരു സംഘം തന്നെ കേരളത്തിനകത്തും മറ്റ് സംസ്ഥാനങ്ങളിലും ഉണ്ടെന്നാണ് വനംവകുപ്പിന് ലഭിച്ച വിവരം. സുഗന്ധദ്രവ്യ നിര്‍മാണത്തിനുപയോഗിക്കുന്ന അസംസ്‌കൃതവസ്തുവായ 18 കിലോ തിമിംഗിലവിസര്‍ജ്യവുമായി റഫീഖ്, ഫൈസല്‍, ഹംസ എന്നിവരെയാണ് വനംവകുപ്പ് ഫ്ളയിങ് സ്‌ക്വാഡ് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തത്.