വാഷിങ്ടൺ: വീട്ടിലെ തോക്കിൽനിന്ന് അബദ്ധത്തിൽ വെടിയുതിർത്ത ബാലന് ദാരുണാന്ത്യം. യു.എസിലെ ഒറിഗോൺ അലോഹയിൽ താമസിക്കുന്ന ജെയിംസ് കെന്നീത്ത് എന്ന മൂന്ന് വയസ്സുകാരനാണ് മരിച്ചത്. വെള്ളിയാഴ്ച രാത്രിയായിരുന്നു സംഭവം.

വീട്ടിലെ മേശവലിപ്പിൽ ലോഡ് ചെയ്ത് സൂക്ഷിച്ചിരുന്ന തോക്ക് ജെയിംസിന്റെ കണ്ണിൽപ്പെട്ടിരുന്നു. പിന്നാലെ ഇത് കൈയിലെടുത്ത മൂന്നുവയസ്സുകാരൻ തലയ്ക്ക് നേരേ ചൂണ്ടി സ്വയം വെടിയുതിർക്കുകയായിരുന്നു. ശബ്ദം കേട്ടെത്തിയ വീട്ടുകാർ ഉടൻതന്നെ ആംബുലൻസ് വിളിച്ച് കുട്ടിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

സംഭവത്തിൽ ആർക്കെതിരെയും ഇതുവരെ കേസെടുത്തിട്ടില്ലെന്ന് പോലീസ് അറിയിച്ചു. അതേസമയം, തോക്ക് അടക്കമുള്ള ആയുധങ്ങൾ അലക്ഷ്യമായി സൂക്ഷിക്കുന്നവർക്കെതിരേ നടപടിവേണമെന്ന ആവശ്യമുയർന്നിട്ടുണ്ട്. ഒരിക്കലും ലോഡ് ചെയ്തനിലയിൽ തോക്കുകൾ വീട്ടിൽ സൂക്ഷിക്കരുതെന്നും ചിലർ അഭിപ്രായപ്പെട്ടു.

Content Highlights:three year old boy dies after accidently shooting himself