തിരുവനന്തപുരം: ന്യൂഡല്‍ഹിയില്‍നിന്നു വന്ന നിസാമുദ്ദീന്‍-തിരുവനന്തപുരം എക്‌സ്പ്രസില്‍ അമ്മയും മകളുമുള്‍പ്പെടെ മൂന്നു സ്ത്രീയാത്രികരെ മയക്കിക്കിടത്തി വന്‍ കൊള്ള നടത്തിയതിന് പിന്നില്‍ കുപ്രസിദ്ധ മോഷ്ടാവ് ഉത്തര്‍പ്രദേശുകാരനായ അക്‌സര്‍ ബാഗ്ഷെയെന്ന് സ്ഥിരീകരിച്ച് പോലീസ്. സ്ത്രീ യാത്രക്കാരെ ലക്ഷ്യമിടുന്ന ഇയാള്‍ അവരുടെ ഭക്ഷണത്തിലോ കുപ്പിവെള്ളത്തിലോ മയങ്ങാനുള്ള മരുന്നു കലര്‍ത്തിയാണ് മോഷണം നടത്തുന്നത്.

ഉത്തര്‍പ്രദേശുകാരനായ അക്സര്‍ ബാഗ്ഷാ സമാനമായ രീതിയില്‍ തീവണ്ടിയില്‍ മുമ്പും മോഷണം നടത്തി പിടിയിലായിട്ടുണ്ട്. കോയമ്പത്തൂര്‍ റെയില്‍വേ ഡിവിഷനില്‍നിന്ന് അയച്ചുകിട്ടിയ അക്സറിന്റെ ചിത്രം മൂന്ന് സ്ത്രീകളും തിരിച്ചറിഞ്ഞു. ഇവര്‍, ശൗചാലയത്തില്‍ പോയപ്പോള്‍ കവര്‍ച്ചക്കാര്‍ വെള്ളത്തില്‍ മയക്കുമരുന്ന് കലര്‍ത്തി എന്നാണ് അനുമാനം.

വിജയലക്ഷ്മിയും മകളും എസ് വണ്‍ കോച്ചിലും കൗസല്യ എസ് ടു കോച്ചിലുമായിരുന്നു. സേലത്തുനിന്ന് മൂവരും ഭക്ഷണവും വെള്ളവും വാങ്ങി. ഈ റോഡിലെത്തും മുന്‍പേ ഭക്ഷണംകഴിച്ചു. സ്ലീപ്പര്‍ കോച്ചില്‍ ബിഹാറികളായ ആറു തൊഴിലാളികളും ഡല്‍ഹിയില്‍നിന്നും ആലപ്പുഴയ്ക്ക് പോകുകയായിരുന്ന ഒരാളും ഉണ്ടായിരുന്നതായി വിജയലക്ഷ്മി പറഞ്ഞു. 

ശൗചാലയത്തില്‍ പോയി വന്നപ്പോഴാണ് അക്‌സര്‍ എന്നയാളെ ശ്രദ്ധിച്ചത്. തിരികെ, സീറ്റിലെത്തി അവിടെ സൂക്ഷിച്ചിരുന്ന കുപ്പി വെള്ളംകുടിച്ചു കോയമ്പത്തൂര്‍ എത്തുംമുമ്പേ കിടക്കുകയായിരുന്നു. നാലുമണിക്ക് എഴുന്നേല്‍ക്കുന്നതിനായി മൊബൈല്‍ ഫോണില്‍ അലാറം വെച്ചു. പിന്നീട് ഒന്നും ഓര്‍മയില്ലെന്നും വിജയലക്ഷ്മി പറഞ്ഞു.

തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഷനില്‍ റയില്‍വേ പോലീസ് എത്തി വിളിച്ചപ്പോഴാണ് ബോധം വന്നത്. കായംകുളത്ത് ഇറങ്ങേണ്ടവരാണെന്ന് പോലീസിനെ അറിയിച്ചു. പൈജാമയുടെ പോക്കറ്റ് പരിശോധിച്ചപ്പോഴാണ് സ്വര്‍ണം നഷ്ടപ്പെട്ടുവെന്ന് മനസ്സിലായത്. മൊബൈല്‍ ഫോണുകളും കാണാനില്ല. ഇടതുചെവിയിലെ കമ്മല്‍ മാത്രമേ നഷ്ടപ്പെട്ടിട്ടുള്ളൂ. പോക്കറ്റ് കീറിയ നിലയിലായിരുന്നു. സ്വര്‍ണം മുറിച്ചെടുത്ത് മാറ്റിയെന്നാണ് സൂചന. യാത്രയില്‍ ഒരിടത്തും തീവണ്ടിയില്‍ പോലീസ് ഉണ്ടായിരുന്നില്ലെന്ന് കവര്‍ച്ചയ്ക്കിരയായവര്‍ പറയുന്നു.

Content Highlights: Three women robbed inside Nizamuddin Express, Suspect identified