കുന്നംകുളം: തൃശ്ശൂര്‍ പൂത്തോളില്‍നിന്ന് തട്ടിക്കൊണ്ടുപോയ നാലുവയസ്സുകാരിയെ മണിക്കൂറുകള്‍ക്കകം കുന്നംകുളത്ത് കണ്ടെത്തി. ഉത്തര്‍പ്രദേശ് ഖരഗ്പുര്‍ സ്വദേശികളായ രമേശിന്റെയും പൂനത്തിന്റെയും മകള്‍ കാജലിനെയാണ് തട്ടിക്കൊണ്ടുപോയത്. കൊല്ലം കുണ്ടറ ജയന്തി കോളനിയില്‍ താമസിക്കുന്ന വിജയ(45)നെ പോലീസ് അറസ്റ്റ് ചെയ്തു.

ബുധനാഴ്ച വൈകീട്ട് നാലോടെയാണ് സംഭവം. പൂനത്തിന്റെ സഹോദരി റീനയുടെയും കുടുംബത്തിന്റെയും ഒപ്പമാണ് കാജല്‍ താമസിക്കുന്നത്. പൂത്തോള്‍ പോട്ടയില്‍ ലെയിനില്‍ വാടകയ്ക്കാണ് താമസം. വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കുകയായിരുന്നു കാജല്‍. റീനയുടെ മക്കളായ പ്രിന്‍സ്, ആകാശ് എന്നിവരും ഒപ്പമുണ്ടായിരുന്നു. ഇവര്‍ പിന്നീട് ട്യൂഷന് പോയി. കുട്ടി അടുത്ത വീട്ടില്‍ കളിക്കുന്നുണ്ടാകുമെന്നും ഇവര്‍ കരുതി.
  
tcrരാത്രിയാകാന്‍ തുടങ്ങിയതോടെയാണ് കുട്ടിയെ കാണാനില്ലെന്ന വിവരം അറിയുന്നത്. അയല്‍വാസിയായ ഫ്രാന്‍സിസിനോട് പറഞ്ഞപ്പോള്‍ മൂകനായി അഭിനയിച്ച ഒരാള്‍ യാചകനായി വന്നിരുന്നതായി പറഞ്ഞു. വെസ്റ്റ് പോലീസ് സ്റ്റേഷനില്‍ വിവരം അറിയിച്ച് അവിടെനിന്ന് മറ്റ് സ്റ്റേഷനുകളിലേക്ക് സന്ദേശം നല്‍കി.

കുന്നംകുളം ബൈജു തിയേറ്ററിന് സമീപം അരിമാര്‍ക്കറ്റ് റോഡിലാണ് കച്ചവടക്കാര്‍ വിജയനോടൊപ്പം സംശയകരമായ രീതിയില്‍ കുട്ടിയെ കണ്ടത്. കുട്ടി കരയുന്നുണ്ടായിരുന്നു. വിജയന്‍ മദ്യപിച്ച് അവശനുമായിരുന്നു. കച്ചവടക്കാര്‍ രണ്ടുപേരെയും പിടിച്ചുനിര്‍ത്തി പോലീസിനെ വിവരം അറിയിച്ചു. പോലീസെത്തി രണ്ടുപേരെയും സ്റ്റേഷനില്‍ എത്തിച്ചു. തൃശ്ശൂര്‍ വെസ്റ്റ് സ്റ്റേഷനില്‍നിന്ന് കുട്ടിയെ തട്ടിക്കൊണ്ടുപോന്നതായി സംശയിക്കുന്നയാളുടെ ചിത്രം കിട്ടിയതോടെ വേഗത്തില്‍ സ്ഥിരീകരിക്കാനായി.

രാത്രി എട്ടരയോടെ റീനയും ബന്ധുക്കളുമെത്തി കുട്ടിയെ കൂട്ടിക്കൊണ്ടുപോയി. വെസ്റ്റ് എസ്.ഐ. എ.പി. അനീഷിന്റെ നേതൃത്വത്തിലാണ് വിജയനെ കസ്റ്റഡിയിലെടുത്തത്.