പത്തനംതിട്ട: കോന്നിയില്‍ ഒരു കുടുംബത്തിലെ മൂന്നുപേരെ വീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തി. കോന്നി പയ്യാനമണ്ണില്‍ തെക്കിനേത്ത് വീട്ടില്‍ സോണി(45) ഭാര്യ റീന(44) മകന്‍ റയാന്‍(എട്ട്) എന്നിവരെയാണ് വീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. റീനയുടെയും റയാന്റെയും മൃതദേഹങ്ങള്‍ വെട്ടേറ്റനിലയില്‍ കിടപ്പുമുറിയിലാണ് കിടന്നിരുന്നത്. മറ്റൊരു മുറിയിലെ കിടക്കയിലായിരുന്നു സോണിയുടെ മൃതദേഹം. ഭാര്യയെയും മകനെയും വെട്ടിക്കൊലപ്പെടുത്തിയ ശേഷം സോണി ആത്മഹത്യ ചെയ്തതാകാമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. 

കഴിഞ്ഞദിവസങ്ങളില്‍ സോണിയെയും കുടുംബത്തെയും പുറത്തുകാണാത്തതിനാല്‍ ഒരു ബന്ധു ഞായറാഴ്ച രാവിലെ വീട്ടില്‍ അന്വേഷിച്ചെത്തുകയായിരുന്നു. ഇതിനിടെ തുറന്നുകിടന്നിരുന്ന ജനാലയിലൂടെ നോക്കിയപ്പോഴാണ് മൃതദേഹങ്ങള്‍ കണ്ടത്. തുടര്‍ന്ന് നാട്ടുകാരെയും പോലീസിനെയും വിവരമറിയിക്കുകയായിരുന്നു. മൃതദേഹങ്ങള്‍ക്ക് രണ്ട് ദിവസത്തെ പഴക്കമുണ്ടെന്നാണ് പോലീസ് പറയുന്നത്. 

പ്രവാസിയായിരുന്ന സോണി സമീപകാലത്താണ് നാട്ടിലെത്തിയത്. ഇയാള്‍ക്ക് സാമ്പത്തികബാധ്യതയുണ്ടായിരുന്നതായി നാട്ടുകാര്‍ പറയുന്നു. അടുത്തിടെ പരുമലയിലെ ആശുപത്രിയില്‍ സോണി വിഷാദരോഗത്തിന് ചികിത്സ തേടിയിരുന്നതായും വിവരമുണ്ട്. ദമ്പതിമാര്‍ക്ക് കുട്ടികളില്ലാത്തതിനാല്‍ ഇവര്‍ ദത്തെടുത്ത് വളര്‍ത്തിയിരുന്ന കുട്ടിയാണ് റയാന്‍. 

Content Highlights: Family of three found dead in Konni; Corpses are two days old