നെടുമ്പാശ്ശേരി: ഇന്ത്യയിലേക്ക് നുഴഞ്ഞുകയറി വ്യാജ രേഖ ചമച്ച് പാസ്‌പോര്‍ട്ട് തരപ്പെടുത്തി വിദേശത്തേക്കു കടന്ന മൂന്ന് ബംഗ്ലാദേശികള്‍ പിടിയില്‍. അജയ് ബറുവ (30), ഷുബ്രോ ബറുവ (30), എവി ബറുവ (24) എന്നിവരാണ് ദുബായ് വിമാനത്താവളത്തില്‍ പിടിയിലായത്.

ദുബായ് വഴി സെര്‍ബിയയിലേക്ക് പോകുന്നതിനായി ഹൈദരാബാദില്‍നിന്ന് യാത്ര തിരിച്ചതാണിവര്‍. സംശയം തോന്നി ദുബായിലെ എമിഗ്രേഷന്‍ വിഭാഗം പിടികൂടി ചോദ്യം ചെയ്തപ്പോള്‍ മൂവരും ഇന്ത്യക്കാരല്ലെന്ന് തിരിച്ചറിഞ്ഞു. ബംഗ്ലാദേശികളാണെന്ന്  കണ്ടെത്തിയതിനാല്‍ ഇവരെ ഫ്‌ളൈ ദുബായ് വിമാനത്തില്‍ കൊച്ചിയിലേക്ക് മടക്കിവിടുകയായിരുന്നു. ബംഗ്ലാദേശില്‍നിന്ന് അതിര്‍ത്തി വഴി ബംഗാളിലേക്ക് നുഴഞ്ഞുകയറിയതാണിവര്‍.

ബംഗാള്‍ മേല്‍വിലാസത്തിലാണ് ഇവര്‍ പാസ്‌പോര്‍ട്ട് എടുത്തിരിക്കുന്നത്. അജയ് ചൗധരി, ഷുബ്രോ ബറുവ, എവി മുഖര്‍ജി എന്നീ പേരുകളിലാണ് ഇവര്‍ പാസ്‌പോര്‍ട്ട് എടുത്തിരിക്കുന്നത്. നവംബര്‍ 24-ന് ബംഗ്ലാദേശ് സ്വദേശി ഷാമുവല്‍ മണ്ഡല്‍ കൊച്ചി വിമാനത്താവളത്തില്‍ പിടിയിലായിരുന്നു. ഇയാളും ഇന്ത്യയിലേക്ക് നുഴഞ്ഞുകയറി ബംഗാളിലെത്തി വ്യാജ രേഖ ചമച്ച് പാസ്‌പോര്‍ട്ട് തരപ്പെടുത്തി മുംബൈ വഴി കുവൈത്തിലേക്ക് കടന്നതാണ്. അവിടെ പിടിയിലായതിനെ തുടര്‍ന്ന് കൊച്ചിയിലേക്ക് മടക്കിവിടുകയായിരുന്നു.

ബംഗ്ലാദേശില്‍നിന്ന് തൊഴില്‍ തേടി വിദേശത്തേക്കു പോകുന്നത് എളുപ്പമല്ലാത്തതിനാലും ശമ്പളം കുറവായതിനാലുമാണ് ഇവര്‍ ഇന്ത്യയിലെത്തി വ്യാജ പാസ്‌പോര്‍ട്ട് തരപ്പെടുത്തി വിദേശത്തേക്ക് കടക്കുന്നത്. ഇത്തരത്തില്‍ നിരവധി പേര്‍ ഇന്ത്യയിലെത്തി പാസ്‌പോര്‍ട്ട് തരപ്പെടുത്തി ഗള്‍ഫിലേക്ക് കടക്കുന്നുണ്ടെന്നും സൂചന ലഭിച്ചിട്ടുണ്ട്. തീവ്രവാദികളടക്കമുള്ളവര്‍ ഇത്തരത്തില്‍ കടന്നുപോകാന്‍ സാധ്യതയുണ്ടെന്ന മുന്നറിയിപ്പാണ് ഇതുവഴി ഉദ്യോഗസ്ഥര്‍ക്ക് ലഭിച്ചിരിക്കുന്നത്.

കൊല്‍ക്കത്തയിലെത്തി ഏജന്‍സികള്‍ക്ക് പണം നല്‍കിയാണ് ബംഗ്ലാദേശികള്‍ പാസ്‌പോര്‍ട്ട് തരപ്പെടുത്തുന്നത്. ബംഗാളിലെ മേല്‍വിലാസത്തിലാണ് ഇവര്‍ക്ക് ഏജന്‍സി പാസ്‌പോര്‍ട്ട് അനുവദിക്കുന്നത്. തിരിച്ചറിയല്‍ കാര്‍ഡും ആധാര്‍ കാര്‍ഡും പാന്‍ കാര്‍ഡും വരെ എടുത്തു നല്‍കിയിട്ടുണ്ട്. പാസ്‌പോര്‍ട്ടില്‍ എമിഗ്രേഷന്‍ ക്ലിയറന്‍സും പതിച്ചു നല്‍കിയിട്ടുണ്ട്. ഇന്ത്യന്‍ പാസ്‌പോര്‍ട്ടില്‍ ഗള്‍ഫിലെത്തിയാല്‍ കൂടുതല്‍ ശമ്പളം കിട്ടുമെന്നതിനാലാണ് ബംഗ്ലാദേശികള്‍ വ്യാജരേഖ ചമച്ച് പാസ്‌പോര്‍ട്ട് തരപ്പെടുത്തി വിദേശത്തേക്ക് പോകുന്നത്. വ്യാഴാഴ്ച കൊച്ചിയില്‍ അറസ്റ്റിലായ മൂന്നുപേരും 2017 ഒക്ടോബറില്‍ ഇന്ത്യയിലെത്തിയതാണ്. ഹൈദരാബാദില്‍ വിവിധ ജോലികളില്‍ ഏര്‍പ്പെട്ടിരുന്ന ഇവര്‍ കൊല്‍ക്കത്തയിലെ ഒരു ഏജന്‍സിക്ക് ഒരു ലക്ഷം രൂപ വീതം നല്‍കിയാണ് യാത്രാരേഖകള്‍ തരപ്പെടുത്തിയത്.

ബുധനാഴ്ചയാണ് ഇവര്‍ ദുബായിലേക്ക് യാത്ര തിരിച്ചത്. സ്‌പെഷ്യല്‍ ബ്രാഞ്ച് ഡിവൈ.എസ്.പി. രവീന്ദ്രനാഥിന്റെ നേതൃത്വത്തില്‍ മൂന്നുപേരെയും വിശദമായി ചോദ്യം ചെയ്തു. തുടര്‍ന്ന് വിശദമായ അന്വേഷണത്തിനായി മൂന്നു പേരെയും ജില്ലാ ക്രൈംബ്രാഞ്ചിന് കൈമാറി.