ആലുവ: തലച്ചോറിൽ റോഡപകടങ്ങളിലുണ്ടാകുന്ന വിധത്തിലുള്ള പരിക്കുമായാണ് മൂന്നു വയസ്സുകാരനെ പിതാവ് ആശുപത്രിയിലെത്തിച്ചത്. വിവരം തിരക്കിയ ഡോക്ടർമാരോട് എട്ടടി ഉയരത്തിലുള്ള കോണിപ്പടിയിൽനിന്ന് കുട്ടി തറയിലേയ്ക്ക് വീണെന്ന വിവരമാണ് പിതാവ് പങ്കുവെച്ചത്. എന്നാൽ കുട്ടിയുടെ ശരീരം പരിശോധിച്ച ഡോക്ടർമാർക്ക് തോന്നിയ സംശയങ്ങളാണ് ക്രൂര മർദനത്തിന്റെ വിവരം പുറത്തെത്തിച്ചത്.

കുട്ടിക്ക്‌ സ്ഥിരമായി മർദനമേൽക്കാറുണ്ടെന്ന് ആദ്യ കാഴ്ചയിൽ തന്നെ ഡോക്ടർമാർക്ക് വ്യക്തമായിരുന്നു. ശരീരമാസകലം വിവിധ തരത്തിലുള്ള പാടുകളാണ് ഉണ്ടായിരുന്നത്. കുട്ടിയുടെ തലച്ചോറിന്റെ വലതു ഭാഗത്തായി രക്തസ്രാവം വരുന്നതായി സി.ടി. സ്കാനിൽനിന്ന് ഡോക്ടർമാർക്ക് വ്യക്തമായി. ആ ഭാഗത്താണ് കുട്ടിക്ക്‌ ശസ്ത്രക്രിയ നടത്തിയത്. ശക്തിയായ വീഴ്ചയിലോ, അടിയേറ്റാലോ ആണ് ഇത്തരത്തിൽ രക്തസ്രാവം ഉണ്ടാകുന്നത്.

കുട്ടിയുടെ ഇരു കാൽപാദത്തിലും അടികൊണ്ട പാടുകളുണ്ട്. വലത്തെ കാൽമുട്ടിനു സമീപം പുതുതായി പൊള്ളലേറ്റ പാടുകൾ ഡോക്ടർമാർ കണ്ടെത്തിയിട്ടുണ്ട്. കുട്ടിയുടെ അരഭാഗത്തായി പൊള്ളലേറ്റ രണ്ട് പാടുകളും ഡോക്ടർമാരുടെ പരിശോധനയിൽ കണ്ടെത്തി. ഈ പാടുകൾ പഴക്കമേറിയവയാണ്.

ഇത്രയും പരിക്കുകൾ കണ്ടതോടെ സംശയം തോന്നിയ ഡോക്ടർമാർ വിവരം പോലീസിനെ അറിയിക്കുകയായിരുന്നു. തുടർന്ന് ഡോക്ടർമാരെത്തി പിതാവിനേയും തുടർന്ന് മാതാവിനേയും ചോദ്യം ചെയ്തതോടെയാണ് കുട്ടിക്കുണ്ടായ പീഡനത്തിന്റെ വിവരം പുറത്തുവന്നത്.

Content Highlights: three year old boy tortured by mother in aluva