കോയമ്പത്തൂര്‍: ദീപാവലിദിനാഘോഷത്തില്‍ മദ്യപാനംമൂലം മൂന്നുപേര്‍ മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ഒരാളെ അറസ്റ്റ് ചെയ്തു.

കോയമ്പത്തൂര്‍ പാപ്പനായ്ക്കന്‍ പാളയം പട്ടത്തരശിയമ്മന്‍ക്ഷേത്ര വീഥിയിലെ രാജശേഖര്‍ (63) ആണ് അറസ്റ്റിലായത്. പെയിന്റ് ജോലിക്കാരാനായ ഇയാള്‍ മുന്‍വിരോധംകാരണം സുഹൃത്തായ മുരുഗാനന്ദത്തിന് (58) വിലകൂടിയ മദ്യംവാങ്ങിനല്‍കി അതില്‍ സയനൈഡ് കലര്‍ത്തുകയായിരുന്നു.

ഫുള്‍ബോട്ടില്‍ മദ്യംകണ്ടപ്പോള്‍ സുഹൃത്തുക്കളും പെയിന്റ് ജോലിക്കാരുമായ ശക്തിവേല്‍ (61), പാര്‍ത്ഥിപന്‍ (35) എന്നിവരും പങ്കുചോദിച്ച് കഴിച്ചതാണ് മരണസംഖ്യ വര്‍ധിക്കാന്‍ കാരണമായത്. ഇവര്‍ മൂവരും മരിച്ചുകിടന്നപ്പോള്‍ത്തന്നെ മദ്യത്തോടൊപ്പം തിന്നര്‍പോലുള്ള ഉത്പന്നവും കലര്‍ന്നിട്ടുണ്ടെന്ന് പോലീസ് കണ്ടെത്തിയിരുന്നു. മദ്യക്കുപ്പിയിലെ ബാക്കി മദ്യം ലാബില്‍ പരിശോധിച്ചപ്പോഴാണ് സയനൈഡ് അംശം കണ്ടെത്തിയത്. തുടര്‍ന്ന്, ഒരാഴ്ചയായി നടത്തിയ രഹസ്യാന്വേഷണത്തിലാണ് രാജശേഖര്‍ കുടുങ്ങിയത്.