കൊച്ചി: ചികിത്സയുടെ ആവശ്യത്തിനായി കൊച്ചിയിലെത്തിയ അമ്മയും മക്കളും ലോഡ്ജിൽ മരിച്ചനിലയിൽ. ബംഗളൂരു നോർത്ത് എൽ.ബി. ശാസ്ത്രിനഗർ സെക്കൻഡ് ക്രോസ് റോഡിൽ രാമകൃഷ്ണൻ നായരുടെ ഭാര്യ പി. രാധാമണി അമ്മ (66), മക്കളായ ആർ. സുരേഷ്‌കുമാർ (43), ആർ. സന്തോഷ്‌കുമാർ (40) എന്നിവരെയാണ് എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷന് സമീപത്തുള്ള ലോഡ്ജിലെ മൂന്നാം നിലയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ബംഗളൂരുവിൽ താമസമാക്കിയ മലയാളികളാണ് ഇവർ.

ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനമെന്ന് സെൻട്രൽ പോലീസ് അറിയിച്ചു. മൃതദേഹങ്ങൾക്ക് രണ്ടുദിവസത്തോളം പഴക്കമുണ്ട്. ഒക്ടോബർ 14-നാണ് ഇവർ സൗത്തിലുള്ള ലോഡ്ജിൽ മുറിയെടുത്തത്. എന്നാൽ 17-ാം തീയതിക്ക്‌ ശേഷം ഇവരെ പുറത്ത്‌ കണ്ടിട്ടില്ല.

പുറത്തുകാണാത്തതിനാൽ ജീവനക്കാർ ഡ്യൂപ്ളിക്കേറ്റ് താക്കാലുപയോഗിച്ച് മുറി തുറക്കാനെത്തി. എന്നാൽ, മുറി അകത്തുനിന്ന് പൂട്ടിയനിലയിരുന്നു, ദുർഗന്ധവും വരുന്നുണ്ടായിരുന്നു. സംശയം തോന്നിയതോടെ ജീവനക്കാർ സെൻട്രൽ പോലീസിൽ വിവരം അറിയിക്കുകയും പോലീസുകാർ വാതിൽ ചവിട്ടിത്തുറക്കുകയുമായിരുന്നു. മുറിക്കുള്ളിൽ മൃതദേഹങ്ങൾക്ക് സമീപത്തുനിന്ന് വിഷക്കുപ്പിയും കണ്ടെത്തിയിരുന്നു.

ഫൊറൻസിക് വിദഗ്ധർ സ്ഥലത്തെത്തി പരിശോധന നടത്തി. ഇൻക്വസ്റ്റ് ഉൾപ്പെടെയുള്ള നടപടികൾക്കുശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും. മൃതദേഹം എറണാകുളം ജനറൽ ആസ്പത്രി മോർച്ചറിയിൽ സൂക്ഷിച്ചിട്ടുണ്ട്.

ലോഡ്ജിലെ രജിസ്റ്ററിൽ നിന്ന് ലഭിച്ച വിലാസത്തിൽ ബെംഗളൂരുവിലുള്ള ബന്ധുക്കളെ പോലീസ് വിവരം അറിയിച്ചിട്ടുണ്ട്. രാധാമണിയുടെ ചികിത്സാ ആവശ്യങ്ങൾക്കായി ഇവർ സ്ഥിരം കൊച്ചിയിൽ എത്താറുണ്ടായിരുന്നു. വരുമ്പോഴെല്ലാം ഈ ലോഡ്ജിലാണ് താമസിക്കാറുണ്ടായിരുന്നതെന്ന് സമീപത്തുള്ള കടക്കാരും ലോഡ്ജിലെ ജീവനക്കാരും പറയുന്നു. എന്നാൽ, എന്ത് ചികിത്സയ്ക്കായാണ് വന്നതെന്നോ, എവിടെയാണ് ചികിത്സയെന്നോ വ്യക്തമായിട്ടില്ലെന്ന് സെൻട്രൽ പോലീസ് അറിയിച്ചു.

(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. Toll free helpline number: 1056)

Content highlights: three were found dead in lodge who came from Bengaluru for treatment in Kochi