സുൽത്താൻ ബത്തേരി: കാരക്കണ്ടിയിലെ ആളൊഴിഞ്ഞ കെട്ടിടത്തിലുണ്ടായ സ്ഫോടനത്തിൽ മൂന്ന് വിദ്യാർഥികൾ മരിക്കാനിടയായ സംഭവത്തിന് പിന്നിലെ ദുരൂഹതകൾ വെളിച്ചത്തു കൊണ്ടുവരാൻ പോലീസിനായില്ലെന്ന വിമർശനത്തിന് ശക്തിയേറുന്നു.

ടൗണിന് സമീപത്തെ ജനവാസമേഖലയിലുള്ള കെട്ടിടത്തിൽ എങ്ങനെയാണ് സ്ഫോടകവസ്തുക്കൾ എത്തിയത് എന്നത് ഇതുവരെ കണ്ടെത്താനായിട്ടില്ല. സ്‌ഫോടനം നടന്ന് രണ്ടാഴ്ച കഴിഞ്ഞിട്ടും പോലീസ് അന്വേഷണത്തിൽ കാര്യമായ പുരോഗതിയുണ്ടായിട്ടില്ലെന്നാണ് ആരോപണം.

ഏപ്രിൽ 22-ന് ഉച്ചയോടെയാണ് ആളൊഴിഞ്ഞ വീടിനു സമീപത്തെ ഒഴിഞ്ഞ കെട്ടിടത്തിൽ സ്ഫോടനമുണ്ടായതും മൂന്നു വിദ്യാർഥികൾക്ക് ഗുരുതരമായി പൊള്ളലേറ്റതും. സ്ഫോടനം നടന്ന അന്നുതന്നെ ഫൊറൻസിക് വിഭാഗവും ബോംബ് സ്ക്വാഡുമെല്ലാം സംഭവസ്ഥലത്ത് പരിശോധന നടത്തിയിരുന്നു. തൊട്ടടുത്ത ദിവസം സ്ഫോടകവസ്തു വിദഗ്ധരുടെ നേതൃത്വത്തിലുള്ള സംഘവും പരിശോധന നടത്തി. പടക്കം പൊട്ടിയതല്ലെന്നും എന്നാൽ ഉഗ്രസ്ഫോടനശേഷിയുള്ള വസ്തുക്കളല്ല അപകടത്തിനിടയാക്കിയതെന്നും ആദ്യമേ പോലീസ് വ്യക്തമാക്കിയിരുന്നു.

സ്ഫോടനത്തിനിടയാക്കിയത് വെടിമരുന്നാണെന്നാണ് പോലീസിന്റെ കണ്ടെത്തൽ. എന്നാൽ, രണ്ടു വർഷത്തിലേറെയായി ഉപയോഗിക്കാതെ കാടു മൂടിക്കിടന്ന ഈ കെട്ടിടത്തിൽ എവിടെനിന്നാണ് വെടിമരുന്ന് എത്തിയതെന്നതാണ് പോലീസ് ഇതുവരെ അന്വേഷിച്ചിരുന്നത്. പക്ഷേ ഇതുവരെ ഒരു തുമ്പും കണ്ടെത്താനായിട്ടില്ല. ക്വാറികൾ നടത്തുന്നവരുൾപ്പെടെ വെടിമരുന്ന് കൈകാര്യം ചെയ്യുന്നവരെ അന്വേഷണത്തിൽ കേന്ദ്രീകരിച്ചെങ്കിലും ഫലമൊന്നുമുണ്ടായില്ല.

വിദേശത്തുള്ള മലപ്പുറം അങ്ങാടിപ്പുറം സ്വദേശിയുടെ ഉടമസ്ഥതയിലുള്ളതാണ് ഈ സ്ഥലവും കെട്ടിടങ്ങളും. ബത്തേരി ടൗണിൽ പടക്കശാല നടത്തിയിരുന്നവർ മുമ്പ് വാടകയ്ക്ക് ഉപയോഗിച്ചിരുന്ന ഈ സ്ഥലവും കെട്ടിടങ്ങളും അവർ രണ്ടു വർഷം മുമ്പ് ഒഴിഞ്ഞുപോയിരുന്നു. വിദേശത്തുള്ള സ്ഥലമുടമയും ഇവിടേക്ക് വരാറില്ല. ആരാണ് ഈ കെട്ടിടത്തിൽ സ്ഫോടകവസ്തുക്കൾ സൂക്ഷിച്ചിരുന്നതെന്നതാണ് പോലീസിനെ കുഴക്കുന്നത്.

കറുത്തപൊടിയെന്ന് മൊഴി

മൂന്നു പേരും കളിക്കാൻ പോയി വരുന്നതിനിടെ വാങ്ങിയ ശീതളപാനീയം കുടിക്കുന്നതിനായി ആളൊഴിഞ്ഞ കെട്ടിടത്തിൽ കയറിയതാണെന്നും, അവിടെ കൂട്ടിയിട്ടിരുന്ന വർണക്കല്ലുകൾക്ക് സമീപം കണ്ട കറുത്തപൊടി തീപ്പെട്ടിയുരച്ച് കത്തിക്കാൻ നോക്കിയപ്പോൾ പൊട്ടിത്തെറിച്ചതെന്നുമാണ് ഫെബിൻ പോലീസിന് മൊഴി നൽകിയിരുന്നത്.

സ്ഫോടനത്തിന്റെ ഉഗ്രശബ്ദം കേട്ട് സമീപവാസികൾപോലും ഞെട്ടിത്തരിച്ചു പോയിരുന്നു. ശബ്ദം കേട്ട് തൊട്ടടുത്തുള്ള വീട്ടുകാർ പുറത്തിറങ്ങി നോക്കിയപ്പോൾ, മൂന്നു കുട്ടികളും ദേഹത്തുള്ള വസ്ത്രങ്ങളെല്ലാം കത്തിക്കരിഞ്ഞ്, നിലവിളിച്ചുകൊണ്ട് മതിൽ ചാടിക്കടന്ന് റോഡിലൂടെ ഓടി സമീപത്തെ കുളത്തിൽ ചാടുന്നതാണ് കണ്ടത്.

സ്ഫോടനത്തിൽ മുരളിക്കും അജ്മലിനും 90 ശതമാനത്തോളവും ഫെബിന് 80 ശതമാനത്തോളവും പൊള്ളലേറ്റിരുന്നു. സംഭവത്തിലെ ദൂരൂഹത അവസാനിപ്പിച്ച്, കുറ്റവാളികളെ കണ്ടെത്തി ശിക്ഷിക്കണമെന്നും മരിച്ച കുട്ടികളുടെ കുടുംബത്തിന് നഷ്ടപരിഹാരം നൽകണമെന്നും ആവശ്യപ്പെട്ട് വിവിധ സംഘടനകൾ ഇതിനോടകം രംഗത്തുവുന്നിട്ടുണ്ട്.

മരണത്തിലും കൂട്ടുകാർ ഒന്നിച്ചു

നാടാകെ പ്രാർഥനാപൂർവം കാത്തിരുന്നു, ഫെബിൻ ഫിറോസ് ആരോഗ്യവാനായി തിരികെയെത്തുമെന്ന വാർത്ത കേൾക്കാൻ. പക്ഷേ, പ്രാർഥനകൾ വിഫലമാക്കി വെള്ളിയാഴ്ച രാവിലെ ഫെബിൻ മരണത്തിന് കീഴടങ്ങിയെന്ന വാർത്ത വീട്ടുകാർക്കും നാട്ടുകാർക്കും സുഹൃത്തുക്കൾക്കുമൊന്നും ഇതുവരെ ഉൾക്കൊള്ളാനായിട്ടില്ല. അവധിക്കാലത്ത് നാട്ടിലെ പാടത്തും പറമ്പിലുമെല്ലാം കളിച്ചു ചിരിച്ചു നടന്നിരുന്ന കൂട്ടുകാർ ഒടുവിൽ മരണത്തിലും ഒന്നിച്ചു. ആദ്യം മുതൽക്കേ ഗുരുതരാവസ്ഥയിലായിരുന്ന മുരളിയും അജ്മലും അപകടത്തിന് നാലു ദിവസത്തിന് ശേഷം കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരിച്ചത്.

15 മിനിറ്റിന്റെ വ്യത്യാസത്തിലാണ് മുരളിയും പിന്നാലെ അജ്മലും മരണത്തിന് കീഴടങ്ങിയത്. ഫെബിനെങ്കിലും ആരോഗ്യവാനായി തിരിച്ചെത്തുമെന്ന പ്രതീക്ഷയിലായിരുന്നു എല്ലാവരും. പക്ഷേ ഫെബിനും കൂട്ടുകാർക്കൊപ്പം യാത്രയായി. പാലക്കാട് നിന്ന് അവധിക്ക് ബന്ധുവീട്ടിൽ വിരുന്നിനെത്തിയതായിരുന്നു മുഹമ്മദ് അജ്മൽ. ഫെബിൻ ഫിറോസിന്റെ പിതാവ് ജലീലിന്റെ സഹോദരിയുടെ മകളുടെ മകനാണ് മുഹമ്മദ് അജ്മൽ.ഫെബിന്റെയും അജ്മലിന്റെയും സുഹൃത്താണ് മുരളി.

Content Highlights: three kids died after blast in a building in sultan bathery