പാട്‌ന:  ദുര്‍മന്ത്രവാദികളാണെന്ന് ആരോപിച്ച് ബിഹാറില്‍ മൂന്ന് സ്ത്രീകളെ അര്‍ദ്ധനഗ്നരാക്കി മര്‍ദിച്ചു. ക്രൂരമായ മര്‍ദനത്തിനൊപ്പം പരസ്യമായി ഇവരെ നിര്‍ബന്ധിച്ച് മൂത്രം കുടിപ്പിക്കുകയും തല മുണ്ഡനം ചെയ്യുകയും ചെയ്തു. മുസാഫര്‍പുരിലെ ധാക്രാമ ഗ്രാമത്തിലായിരുന്നു ദാരുണമായ സംഭവം. 

സ്ത്രീകളെ മര്‍ദിക്കുന്നതിന്റെയും മൂത്രം കുടിപ്പിക്കുന്നതിന്റെയും ദൃശ്യങ്ങള്‍ കഴിഞ്ഞദിവസം സാമൂഹികമാധ്യമങ്ങളില്‍ പ്രചരിച്ചതോടെയാണ് പ്രാകൃതമായ ശിക്ഷാരീതിയെക്കുറിച്ച് പുറംലോകമറിഞ്ഞത്. സംഭവം വാര്‍ത്തയായതോടെ അധികൃതര്‍ അന്വേഷണത്തിന് ഉത്തരവിട്ടു. സ്ത്രീകളെ മര്‍ദിച്ച ഒമ്പത് പേരെ കസ്റ്റഡിയിലെടുത്തതായി പോലീസ് അറിയിച്ചു. 

മര്‍ദനത്തിനിരയായ സ്ത്രീകള്‍ ഇതുവരെ പരാതി നല്‍കിയിട്ടില്ലെന്നും പോലീസ് സ്വമേധയാ കേസെടുക്കുകയായിരുന്നുവെന്നും എ.എസ്.പി. അമിതേഷ് കുമാര്‍ പറഞ്ഞു. പത്ത് പേര്‍ക്കെതിരെയാണ് പോലീസ് എഫ്.ഐ.ആര്‍. രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഇതില്‍ ഒമ്പത് പേരെയും കസ്റ്റഡിയിലെടുത്തു.

സംഭവത്തില്‍ ഉള്‍പ്പെട്ട കൂടുതല്‍ പേരെ കണ്ടെത്താനായി ഗ്രാമത്തില്‍ റെയ്ഡുകള്‍ തുടരുകയാണെന്നും അദ്ദേഹം പറഞ്ഞു. ഒരിക്കലും ന്യായീകരിക്കാനാകാത്ത അക്രമമാണ് നടന്നതെന്നും കൃത്യമായി അന്വേഷിച്ച് പ്രതികളായ മുഴുവന്‍പേര്‍ക്കെതിരെയും കര്‍ശന നടപടി സ്വീകരിക്കുമെന്നും ഈസ്റ്റ് മുസാഫര്‍പുര്‍ സബ്-ഡിവിഷണല്‍ ഓഫീസര്‍ കുന്ദന്‍ കുമാറും മാധ്യമങ്ങളോട് പറഞ്ഞു. 

Content Highlights: three women beaten up by villagers in bihar and forced to drink urine