ഈറോഡ് (തമിഴ്നാട്): കോവിഡ് പരിശോധനയ്ക്കെന്ന പേരിൽ യുവാവ് നൽകിയ വിഷഗുളിക കഴിച്ച ഒരു കുടുംബത്തിലെ രണ്ടുപേർ മരിച്ചു. ഇവരുടെ വീട്ടിൽ കൃഷിപ്പണി ചെയ്തിരുന്ന സ്ത്രീയും മരിച്ചു. ഒരാൾ ഗുരുതരാവസ്ഥയിൽ ആശുപത്രിയിലാണ്.

ഈറോഡ് ജില്ലയിലെ ചെന്നിമല പെരുമാൾമലയിൽ താമസിക്കുന്ന കറുപ്പണ്ണകൗണ്ടറുടെ ഭാര്യ മല്ലിക (58), മകൾ ദീപ (35), കുപ്പമ്മാൾ (65) എന്നിവരാണ് മരിച്ചത്. കറുപ്പണ്ണകൗണ്ടർ ഗുരുതരാവസ്ഥയിൽ കോയമ്പത്തൂരിലെ സ്വകാര്യ ആശുപത്രിയിലാണ്.

25 വയസ്സു തോന്നിക്കുന്ന അപരിചിതനായ ഒരു യുവാവ് ശനിയാഴ്ച രാവിലെ ഇവരുടെ വീട്ടിലെത്തി കോവിഡ് പരിശോധനയ്ക്കു വന്നതാണെന്ന് ധരിപ്പിച്ചു.

പരിശോധനയ്ക്കുമുമ്പ് ഗുളിക കഴിക്കണമെന്നു പറഞ്ഞ് കറുപ്പുനിറത്തിലുള്ള ഗുളികകൾ നൽകി. നാലുപേരും ഗുളിക കഴിച്ചു. യുവാവ് പോയ ഉടനെ നാലുപേരും മയങ്ങിവീണു. ഇതിനിടെ ദീപ വിളിച്ചതനുസരിച്ച് വീട്ടിലെത്തിയ ഭർത്താവ് പ്രഭു ഇവരെ ഈറോഡ് സർക്കാർ ആശുപത്രിയിലേക്കു കൊണ്ടുപോയെങ്കിലും വഴിക്ക് മല്ലിക മരണമടഞ്ഞു.

ഈറോഡ് ആശുപത്രിയിൽനിന്ന് ഡോക്ടർമാരുടെ നിർദേശപ്രകാരം കുപ്പമ്മാളെ സേലം സർക്കാർ ആശുപത്രിയിലേക്കും കറുപ്പണ്ണകൗണ്ടർ, മകൾ ദീപ എന്നിവരെ കോയമ്പത്തൂരിലെ സ്വകാര്യ ആശുപത്രിയിലേക്കും മാറ്റി. കുപ്പമ്മാൾ ഞായറാഴ്ച രാവിലെയും ദീപ ഉച്ചകഴിഞ്ഞും മരിച്ചു.

ഗുളിക നൽകി കബളിപ്പിച്ച യുവാവിനെ ജില്ലാ പോലീസ് സൂപ്രണ്ട് ശശിമോഹന്റെ നേതൃത്വത്തിൽ ചെന്നിമലയിൽനിന്ന് കസ്റ്റഡിയിലെടുത്തു. കറുപ്പണ്ണകൗണ്ടരുടെയും മല്ലികയുടെയും ഏകമകളാണ് ദീപ. ദീപയ്ക്ക് നാലും ഒന്നും വയസ്സുള്ള മക്കളുണ്ട്.