ചേര്‍പ്പ്: ''മക്കളെ അത്രയ്ക്കും സ്‌നേഹിച്ചവരായിരുന്നു ആ അച്ഛനും അമ്മയും. ക്രൂരമായി കൊല്ലാന്‍മാത്രം അവരെന്ത് തെറ്റുചെയ്തു''. മകന്റെ അടിയേറ്റ് അവിണിശ്ശേരിയിലെ വൃദ്ധമാതാപിതാക്കള്‍ കൊല്ലപ്പെട്ടതിന്റെ ആഘാതത്തില്‍ ആ നാട് പറഞ്ഞു. വീട്ടില്‍ വഴക്ക് പതിവായിരുന്നു. പ്രശ്‌നപരിഹാരത്തിന് ഇടയ്ക്ക് പോലീസും എത്താറുണ്ട്. എന്നാല്‍, പര്യവസാനം ഇങ്ങനെയൊരു ദുരന്തമാകുമെന്ന് ആരും കരുതിയില്ല.

മരിച്ച രാമകൃഷ്ണനെയും തങ്കമണിയെയുംകുറിച്ച് നല്ലതുമാത്രമേ എല്ലാവര്‍ക്കും പറയാനുള്ളൂ. ഏഴുകമ്പനിയിലെ മരക്കമ്പനികളില്‍ പണിയെടുത്താണ് നാലുമക്കളെ വളര്‍ത്തിയത്. നാലുപേരുടെയും വിവാഹം നടത്തിയതിനുശേഷം ഉണ്ടായിരുന്ന വീടുംപറമ്പും വിറ്റ് ഭൂരിഭാഗം സ്വത്തും മക്കള്‍ക്ക് വീതംവെച്ചുനല്‍കി. മൂത്തമകന്‍ പ്രദീപിന്റെ വീട്ടിലായിരുന്നു താമസം. കുറച്ചുനാള്‍ മുമ്പുവരെ താമസിച്ചിരുന്ന കൊച്ചു ഷെഡ്ഡിനുപകരം സര്‍ക്കാര്‍ സഹായവും ഒപ്പം തങ്കമണി നല്‍കിയ പണവും കൂട്ടിച്ചേര്‍ത്ത് പ്രദീപ് പുതിയ വീട് നിര്‍മിച്ചിരുന്നു. പ്രദീപ് ഇടയ്ക്കുമാത്രമാണ് ജോലിക്കുപോകുക. ഭാര്യ കടയില്‍പ്പോയി കിട്ടുന്നതാണ് കുടുംബത്തിന്റെ ഉപജീവനം.

ചെറിയ പലിശയ്ക്ക് പണം നല്‍കിയതില്‍നിന്നുള്ള വരുമാനവും രാമകൃഷ്ണന്റെയും തങ്കമണിയുടെയും പെന്‍ഷന്‍തുകയുടെ ഒരു ഭാഗവും പ്രദീപിന് കൊടുക്കാറുണ്ട്. ഇതെല്ലാം മദ്യപാനത്തിനായാണ് പ്രദീപ് ചെലവാക്കുക. മദ്യപിച്ചെത്തി രാമകൃഷ്ണനെയും തങ്കമണിയെയും മര്‍ദിക്കുക പതിവായിരുന്നു. ചൊവ്വാഴ്ച അഞ്ചുമണിയോടെ പ്രദീപ് മദ്യപിച്ചെത്തുകയും വീട്ടില്‍ ഇടയ്ക്കിടെ ബഹളം കേള്‍ക്കുകയും ചെയ്‌തെന്ന് പരിസരവാസികള്‍ പറയുന്നു.

മകന്‍ അറസ്റ്റില്‍ 

ചേര്‍പ്പ്: വയോധികരായ മാതാപിതാക്കള്‍ തലയ്ക്കടിയേറ്റ് കൊല്ലപ്പെട്ട കേസില്‍ മകനെ പോലീസ് അറസ്റ്റ് ചെയ്തു. അവിണിശ്ശേരി ഏഴുകമ്പനി വഴിയില്‍ വള്ളിശ്ശേരി കറുത്തേടത്ത് രാമകൃഷ്ണന്‍ (85), ഭാര്യ തങ്കമണി (75) എന്നിവരാണ് മരിച്ചത്. മകന്‍ പ്രദീപി (50)നെയാണ് നെടുപുഴ പോലീസ് അറസ്റ്റ് ചെയ്തത്. ഇയാള്‍ മദ്യപിച്ചിരുന്നതായി പോലീസ് പറഞ്ഞു. സംഭവത്തിന് ശേഷം പ്രദേശത്ത് അക്രമാസക്തനായി നടക്കുകയായിരുന്നു ഇയാള്‍.

ചൊവ്വാഴ്ച വൈകീട്ടാണ് സംഭവം. വഴക്കിനിടെ കമ്പിപ്പാരകൊണ്ട് ഇരുവരുടെയും തലയ്ക്കും കഴുത്തിനും അടിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. രക്തത്തില്‍ കുളിച്ചുകിടന്ന ഇവരെ നാട്ടുകാര്‍ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും രാമകൃഷ്ണന്‍ ചൊവ്വാഴ്ച രാത്രിയും തങ്കമണി ബുധനാഴ്ച പുലര്‍ച്ചെയും മരിച്ചു. അക്രമം നടത്തിയശേഷം മാതാപിതാക്കളെ താന്‍ തല്ലിക്കൊന്നു എന്ന് അയല്‍ക്കാരോടും നാട്ടുകാരോടും പറഞ്ഞുനടന്ന പ്രദീപ്, ആനക്കല്ല് സെന്ററില്‍ ആളുകളെ വെല്ലുവിളിക്കുകയും അടിപിടി ഉണ്ടാക്കുകയും ചെയ്തതായി പോലീസ് പറഞ്ഞു.

പ്രദീപ് മദ്യപിച്ച് മാതാപിതാക്കളുമായി വഴക്കിടുക പതിവായിരുന്നുവെന്ന് നാട്ടുകാര്‍ പറഞ്ഞു. പലതവണ പോലീസില്‍ പരാതിപ്പെട്ടിട്ടും ഫലമുണ്ടായില്ല. ശല്യംമൂലം സെപ്റ്റംബര്‍ അഞ്ചിന് പ്രദീപിന്റെ ഭാര്യ മക്കളേയുംകൊണ്ട് സ്വന്തം വീട്ടില്‍ പോയിരുന്നു. ചൊവ്വാഴ്ച വൈകീട്ട് അഞ്ചോടെ മദ്യപിച്ച് വീട്ടിലെത്തിയ പ്രദീപ് മാതാപിതാക്കളെ ചീത്തവിളിക്കുകയും ആറരയോടെ അക്രമം നടത്തുക യുമായിരുന്നുവെന്ന് പോലീസ് പറഞ്ഞു. കുറെനാളായി ഓര്‍മ നഷ്ടപ്പെട്ട അവസ്ഥയില്‍ അവശനിലയിലാണ് രാമകൃഷ്ണന്‍. ഭര്‍ത്താവിനെ അടിക്കുന്നതു കണ്ട് തടയാന്‍ ശ്രമിക്കുന്നതിനിടെയാണ് തങ്കമണിക്കും അടിയേറ്റത്.

എ.സി.പി. വി.കെ. രാജുവിന്റെ നേതൃത്വത്തില്‍ പോലീസും സി.സി. മുകുന്ദന്‍ എം.എല്‍.എ., പഞ്ചായത്ത് പ്രസിഡന്റ് ഹരി സി. നരേന്ദ്രന്‍ എന്നിവരടങ്ങിയ ജനപ്രതിനിധികളും സ്ഥലത്തെത്തി. രാമകൃഷ്ണന്റെയും തങ്കമണിയുടെയും മറ്റു മക്കള്‍: ഉഷ, ഗീത, പ്രസാദ്. മരുമക്കള്‍: രവി, സത്യന്‍, സീന, ഷീജ.

കൗണ്‍സിലിങ് നല്‍കിയാല്‍ ദുരന്തങ്ങള്‍ ഒഴിവാക്കാം

സ്വഭാവവൈകല്യങ്ങള്‍ കണ്ടാല്‍ ഇത്തരം ദുരന്തങ്ങള്‍ സംഭവിക്കുംമുമ്പ് അതിന്റെ കാരണം കണ്ടെത്തി പരിഹരിക്കേണ്ടതുണ്ട്. കൗണ്‍സിലിങ് നടത്തിയാല്‍ ഒരു പരിധിവരെ ദുരന്തങ്ങള്‍ തടയാം. മദ്യപാനമാണ് എല്ലാത്തിനും കാരണമെന്ന ലാഘവമരുത്. ശരിയായ പ്രശ്‌നം കണ്ടെത്തി അവ പരിഹരിക്കാനാണ് നോക്കേണ്ടത്.

കെ.ജി. ജയേഷ്, സൈക്കോളജിസ്റ്റ്, ഇരിങ്ങാലക്കുട ജനറല്‍ ആശുപത്രി

മക്കള്‍ ഉപദ്രവിക്കുന്നോ? പരാതിപ്പെടാന്‍ ഇടമുണ്ട്

തൃശ്ശൂര്‍: പ്രായമേറുമ്പോള്‍ മക്കള്‍ക്ക് തങ്ങളെ വേണ്ടാതാകുന്നുണ്ടോ? അവര്‍ നിങ്ങളെ ഉപദ്രവിക്കുന്നുണ്ടോ? നിങ്ങള്‍ക്ക് പരാതിപ്പെടാന്‍ ഇടമുണ്ട്.

മാതാപിതാക്കളുടേയും മുതിര്‍ന്ന പൗരന്‍മാരുടേയും ക്ഷേമത്തിനും സംരക്ഷണത്തിനും 2007-ല്‍ പാര്‍ലമെന്റ് പാസാക്കിയ നിയമം നിലവിലുണ്ട്. സംരക്ഷണം കിട്ടാത്ത മുതിര്‍ന്ന മാതാപിതാക്കള്‍ക്ക് പരാതിപ്പെടാനുള്ള ഇടമാണ് സംസ്ഥാന സാമൂഹികനീതി വകുപ്പിന്റെ കീഴിലുള്ള മെയിന്റനന്‍സ് ട്രിബ്യൂണല്‍. മക്കളില്‍നിന്നോ ബന്ധുക്കളില്‍നിന്നോ പേരക്കുട്ടികളില്‍നിന്നോ ജീവനാംശത്തിനും ഭക്ഷണത്തിനും സംരക്ഷണത്തിനും അവകാശമുന്നയിക്കാമെന്ന് ഈ നിയമം വ്യവസ്ഥ ചെയ്യുന്നു. മാതാപിതാക്കളെ ഉപേക്ഷിക്കുന്നവര്‍ക്കും പീഡിപ്പിക്കുന്നവര്‍ക്കും മൂന്നുമാസം തടവും 5000 രൂപ പിഴയുമാണ് ശിക്ഷ.

അപേക്ഷ നല്‍കേണ്ടതെവിടെ

സ്വയം വരുമാനം കണ്ടെത്താനാവാത്ത മാതാപിതാക്കള്‍ക്ക് ട്രിബ്യൂണലില്‍ അപേക്ഷ നല്‍കാം. മെയിന്റനന്‍സ് ട്രിബ്യൂണലായ ആര്‍.ഡി.ഒ. ഓഫീസിലാണ് അപേക്ഷ നല്‍കേണ്ടത്. എതിര്‍കക്ഷി താമസിക്കുന്ന ജില്ലയിലെ ട്രിബ്യൂണലിലും അപേക്ഷ നല്‍കാം. മക്കള്‍ ദ്രോഹിക്കുന്നുണ്ടെന്ന് ബോധ്യപ്പെട്ടാല്‍ ട്രിബ്യൂണലിന് സ്വമേധയാ കേസെടുക്കാം.

മക്കള്‍ വഞ്ചനയിലൂടെയോ ഭീഷണിയിലൂടെയോ ആണ് സ്വത്ത് നേടിയെടുത്തതെന്ന് ബോധ്യപ്പെട്ടാല്‍ ആ സ്വത്ത് കൈമാറ്റം അസാധുവാക്കുന്നതിനും ട്രിബ്യൂണലുകള്‍ക്ക് അധികാരമുണ്ട്.

ജില്ലയില്‍ രണ്ട് ട്രിബ്യൂണലുകളാണുള്ളത്. തൃശ്ശൂര്‍ (ഫോണ്‍: 0487 2360100), ഇരിങ്ങാലക്കുട (ഫോണ്‍: 0480 2820888).

സംരക്ഷിച്ചില്ലെങ്കില്‍ കര്‍ശന നടപടി-പോലീസ്

മാതാപിതാക്കളെ സംരക്ഷിക്കാത്തവരുടെ പേരില്‍ കര്‍ശന നിയമനടപടികള്‍ സ്വീകരിക്കുമെന്ന് സിറ്റി പോലീസ് കമ്മിഷണര്‍ ആര്‍. ആദിത്യ അറിയിച്ചു. അവഗണനയും സാമ്പത്തിക ചൂഷണവും സഹിക്കവയ്യാതെയാണ് പലരും മക്കള്‍ക്കും മരുമക്കള്‍ക്കുമെതിരേ പരാതികളുമായി പോലീസ് സ്റ്റേഷനുകളിലേക്ക് എത്താറുള്ളത്. വ്യക്തിക്കോ സംഘടനകള്‍ക്കോ ബന്ധപ്പെട്ട പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കാമെന്നും അദ്ദേഹം പറഞ്ഞു.