ബെംഗളൂരു: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കൂട്ടമാനഭംഗത്തിന് ഇരയാക്കിയ മൂന്നംഗ സംഘത്തെ പോലീസ് അറസ്റ്റ് ചെയ്തു. കാടുഗൊഡി സ്വദേശികളായ ഹരീഷ് കുമാർ( 22), വെങ്കിടാചലപതി (19), ബാപിൻ അസറുള്ള ഖാൻ (22) എന്നിരാണ് പിടിയിലായത്. ഞായറാഴ്ച രാത്രി എട്ടരയോടെയാണ് സമീപവാസിയായ പെൺകുട്ടി മാനഭംഗത്തിന് ഇരയായത്. രാത്രി എട്ടരയോടെ വീടിനു സമീപത്തെ കടയിൽ സാധനങ്ങൾ വാങ്ങാൻ പോകുകയായിരുന്ന പെൺകുട്ടിയെ സംസാരിക്കണമെന്ന് ആവശ്യപ്പെട്ട് ഹരീഷ് കുമാർ വിളിക്കുകയായിരുന്നു.
എന്നാൽ ഹരീഷിനൊപ്പം പോകാൻ പെൺകുട്ടി തയ്യാറായില്ല. ഇതോടെ ഹരീഷും സുഹൃത്തുക്കളായ വെങ്കിടാചലപതിയും ബാപിൻ അസറുള്ള ഖാനും ചേർന്ന് പെൺകുട്ടിയെ തൊട്ടടുത്ത മരക്കൂട്ടത്തിനിടയിലേക്ക് വലിച്ചു കൊണ്ടുപോയി മാനഭംഗത്തിന് ഇരയാക്കുകയായിരുന്നു. പെൺകുട്ടിയുടെ കരച്ചിൽ കേട്ട് തൊട്ടടുത്ത വീട്ടിലുള്ളവർ എത്തിയതോടെ പ്രതികൾ ഓടി രക്ഷപ്പെടുകയായിരുന്നു. പ്രതികളെ തിരിച്ചറിഞ്ഞ വീട്ടുകാർ സമീപവാസികളെ വിവരം അറിയിച്ചു. തുടർന്ന് വെങ്കിടാചലപതിയെ നാട്ടുകാർ ഓടിച്ചിട്ടു പിടികൂടി. മണിക്കൂറുകൾക്കകം മറ്റു രണ്ടു പ്രതികളെ പോലീസ് പിടികൂടുകയായിരുന്നു.
മുമ്പ് പെൺകുട്ടിയോട് ഒട്ടേറെത്തവണ ഹരീഷ് കുമാർ പ്രണയാഭ്യർഥന നടത്തിയിരുന്നതായി പോലീസ് പറഞ്ഞു. പോക്സോ ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തിയാണ് പ്രതികൾക്കെതിരേ കേസെടുത്തത്. പ്രതികൾ സ്ഥിരമായി ലഹരി വസ്തുക്കൾ ഉപയോഗിച്ചിരുന്നതായായി പോലീസ് വ്യക്തമാക്കി. പെൺകുട്ടിയെ സമീപത്തെ സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Content Highlights: three were arrested for gang rape