പാട്ന: കടയിൽനിന്ന് ബാറ്ററി മോഷ്ടിച്ചെന്ന് ആരോപിച്ച് ദളിതരായ കുട്ടികൾക്ക് ക്രൂരമർദനം. ബിഹാറിലെ ഗയ ജില്ലയിലെ നാട്ടുകൂട്ടമാണ് മൂന്ന് ആൺകുട്ടികളെ ക്രൂരമായ രീതിയിൽ ശിക്ഷിച്ചത്.

അടിവസ്ത്രം മാത്രം ധരിപ്പിച്ച് നിർത്തിയാണ് നാട്ടുകാർ കുട്ടികളെ മർദിച്ചത്. ഇതിനുശേഷം ഗ്രാമത്തിലൂടെ നടത്തിക്കുകയും ചെയ്തു. സംഭവം വിവാദമായതോടെ കുട്ടികളെ മർദിച്ചവർക്കെതിരേ കേസെടുത്തതായും ആറു പേരെ അറസ്റ്റ് ചെയ്തതായും പോലീസ് അറിയിച്ചു.

കുട്ടികളെ മർദിക്കുന്നതിന്റെ ദൃശ്യങ്ങൾ കഴിഞ്ഞ ദിവസം സാമൂഹികമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. കുട്ടികളെ അടിക്കുന്നതിന്റെയും വട്ടത്തിൽ ഓടിക്കുന്നതിന്റെയും ദൃശ്യങ്ങളാണ് പുറത്തുവന്നത്. ഇതോടെയാണ് ദിവസങ്ങൾക്ക് മുമ്പ് നടന്ന സംഭവം പുറംലോകമറിഞ്ഞത്. തുടർന്ന് പോലീസ് കേസെടുത്ത് അന്വേഷണം നടത്തുകയായിരുന്നു.

പോലീസ് സൂപ്രണ്ട് രാകേഷ് കുമാറിന്റെ നേതൃത്വത്തിലുള്ള പ്രത്യേകസംഘമാണ് കേസിൽ അന്വേഷണം നടത്തുന്നതെന്ന് ഗയ സീനിയർ പോലീസ് സൂപ്രണ്ട് ആദിത്യകുമാർ പറഞ്ഞു. സംഭവത്തിൽ കടയുടമ മുഹമ്മദ് ഷേരു ആലം, മുഹമ്മദ് സിന്നത്, മുഹമ്മദ് തേസു, അമർജീത് സിങ്, മുഹമ്മദ് നാസിർ, മുഹമ്മദ് അക്തർ എന്നിവരെയാണ് അറസ്റ്റ് ചെയ്തിട്ടുള്ളതെന്നും പോക്സോ വകുപ്പടക്കം ചുമത്തിയാണ് ഇവർക്കെതിരേ കേസെടുത്തിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

Content Highlights:three dalit boys brutally attacked in bihar