ചെങ്ങമനാട്: എ.ടി.എം. പൊളിച്ച് കവര്‍ച്ചാശ്രമം നടത്തിയശേഷം മോഷ്ടിച്ച ബൈക്കില്‍ രക്ഷപ്പെട്ട കുട്ടിമോഷ്ടാക്കള്‍ അപകടത്തില്‍പ്പെട്ട് ആശുപത്രിയില്‍. വടക്കന്‍ പറവൂര്‍ സ്വദേശികളായ ഇവരില്‍ രണ്ടുപേര്‍ എറണാകുളം മെഡിക്കല്‍ ട്രസ്റ്റിലും ഒരാള്‍ ജനറല്‍ ആശുപത്രിയിലും ചികിത്സയിലാണ്. രണ്ടുപേര്‍ക്ക് 17-ഉം, ഒരാള്‍ക്ക് ഒരാള്‍ക്ക് 16-ഉം വയസ്സാണ് പ്രായം.

മൂഴിക്കുളം കവലയില്‍ എസ്.ബി.ഐ.യുടെ എ.ടി.എം. ആണ് ശനിയാഴ്ച പുലര്‍ച്ചെ മൂന്നോടെ പൊളിക്കാന്‍ ശ്രമിച്ചത്. എ.ടി.എമ്മിന്റെ പുറമെയുള്ള കവര്‍ മാത്രമേ ഇവര്‍ക്ക് പൊളിക്കാനായുള്ളു.

ബാങ്ക് ശാഖയോട് ചേര്‍ന്നുതന്നെയാണ് എ.ടി.എം. സി.സി.ടി.വി. ദൃശ്യങ്ങളില്‍ മൂവരും ഹെല്‍മെറ്റ് ധരിച്ച് എ.ടി.എമ്മിനകത്ത് കയറുന്നതും ശ്രമം പരാജയപ്പെട്ട് ഒരുമണിക്കൂറിനകം ഇറങ്ങുന്നതും കണ്ടെത്തി. സമീപത്തുള്ള ഇളന്തിക്കര നിധി ഫിനാന്‍സ് സ്ഥാപനത്തിലും ഇവര്‍ മോഷണശ്രമം നടത്തിയിട്ടുണ്ട്.

പറവൂരില്‍നിന്ന് മോഷ്ടിച്ച ബൈക്കിലാണ് ഇവര്‍ മൂഴിക്കുളത്ത് എത്തിയതെന്ന് ചെങ്ങമനാട് പോലീസ് പറഞ്ഞു. ആ ബൈക്ക് ഉപേക്ഷിച്ച് കുറുമശ്ശേരിയിലെ ഒരു വീട്ടില്‍നിന്ന് മോഷ്ടിച്ച മറ്റൊരു ബൈക്കിലാണ് കോതമംഗലത്തേക്ക് പോയത്. അമിതവേഗത്തില്‍ പോയ ബൈക്ക് ശനിയാഴ്ച പുലര്‍ച്ചെ അഞ്ചോടെ റോഡരികിലെ പോസ്റ്റില്‍ ഇടിച്ചാണ് ഇവര്‍ അപകടത്തില്‍പ്പെട്ടത്. പോലീസാണ് ഇവരെ ആശുപത്രില്‍ എത്തിച്ചത്. പോലീസ് കേസെടുത്തു.

Content Highlights: 

three minors met with accident after theft attempt in aluva