വൈപ്പിന്‍: അച്ഛനും അമ്മയും മകളും അടങ്ങുന്ന മൂന്നംഗ കുടുംബത്തെ വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. പുതുവൈപ്പ് ആനക്കാരന്‍ വീട്ടില്‍ സുഭാഷ് (54), ഭാര്യ ഗീത (53), മകള്‍ നയന (24) എന്നിവരെയാണ് ഒരു മുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ആത്മഹത്യാ കുറിപ്പും പോലീസ് കണ്ടെടുത്തു.

സുഭാഷിന്റെ സഹോദരന്‍ സുരേഷ് തിങ്കളാഴ്ച രാവിലെ വീട്ടിലെത്തിയപ്പോഴാണ് സംഭവം അറിയുന്നത്. ജോലിക്കായി ബെംഗളൂരുവില്‍ പോയിരുന്ന നയനയെ പിന്നീട് കണ്ടെത്താനാകാത്തതിനെ തുടര്‍ന്ന് ഞാറയ്ക്കല്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു.

ഒന്നര മാസം മുന്‍പായിരുന്നു ഈ സംഭവം. പോലീസ് നടത്തിയ അന്വേഷണത്തില്‍ യുവതിയെ കണ്ടെത്തുകയും ചെയ്തിരുന്നു. തുടര്‍ന്ന് ഞായറാഴ്ച നയന വീട്ടിലെത്തി.

സഹോദരങ്ങള്‍ക്കും പോലീസിനുമായി എഴുതിയ കത്തുകളില്‍ ഒരുമിച്ചു തീരുമാനം എടുത്ത് ജീവനൊടുക്കുകയാണെന്നാണ് എഴുതിയിരിക്കുന്നത്. മറ്റാരും മരണത്തിന് ഉത്തരവാദികളല്ലെന്നും കത്തുകളിലുണ്ട്.

ഞാറയ്ക്കല്‍ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ എം.കെ. മുരളി ഇന്‍ക്വസ്റ്റ് നടത്തി. മൃതദേഹങ്ങള്‍ ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേക്കു മാറ്റി. ചൊവ്വാഴ്ച പോസ്റ്റ്മോര്‍ട്ടം നടക്കും.

Content Highlight: Three members of family found hanging from ceiling fans in vypin