മുംബൈ: അശ്ലീലം കലര്‍ന്ന വീഡിയോ ചിത്രീകരിച്ച് പ്രചരിപ്പിച്ച മൂന്ന് യൂട്യൂബര്‍മാര്‍ പിടിയില്‍. താനെ സ്വദേശികളായ മുകേഷ് ഗുപ്ത(29) ജിതേന്ദ്ര ഗുപ്ത(25) പ്രിന്‍സ് കുമാര്‍ സാവ്(23) എന്നിവരെയാണ് മുംബൈ പോലീസിന്റെ സൈബര്‍ സെല്‍ പിടികൂടിയത്. പ്രാങ്ക് വീഡിയോ ചിത്രീകരണത്തിന്റെ പേരില്‍ പെണ്‍കുട്ടികളോട് മോശമായി പെരുമാറിയതിനും പെണ്‍കുട്ടികളെ ഉപദ്രവിച്ചതിനും പ്രതികള്‍ക്കെതിരേ കേസെടുത്തിട്ടുണ്ട്. 

2008-ലെ പത്താംക്ലാസ് പരീക്ഷയില്‍ 98.5 ശതമാനം മാര്‍ക്കോടെ പാസായ മുകേഷ് ഗുപ്ത നഗരത്തില്‍ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് ട്യൂഷനെടുക്കുന്ന ആളാണെന്നാണ് പോലീസ് പറയുന്നത്. മറ്റു രണ്ടുപ്രതികളും മുകേഷിന്റെ സഹായികളായിരുന്നു. അശ്ലീലം കലര്‍ന്ന പ്രാങ്ക് വീഡിയോകള്‍ക്ക് നിരവധി കാഴ്ചക്കാരെ ലഭിക്കുന്നത് മനസിലാക്കിയാണ് മൂവരും ഇത്തരത്തിലുള്ള വീഡിയോ ചിത്രീകരിക്കാന്‍ ആരംഭിച്ചത്. പ്രതികള്‍ക്ക് 17 യൂട്യൂബ് ചാനലുകളും ഫെയ്‌സ്ബുക്ക് പേജുകളുമുണ്ട്. ഇതിലെല്ലാമായി 20 മില്ല്യണ്‍ സബ്‌സ്‌ക്രൈബേഴ്‌സുമുണ്ട്. ലോക്ക്ഡൗണ്‍ കാലത്ത് സാമൂഹികമാധ്യമങ്ങളില്‍ ഇത്തരം വീഡിയോ അപ് ലോഡ് ചെയ്ത് പ്രചരിപ്പിച്ചതിലൂടെ ഏകദേശം രണ്ട് കോടി രൂപ പ്രതികള്‍ സമ്പാദിച്ചതായും പോലീസ് പറഞ്ഞു. 

പ്രാങ്ക് വീഡിയോ എന്ന പേരിലാണ് പ്രതികള്‍ പെണ്‍കുട്ടികളോട് അശ്ലീലം സംസാരിക്കുകയും ഉപദ്രവിക്കാന്‍ ശ്രമിക്കുകയും ചെയ്തിരുന്നത്. ഇത്തരത്തില്‍ വീഡിയോ ചിത്രീകരണത്തിനിടെ ഉപദ്രവം നേരിട്ട അഞ്ച് പെണ്‍കുട്ടികളാണ് പോലീസില്‍ പരാതി നല്‍കിയത്. പ്രായപൂര്‍ത്തിയാവാത്ത ഒരു പെണ്‍കുട്ടിയും ഇതില്‍ ഉള്‍പ്പെടുന്നു. പ്രാങ്ക് വീഡിയോയുടെ പേരില്‍ തങ്ങളെ കയറിപിടിച്ചെന്നും ഉപദ്രവിച്ചെന്നുമായിരുന്നു പരാതി. തുടര്‍ന്ന് സൈബര്‍ സെല്‍ കേസെടുത്ത് അന്വേഷണം ആരംഭിക്കുകയും പ്രതികളെ പിടികൂടുകയുമായിരുന്നു. 

പ്രതികള്‍ ഇതുവരെ മൂന്നുറോളം വീഡിയോകള്‍ സാമൂഹികമാധ്യമങ്ങളിലൂടെ അപ് ലോഡ് ചെയ്തിരുന്നതായി പോലീസ് പറഞ്ഞു. ഇവരില്‍നിന്ന് അഞ്ച് ലാപ്‌ടോപ്പുകളും നാല് മൊബൈല്‍ ഫോണുകളും ഒരു ക്യാമറയും പിടിച്ചെടുത്തു. പ്രതികള്‍ക്കെതിരേ ഐടി നിയമത്തിന് പുറമേ പോക്‌സോ വകുപ്പ് പ്രകാരവും കേസെടുത്തതായും വീഡിയോ ചിത്രീകരിക്കാന്‍ മുകേഷ് ഗുപ്ത വിദ്യാര്‍ഥികളെ ദുരുപയോഗം ചെയ്‌തോ എന്നതടക്കം പരിശോധിച്ചുവരികയാണെന്നും പോലീസ് പറഞ്ഞു.  

Content Highlights: three youtubers arrested in mumbai for filming obscene prank videos