ചേര്‍പ്പ്(തൃശ്ശൂര്‍): മാനസികവെല്ലുവിളി നേരിടുന്ന മകളെ അച്ഛന്‍ വെട്ടിക്കൊലപ്പെടുത്തും മുമ്പ് നെഞ്ചില്‍ ചവിട്ടി വാരിയെല്ലുകള്‍ തകര്‍ത്തു. വെട്ടിയതു കൂടാതെ കഴുത്തിന് പിന്നില്‍ അറത്തു. വെങ്ങിണിശ്ശേരി എം.എസ്. നഗറില്‍ താമസിക്കുന്ന ചേനം പണിക്കശ്ശേരി സുരേഷിന്റെ മകള്‍ ശ്രിദ്യ(24)യുടെ അതിദാരുണമായ മരണത്തെക്കുറിച്ച് കഴിഞ്ഞ ദിവസമാണ് കൂടുതല്‍ വെളിപ്പെടുത്തലുകള്‍ ഉണ്ടായത്.

ഇരു ഭാഗത്തെയും വാരിയെല്ലുകള്‍ തകര്‍ന്നതായി പോസ്റ്റുമോര്‍ട്ടം പരിശോധനയില്‍ കണ്ടെത്തി. വെങ്ങിണിശ്ശേരി സാന്ത്വനം ബഡ്‌സ് സ്‌കൂളിലെ വിദ്യാര്‍ഥിനിയായ ശ്രിദ്യ ജനുവരി മൂന്നിനാണ് കൊല്ലപ്പെട്ടത്. ആത്മഹത്യാഭീഷണി മുഴക്കി സൈക്കിള്‍പമ്പുകൊണ്ട് ഭാര്യയെയും മക്കളെയും ആക്രമിക്കാന്‍ ഒരുങ്ങിയപ്പോള്‍ ഭാര്യയും മാനസിക വെല്ലുവിളി നേരിടുന്ന ഇളയ മകനും അടുക്കളയിലേക്ക് ഓടി. മകള്‍ ശ്രിദ്യ കിടപ്പുമുറിയിലേക്കും പോയി. പിന്നാലെയെത്തി മുറിയില്‍ക്കയറി വാതിലടച്ച സുരേഷ്, കട്ടിലില്‍ ഭയന്നു കിടക്കുകയായിരുന്ന ശ്രിദ്യയുടെ നെഞ്ചിന്റെ ഇരുഭാഗത്തും ചവിട്ടി.

Read Also: മാനസികവെല്ലുവിളി നേരിടുന്ന മകളെ വെട്ടിക്കൊന്നു; സ്വയം വെട്ടിപരിക്കേല്‍പ്പിച്ച അച്ഛന്‍ ആശുപത്രിയില്‍...

 

കട്ടിലില്‍നിന്ന് കമിഴ്ന്ന് നിലത്തുവീണ ശ്രിദ്യയുടെ പിന്‍കഴുത്തില്‍ വലിയ കത്തി ഉപയോഗിച്ച് വെട്ടി. ആശുപത്രിയില്‍നിന്ന് സുരേഷിനെ കഴിഞ്ഞ ദിവസം തെളിവെടുപ്പിന് കൊണ്ടുവന്നു. ഉണ്ടായ സംഭവങ്ങള്‍ ഒരു കൂസലും ഇല്ലാതെ സുരേഷ് പോലീസിനോട് ഏറ്റുപറഞ്ഞു. കൃത്യത്തിനുശേഷം സുരേഷ് തലയില്‍ സ്വയം വെട്ടി പരിക്കേല്‍പ്പിച്ചിരുന്നു. ആശുപത്രി വിട്ട സുരേഷിന്റെ അറസ്റ്റ് പോലീസ് രേഖപ്പെടുത്തി. തെളിവെടുപ്പിനുശേഷം സുരേഷിനെ കോടതിയില്‍ ഹാജരാക്കി. ചേര്‍പ്പ് ഇന്‍സ്‌പെക്ടര്‍ ടി.വി. ഷിബു ആണ് കേസന്വേഷിക്കുന്നത്.