കൊട്ടിയം : വീട്ടുവഴക്കിനിടെ മൂന്നുവയസ്സുകാരിയുടെ ശരീരത്തില്‍ തിളച്ച മീന്‍കറി വീണ് ഗുരുതരമായി പൊള്ളലേറ്റു. സംഭവത്തില്‍ കുട്ടിയുടെ മുത്തച്ഛനെയും പിതൃസഹോദരിയെയും കണ്ണനല്ലൂര്‍ പോലീസ് അറസ്റ്റ് ചെയ്തു. മുഖത്തും നെഞ്ചിലും കൈകളിലും സാരമായി പൊള്ളലേറ്റ കുട്ടിയെ പാലത്തറയിലെ സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കൊല്ലം നെടുമ്പന പുത്തന്‍ചന്ത ശ്രേയസില്‍ ശിവന്‍കുട്ടി (67), ഇയാളുടെ മകള്‍ പരവൂര്‍ കൂനയില്‍ അക്ഷയയില്‍ സിത്താര (32) എന്നിവരാണ് അറസ്റ്റിലായത്.

വ്യാഴാഴ്ച രാവിലെ പത്തരയോടെയായിരുന്നു സംഭവം. ശിവന്‍കുട്ടി ആര്‍.പി.എഫില്‍നിന്ന് വിരമിച്ച എസ്.ഐ. ആണ്. കുടുംബസ്വത്തുമായി ബന്ധപ്പെട്ട തര്‍ക്കമാണ് സംഭവത്തില്‍ കലാശിച്ചത്.

സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നത്: കുട്ടിയുടെ അച്ഛനും ശിവന്‍കുട്ടിയുടെ മകനുമായ ശരത്ലാല്‍ ഹൈദരാബാദില്‍ എന്‍ജിനീയറാണ്. നാലുമാസംമുന്‍പ് നാട്ടിലെത്തിയ ഇയാള്‍ മുംബൈ സ്വദേശിനിയായ ഭാര്യ ഷബാനയെയും മകളെയും കുടുംബവീട്ടിലാക്കിയശേഷമാണ് ഹൈദരാബാദിലേക്ക് മടങ്ങിയത്. ശരത്ലാലിന്റെ സഹോദരി സിത്താര കാനഡയില്‍ ഉപരിപഠനത്തിന് പോകുന്നതിന് ബോണ്ട് സമര്‍പ്പിക്കണമെന്ന ആവശ്യം പറഞ്ഞ് സഹോദരന്റെ വക സ്വത്തുക്കള്‍കൂടി എഴുതിവാങ്ങി. അതിനുശേഷം കാനഡയില്‍ പോകുന്നത് ഉപേക്ഷിച്ചു. സഹോദരന്റെ ഭാര്യയും കുട്ടിയും വീട്ടില്‍നിന്നിറങ്ങണമെന്നാവശ്യപ്പെട്ട് വഴക്ക് പതിവായിരുന്നതായും പറയുന്നു. വ്യാഴാഴ്ച രാവിലെയും പതിവുപോലെ ഇതുസംബന്ധിച്ച് വീട്ടില്‍ തര്‍ക്കം നടന്നു. ഇതറിഞ്ഞ ശിവന്‍കുട്ടി മകളെ കൈയേറ്റം ചെയ്‌തെന്ന് ആരോപിച്ച് മകന്റെ ഭാര്യയെയും കുട്ടിയെയും ആക്രമിക്കുകയായിരുന്നു. ഇതിനിടെയാണ് അടുപ്പില്‍ തിളച്ചുകൊണ്ടിരുന്ന മീന്‍കറി കുട്ടിയുടെ ശരീരത്തിലേക്ക് വീണത്.

അമ്മ കുഞ്ഞിനെയും കൂട്ടി കണ്ണനല്ലൂരിലെ സ്വകാര്യ ക്ലിനിക്കില്‍ എത്തിയെങ്കിലും മതിയായ ചികിത്സ കിട്ടിയില്ലെന്ന് ആക്ഷേപമുണ്ട്. പോലീസെത്തി ആംബുലന്‍സ് വരുത്തിയാണ് ഇവരെ പാലത്തറയിലെ സഹകരണ ആശുപത്രിയിലേക്ക് മാറ്റിയത്. ഷബാനയുടെ മൊഴിയനുസരിച്ച് പോലീസ് കേസെടുത്തു. കണ്ണനല്ലൂര്‍ പോലീസ് ഇന്‍സ്‌പെക്ടര്‍ വിപിന്‍കുമാര്‍, എസ്.ഐ.മാരായ സുന്ദരേശന്‍, നിയാസ് എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതികളെ പിടികൂടിയത്.

Content Highlights: three year old girl injured in home; grand father and father's sister arrested