കൊല്ലം: ബീച്ചിനു സമീപം ഇടിച്ചിട്ട് നിര്‍ത്താതെ പോയ കാറില്‍നിന്ന് ആയുധങ്ങളുമായി മൂന്നുപേര്‍ പോലീസ് പിടിയിലായി. പരവൂര്‍ പൂക്കുളം സുനാമി ഫ്‌ളാറ്റ് നമ്പര്‍ 30-ല്‍ വിനീത് (മണികണ്ഠന്‍-30), പുക്കുളം സുനാമി ഫ്‌ളാറ്റില്‍ സജിത്ത് (27), സജിത്ത് (ഉണ്ണി-34) എന്നിവരാണ് പിടിയിലായത്.

കൊല്ലം ബീച്ചിനു സമീപം നേതാജി നഗറില്‍വെച്ച് മഞ്ജു എന്ന സ്ത്രീയുടെ മകനെ ഇടിച്ചിട്ടശേഷം അസഭ്യംപറഞ്ഞ് നിര്‍ത്താതെ പോയ കാറിനെ പിന്തുടര്‍ന്ന് പരിശോധിച്ചപ്പോഴാണ് ആയുധങ്ങള്‍ കണ്ടെത്തിയതെന്ന് പോലീസ് പറഞ്ഞു. കണ്‍ട്രോള്‍ റൂം പോലീസ് സംഘവും കൊല്ലം ഈസ്റ്റ് പോലീസും ചേര്‍ന്ന് കൊച്ചുപിലാംമൂട് ജങ്ഷനില്‍വെച്ചാണ് ഇവരെ പിടികൂടിയത്. വടിവാള്‍ ഉള്‍പ്പെടെയുള്ള ആയുധങ്ങളാണ് കണ്ടെത്തിയത്.

തുടര്‍ന്ന് പ്രതികളെ പോലീസ് സ്റ്റേഷനിലേക്ക് മാറ്റി. ജില്ലയിലെ വിവിധ പോലീസ് സ്റ്റേഷനുകളില്‍ ഇവരുടെ പേരില്‍ കേസുകള്‍ നിലവിലുണ്ടെന്ന് പോലീസ് പറഞ്ഞു.

കൊല്ലം ഈസ്റ്റ് ഇന്‍സ്‌പെക്ടര്‍ ആര്‍.രതീഷ്, സബ്ബ് ഇന്‍സ്‌പെക്ടര്‍മാരായ ആര്‍.രതീഷ്‌കുമാര്‍, അഭിലാഷ്, യേശുദാസ്, എസ്.സി.പി.ഒ. രാജീവ്, സി.പി.ഒ.മാരായ രമേശന്‍, ശ്രീജിത്ത് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്. ഇവരെ റിമാന്‍ഡ് ചെയ്തു.