കോഴിക്കോട്: പണിക്കര്‍ റോഡില്‍ പാളത്തില്‍ കല്ലുകള്‍ നിരത്തിയ കുട്ടികളെ കൈയോടെ പിടികൂടി. പണിക്കര്‍ റോഡിനടുത്തുള്ള റെയില്‍വേ പാളത്തിലാണ് തിങ്കളാഴ്ച രാവിലെ മൂന്നു സ്‌കൂള്‍ വിദ്യാര്‍ഥികള്‍ചേര്‍ന്ന് കളിയുടെ ഭാഗമായി കല്ലുകള്‍ നിരത്തിയത്. തീവണ്ടി എന്‍ജിന്‍ ട്രയല്‍ നടത്തുന്നതിനിടയിലാണിത്.

ഇതിനെത്തുടര്‍ന്ന് പത്തു മിനിറ്റോളം എന്‍ജിന്‍ നിര്‍ത്തിയിട്ടു. മൂവരേയും ഗേറ്റ്മാന്‍മാര്‍ പിടികൂടി റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്സിനെ ഏല്‍പ്പിച്ചു.

രക്ഷിതാക്കളുടെയും ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരുടെയും സാന്നിധ്യത്തില്‍ കുട്ടികള്‍ക്ക് ബോധവത്കരണം നടത്തി വിട്ടയച്ചുവെന്ന് ആര്‍.പി.എഫ്. എസ്.ഐ. അപര്‍ണ അനില്‍കുമാര്‍ പറഞ്ഞു. വരുംദിവസങ്ങളില്‍ ഈഭാഗങ്ങളിലെ കുട്ടികള്‍ക്ക് വേണ്ടി ബോധവത്കരണ പരിപാടികള്‍ നടത്തുമെന്നും അപര്‍ണ വ്യക്തമാക്കി.

നേരത്തെ ഫറോക്ക്, കൊയിലാണ്ടി, കടലുണ്ടി, പരപ്പനങ്ങാടി എന്നിവിടങ്ങളില്‍ ഇത്തരത്തില്‍ പാളത്തില്‍ കല്ലുവെച്ചിരുന്നു. ഫറോക്കില്‍ ഒഴികെ മറ്റിടങ്ങളിലെല്ലാം ഇതിനുത്തരവാദികളായവരെ ആര്‍.പി.എഫും പോലീസുംചേര്‍ന്ന് പിടികൂടിയിരുന്നു.