തൃപ്പൂണിത്തുറ: ''അതിനുശേഷം ശരിക്ക് ഉറങ്ങിയിട്ടു പോലുമില്ല. ഇപ്പോഴും പേടിയാണ്. രാത്രിയില്‍ ആശുപത്രിയിലെ മുറിയുടെ വാതിലില്‍ നഴ്സ് മുട്ടുമ്പോള്‍ പോലും ഞെട്ടി എണീക്കുകയായിരുന്നു. അക്രമികളായ ആ കവര്‍ച്ചക്കാര്‍ മനസ്സില്‍ നിന്നു മായുന്നില്ല'' - കവര്‍ച്ചക്കാരുടെ അക്രമത്തിനിരയായ എരൂര്‍ നന്ദപ്പിള്ളില്‍ വീട്ടില്‍ ആനന്ദകുമാറിന്റെ വാക്കുകളാണിത്.

തലയ്ക്ക് അടിയും മര്‍ദനവുമൊക്കെയേറ്റ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ആനന്ദ കുമാര്‍ ചൊവ്വാഴ്ച രാത്രി വീട്ടിലെത്തി. തലയ്ക്ക് രണ്ടു ഭാഗങ്ങളില്‍ മുറിവുള്ള ഇദ്ദേഹത്തിന്റെ രണ്ട് വാരിയെല്ലുകളും ഒടിഞ്ഞിട്ടുണ്ട്. കവര്‍ച്ചക്കാര്‍ നിലത്തിട്ട് ചവിട്ടിയതിനെ തുടര്‍ന്നാണ് വാരിയെല്ലിന് ഒടിവുണ്ടായിരിക്കുന്നത്. ജീവന്‍ തിരിച്ചുകിട്ടുമെന്ന് ഓര്‍ത്തതല്ല. വലിയ ആശ്വാസം. മുറിയില്‍ അര മണിക്കൂര്‍ കൂടി ആ കിടപ്പ് കിടന്നിരുന്നെങ്കില്‍... തലയില്‍നിന്ന് രക്തം പൊയ്ക്കൊണ്ടിരിക്കുന്നു. ശ്വാസം കിട്ടാത്ത അവസ്ഥയുമായിരുന്നു-ആനന്ദ് കുമാര്‍ പറഞ്ഞു.

ആനന്ദകുമാറിന്റെ വാക്കുകള്‍: മൂത്ത മകന്‍ ദീപക് കലൂര്‍ സ്റ്റേഡിയത്തില്‍ ഫുട്ബോള്‍ കളി കണ്ടു കഴിഞ്ഞ് വന്നപ്പോള്‍ രണ്ടു മണിയെങ്കിലും ആയിട്ടുണ്ടാകും. അപ്പോഴാണ് ഉറങ്ങാന്‍ കിടന്നത്. കുറെ കഴിഞ്ഞപ്പോള്‍ മുറിയുടെ വാതിലില്‍ മുട്ടുന്നതു കേട്ടു. മകനാകുമെന്നാണ് വിചാരിച്ചത്. വാതില്‍ തുറന്നപ്പോള്‍ തന്നെ അഞ്ചാറു പേര്‍ തള്ളി അകത്തു കയറി. യുവാക്കളായിരുന്നു. ഒരാള്‍ വായ തുണി കൊണ്ട് വരിഞ്ഞുകെട്ടി. മറ്റൊരാള്‍ കണ്ണും കെട്ടി. ഒപ്പം തലയ്ക്കടിയേറ്റു. നിലത്തിട്ട് ചവിട്ടുകയും ചെയ്തു. വായില്‍ തുണി കുത്തിത്തിരുകുകയും ചെയ്തു.
 
വീട്ടിനുള്ളില്‍ എന്താണ് നടക്കുന്നതെന്നുപോലും അറിയാതെ പരിഭ്രമിച്ചു. ഉച്ചത്തില്‍ ഭാര്യയുടെ കരച്ചിലും കേട്ടു. 'കോപ്പറേറ്റ് കോപ്പറേറ്റ്' എന്ന് ഒരാള്‍ പറയുന്നുണ്ടായിരുന്നു. ഭാര്യ ഷാരിയെ എടുത്തു കൊണ്ടുപോകുമ്പോഴുള്ള കരച്ചിലാണ് കേട്ടത്. രണ്ടു മണിക്കൂറോളം കഴിഞ്ഞിട്ടുണ്ടാകും. ഒരാള്‍ വന്ന് കൈയിലെ കെട്ടഴിക്കാന്‍ നോക്കി. പറ്റാതെ വന്നപ്പോള്‍ അയാള്‍ കത്തി കൊണ്ട് കെട്ട് മുറിക്കുകയായിരുന്നു. കത്തി കൊണ്ട് കൈക്ക് മുറിവും ഉണ്ട്. കെട്ടഴിച്ചയാള്‍ ഉടന്‍ എന്നെ കമിഴ്ത്തിയിട്ട് കൈകളും കാലുകളും ഒരുമിച്ച് കൂട്ടിക്കെട്ടുകയായിരുന്നു.
 
അനങ്ങാന്‍ പോലും പറ്റാതായി. വായില്‍ വീണ്ടും കുറെ തുണി കൂടി തിരുകിക്കയറ്റിയ ശേഷമാണ് അയാള്‍ പോയത്. കൈ വിരലിലെ സ്വര്‍ണ മോതിരവും ഊരിയെടുത്താണ് അയാള്‍ പോയത്. മകള്‍ക്കും അമ്മയ്ക്കും ഭാര്യക്കുമൊക്കെ എന്തു പറ്റിയെന്നോ, അവരെവിടെയാണെന്നോ എന്നൊന്നും അറിയാനായില്ല. കൈകാലുകള്‍ മരവിച്ചു തുടങ്ങിയിരുന്നു. കുറെ കഴിഞ്ഞപ്പോള്‍ അക്രമികള്‍ പോയി എന്നു തോന്നി. പിന്നീട് ആരോ വന്ന് കെട്ടുകള്‍ അഴിച്ചു-ആനന്ദകുമാര്‍ പറഞ്ഞു.